“റൊണാൾഡോയുടെത് ശരിയായ തീരുമാനം, മിഡിൽ ഈസ്റ്റാണ് ഫുട്ബോളിന്റെ ഭാവി”

യൂറോപ്യൻ ഫുട്ബോളിൽ ഇനിയും തിളങ്ങാൻ കഴിയുമായിരുന്നിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത് താരത്തിന്റെ ആരാധകർക്ക് നിരാശയുണ്ടാക്കിയ തീരുമാനമായിരുന്നു. മുപ്പത്തിയെട്ടാം വയസിലേക്ക് നീങ്ങുന്ന താരം ഇനിയും ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഉണ്ടാകുമെന്നും മികച്ച പ്രകടനം നടത്തി തിരിച്ചു വരുമെന്നും ആരാധകർ പ്രതീക്ഷിച്ചെങ്കിലും അതൊന്നും സംഭവിച്ചില്ല.

ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിൽ എത്തിയത്. യൂറോപ്പിൽ നിന്നും മറ്റു ലീഗുകളിൽ നിന്നും ഓഫറുകൾ ഉണ്ടായിട്ടും അതൊന്നും റൊണാൾഡോ തിരഞ്ഞെടുക്കാതിരുന്നത് പ്രതിഫലം മോഹിച്ചാണെന്ന് പലരും വിധിയെഴുതി. എന്നാൽ താരത്തിന്റെ തീരുമാനം ശരിയായ ഒന്നായിരുന്നുവെന്നാണ് യുവന്റസിന്റെയും ബാഴ്‌സയുടെയും മുൻ താരമായ പ്യാനിച്ച് പറയുന്നത്.

യുവന്റസിൽ മികച്ച പ്രകടനം നടത്തിയിരുന്ന പ്യാനിച്ച് അതിനു ശേഷം ബാഴ്‌സയിലേക്ക് ചേക്കേറിയെങ്കിലും തിളങ്ങാൻ കഴിഞ്ഞില്ല. അതിനു ശേഷം ഒരു സീസണിൽ തുർക്കിഷ് ക്ലബായ ബേസിക്റ്റസിൽ കളിച്ച താരം ഇപ്പോൾ മിഡിൽ ഈസ്റ്റിലാണുള്ളത്. യുഎഇ ക്ലബായ അൽ ഷാർജായുടെ കളിക്കാരനായ പ്യാനിച്ച് മിഡിൽ ഈസ്റ്റിലാണ് ഫുട്ബോളിന്റെ ഭാവിയെന്നാണ് റൊണാൾഡോ ട്രാൻസ്‌ഫറിൽ പ്രതികരിച്ചത്.

“വളരെയധികം അഭിനിവേശമുള്ള ക്ലബായ അൽ നസ്റിലാണ് റൊണാൾഡോ ചേക്കേറിയത്. മിഡിൽ ഈസ്റ്റ് ഫുട്ബോളിന്റെ ഭാവിയാണെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. ഒരുപാട് നൽകാൻ ഇവർക്ക് കഴിയുമെങ്കിലും അതിന്റെ ഏറ്റവും മികച്ച രൂപത്തിൽ ഇപ്പോഴുമെത്തിയിട്ടില്ല. റൊണാൾഡോയുടെ തീരുമാനം എന്നെ ഞെട്ടിച്ചില്ല. അറേബ്യയിൽ നിങ്ങൾ കരുതുന്നതു പോലെ കാര്യങ്ങൾ അത്രയെളുപ്പമല്ല. താരത്തിന്റെ തീരുമാനം ഒരുപാട് വളർച്ചക്ക് കാരണമാകുമെന്ന് ഞാൻ കരുതുന്നു.” ബോസ്‌നിയൻ താരം പറഞ്ഞു.

യൂറോപ്യൻ ഫുട്ബോളിൽ മികച്ച പ്രകടനം നടത്തിയിരുന്ന നിരവധി താരങ്ങൾ ഇപ്പോൾ മിഡിൽ ഈസ്റ്റ് ക്ലബുകളിൽ കളിക്കുന്നുണ്ട്. റൊണാൾഡോ എത്തിയതിനു ശേഷം നിരവധി വമ്പൻ താരങ്ങളെ എത്തിക്കാനുള്ള ശ്രമം സൗദി ക്ലബുകൾ നടത്തുന്നു. മിഡിൽ ഈസ്റ്റിലെ മറ്റു രാജ്യങ്ങളിലെ ക്ലബുകളും ഇതേ പോലെ ശ്രമം നടത്തിയാൽ അത് മേഖലയിലെ ഫുട്ബോൾ വളർന്നു വരാൻ കാരണമാകുമെന്നതിൽ സംശയമില്ല.