റയൽ മാഡ്രിഡിൽ ബ്രസീലിയൻ വസന്തം, മറ്റൊരു ബ്രസീൽ താരം കൂടി ഫസ്റ്റ് ടീമിലേക്ക്

ബ്രസീലിയൻ താരങ്ങൾക്ക് കുറച്ചു കാലമായി റയൽ മാഡ്രിഡ് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. നേരത്തെ മാഴ്‌സലോ, കസമീറോ തുടങ്ങിയ കളിക്കാർ ടീമിലുണ്ടായിരുന്നു. ഇവർ രണ്ടു പേരും ടീം വിട്ടെങ്കിലും ഇപ്പോൾ എഡർ മിലിറ്റാവോ, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ തുടങ്ങിയ കളിക്കാർ ടീമിലെ പ്രധാന താരങ്ങളാണ്. ഇതിനിടയിൽ റെയ്‌നിയറെ റയൽ മാഡ്രിഡ് സ്വന്തമാക്കിയെങ്കിലും താരത്തിന് ടീമിനൊപ്പം തിളങ്ങാൻ കഴിഞ്ഞില്ല.

ഇതിനിടയിൽ ബ്രസീലിയൻ ഫുട്ബോളിലെ ഭാവി വാഗ്‌ദാനമായി അറിയപ്പെടുന്ന എൻഡ്രിക്കിനെ റയൽ മാഡ്രിഡ് സ്വന്തമാക്കി. താരം പതിനെട്ടു വയസ് കഴിഞ്ഞതിനു ശേഷം റയൽ മാഡ്രിഡ് ടീമിനൊപ്പം ചേരും. അതിനു പിന്നാലെ ഇപ്പോൾ ജൂനിയർ ടീമിൽ കളിക്കുന്ന ഒരു ബ്രസീലിയൻ താരത്തെ സ്‌പാനിഷ്‌ സൂപ്പർകപ്പ് ഫൈനലിനു മുന്നോടിയായി ഫസ്റ്റ് ടീമിലേക്ക് പരിഗണിക്കാൻ തുടങ്ങുകയാണ് റയൽ മാഡ്രിഡ്. സീനിയർ ടീം താരങ്ങളുടെ പരിക്കാണ് ഇതിനു കാരണം.

നിലവിൽ റയൽ മാഡ്രിഡ് പ്രതിരോധത്തിൽ കളിക്കുന്ന ഡേവിഡ് അലബ, ലൂക്കാസ് വാസ്‌ക്വസ് എന്നീ താരങ്ങളും മധ്യനിരയിലെ ഷുവാമേനിയും പരിക്കിന്റെ പിടിയിലാണ്. വാസ്‌ക്വസ് പരിക്കേറ്റു പുറത്തു പോയതോടെ ഡാനി കർവാഹാൾ മാത്രമാണ് റൈറ്റ് ബാക്കായി ടീമിലുള്ളത്. മറ്റൊരു റൈറ്റ്‌ബാക്കായ അൽവാരോ ഓഡ്രിയോസോളോ ഒട്ടും ഫോമിലല്ലെന്നത് റയൽ മാഡ്രിഡിന് ഫൈനലിൽ തലവേദന നൽകുന്നു.

ഈ സാഹചര്യത്തിൽ റൗൾ ഗോൺസാലസ് പരിശീലകനായ റയൽ മാഡ്രിഡ് യൂത്ത് ടീമായ കാസ്റ്റിയ്യയിൽ നിന്നും ബ്രസീലിയൻ ഫുൾ ബാക്കായ വിനീഷ്യസ് ടോബിയാസിനെ ഫസ്റ്റ് ടീമിലേക്ക് പരിഗണിക്കാൻ റയൽ മാഡ്രിഡ് ഒരുങ്ങുന്നുവെന്ന് മാർക്ക റിപ്പോർട്ടു ചെയ്യുന്നു. ഷക്തറിൽ നിന്നും നിലവിൽ ലോണിലാണ് ടോബിയാസ് റയൽ മാഡ്രിഡിൽ കളിക്കുന്നത്. ലോൺ ഡീൽ കഴിഞ്ഞാൽ താരം സ്ഥിരം ട്രാൻസ്‌ഫറിൽ റയൽ മാഡ്രിഡിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

കാസ്റ്റിയ്യക്ക് വേണ്ടി ടോബിയാസ് നടത്തുന്ന പ്രകടനം വളരെയധികം പ്രശംസ പിടിച്ചു പറ്റുന്നുണ്ട്. ഫസ്റ്റ് ടീമിൽ കയറിപ്പറ്റി ആൻസലോട്ടിയുടെ വിശ്വാസ്യത പിടിച്ചു പറ്റിയാൽ താരത്തിന് ഇനിയുള്ള മത്സരങ്ങളിൽ അവസരം ലഭിക്കാനും സീനിയർ ടീമിൽ സ്ഥിരമായി ഇടം നേടാനും സാധ്യതയുണ്ട്. അങ്ങിനെയാണെങ്കിൽ ഏതാനും വർഷങ്ങൾക്ക് ശേഷം ബ്രസീലിയൻ താരങ്ങളുടെ ആധിപത്യമുള്ള ഒരു റയൽ മാഡ്രിഡിനെയാവും കാണാനാവുക.