പോർച്ചുഗൽ ടീമിനൊപ്പം റൊണാൾഡോ ഇനിയുമുണ്ടാകുമോ, പരിശീലകന്റെ മറുപടിയിങ്ങിനെ

ആറര കൊല്ലം ബെൽജിയം ടീമിന്റെ പരിശീലകനായി അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുള്ള ടീമിനെ ലഭിച്ചിട്ടും ഒരു കിരീടം പോലും സ്വന്തമാക്കി നൽകാൻ കഴിയാത്ത പരിശീലകനാണ് റോബർട്ടോ മാർട്ടിനസെങ്കിലും പോർച്ചുഗൽ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ വരവിൽ ആരാധകർക്ക് പ്രതീക്ഷയുണ്ട്. ഫെർണാണ്ടോ സാന്റോസിനെപ്പോലെ മികച്ച താരങ്ങളെ വെച്ച് പ്രതിരോധത്തിലേക്ക് വലിയുന്ന ഫുട്ബോൾ കളിയ്ക്കാൻ മാർട്ടിനസ് തയ്യാറാവില്ലെന്നതു തന്നെയാണ് അതിനു കാരണം.

മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന നിരവധി താരങ്ങളുള്ള ടീമാണ് പോർച്ചുഗൽ. ലോകകപ്പിൽ ഹാട്രിക്ക് നേടിയ ഗോൺകാലോ റാമോസ്, ഫെലിക്‌സ്, ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, റൂബൻ ഡയസ്, നുനോ മെൻഡസ്, ജോവോ കാൻസലോ തുടങ്ങി പ്രതിഭയുള്ള താരങ്ങളുടെ ഒരു നിര തന്നെ പോർച്ചുഗൽ ടീമിലുണ്ട്. അതിനൊപ്പം പെപ്പെ, റൊണാൾഡോ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളുള്ള ഒരു മികച്ച ടീമിനെയാണ് മാർട്ടിനസിനു ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പോർച്ചുഗൽ പരിശീലകനായി ചുമതല ഏറ്റെടുത്തതിനു ശേഷം റൊണാൾഡോയെക്കുറിച്ചുള്ള ചോദ്യം റോബർട്ടോ മാർട്ടിനസ് നേരിടുകയുണ്ടായി. ലോകകപ്പ് ടീമിലുള്ള എല്ലാ താരങ്ങളെയും താൻ ബന്ധപ്പെടുമെന്നും റൊണാൾഡോയും അതിലൊരാളാണെന്നുമാണ് ഇതിനെക്കുറിച്ച് മാർട്ടിനസ് പ്രതികരിച്ചത്.പത്തൊൻപതു വർഷമായി ദേശീയടീമിനൊപ്പമുള്ള റൊണാൾഡോ ബഹുമാനം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോർച്ചുഗൽ ടീമിന്റെ കോച്ചിങ് സ്റ്റാഫുകളെക്കുറിച്ചും ടീമിന്റെ ഘടന എങ്ങിനെയാകണമെന്നും കൃത്യമായ ധാരണയുണ്ടെന്നു പറഞ്ഞ മാർട്ടിനസ് ഒരു മുൻ പോർച്ചുഗൽ താരത്തെ അസിസ്റ്റന്റായി വെക്കുമെന്നും പറഞ്ഞു. പോർച്ചുഗൽ ടീമിൽ അദ്ദേഹത്തിന് പ്രാധാന്യമുള്ള ചുമതല നിർവഹിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. റൊണാൾഡോ അടക്കമുള്ള താരങ്ങൾക്ക് അവസരം ഉണ്ടാകുമെന്നും കൃത്യമായ പദ്ധതികളുമായാണ് പോർച്ചുഗൽ ടീമിലെത്തിയതെന്നും അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ടോപ് സ്കോററായ റൊണാൾഡോ ഈ സീസണിൽ പക്ഷെ മോശം ഫോമിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടിയും പോർചുഗലിനു വേണ്ടിയും മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന താരം ഒടുവിൽ സൗദി ക്ലബ്ബിലേക്ക് ചേക്കേറി. അവിടെ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞാൽ മാത്രമേ 2024 യൂറോ കപ്പിൽ കളിക്കാൻ ലക്ഷ്യമിടുന്ന താരത്തിനു പോർചുഗലിലെ തന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിയൂ.