പ്രീമിയർ ലീഗ് ക്ലബുമായി പിഎസ്‌ജി ഉടമകൾ ചർച്ചകൾ നടത്തുന്നു |PSG

ലോകഫുട്ബോളിൽ മിഡിൽ ഈസ്റ്റിന്റെ പണം വളരെയധികം ഒഴുകിപ്പരക്കുന്ന കാലഘട്ടമാണിത്. യൂറോപ്പിലെ നിരവധി ക്ലബുകൾ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ സ്വന്തമാക്കി. ഖത്തർ സ്വന്തമാക്കിയ ഫ്രഞ്ച് ക്ലബായ പിഎസ്‌ജി, യുഎഇയിൽ നിന്നുള്ള ഗ്രൂപ്പിന്റെ മാഞ്ചസ്റ്റർ സിറ്റി എന്നിവക്കു പുറമെ അടുത്തിടെ സൗദി അറേബ്യ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിനെയും സ്വന്തമാക്കിയിരുന്നു.

കായികമേഖലയിലെ പ്രൊജക്റ്റുകളിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് താൽപര്യമുണ്ടെന്ന് അവർ ഫുട്ബോളിൽ നടത്തുന്ന നിക്ഷേപം വ്യക്തമാക്കുന്നു. യുഎഇ ആസ്ഥാനമായുള്ള സിറ്റി ഗ്രൂപ്പിന് ഇപ്പോൾ തന്നെ വിവിധ രാജ്യങ്ങളിലായി നിരവധി ക്ലബുകൾ സ്വന്തമായുണ്ട്. ന്യൂയോർക്ക് സിറ്റി, മാഞ്ചസ്റ്റർ സിറ്റി, ജിറോണ എഫ്‌സി, മെൽബൺ സിറ്റി, മുംബൈ സിറ്റി എന്നിങ്ങനെ വിവിധ രാജ്യങ്ങളിലുള്ള ഈ ക്ലബുകൾ അവിടെ മികച്ച പ്രകടനമാണ് നടത്തുന്നത്.

ഇപ്പോൾ സിറ്റി ഗ്രൂപ്പിന്റെ പാത പിന്തുടർന്ന് തങ്ങളുടെ ക്ലബുകളെയും വികസിപ്പിക്കാനുള്ള പദ്ധതി അവലംബിക്കുകയാണ് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയുടെ ഉടമകളായ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പ്. പിഎസ്‌ജിക്കു പുറമെ പോർച്ചുഗീസ് ക്ലബായ ബ്രാഗയിലും നിക്ഷേപമുള്ള ഇവർ ഇപ്പോൾ പ്രീമിയർ ലീഗിലേക്കാണ് ചുവടു വെക്കാൻ ഒരുങ്ങുന്നത്. പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്‌പറിന്റെ ചെയർമാനായ ഡാനിയൽ ലെവിയുമായി പിഎസ്‌ജി ചെയർമാൻ കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു.

നിലവിൽ ക്ലബ്ബിനെ മുഴുവനായും വാങ്ങാനുള്ള പദ്ധതി അവർക്കില്ല. ഒരു ബില്യൺ പൗണ്ട് ടോട്ടനത്തിൽ നിക്ഷേപം നടത്താനാണ് അവർക്കു പദ്ധതിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ടോട്ടനത്തിനും ഇതിൽ താൽപര്യമുള്ളതിനാൽ ഇത് സംഭവിക്കാൻ തന്നെയാണ് സാധ്യത. അതു നടന്നില്ലെങ്കിൽ പ്രീമിയർ ലീഗിൽ വിൽക്കാൻ സാധ്യതയുള്ള ക്ലബുകളായി കരുതപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നിവയുമായും പിഎസ്‌ജി ചെയർമാൻ ബന്ധപ്പെടാനുള്ള സാധ്യതയുണ്ട്.

ഫുട്ബോൾ മേഖലയിൽ മിഡിൽ ഈസ്റ്റ് പിടിമുറുക്കാൻ തുടങ്ങിയെന്നും യൂറോപ്പിന്റെ അപ്രമാദിത്വം കുറഞ്ഞു തുടങ്ങുന്നു എന്നതെല്ലാം ഇത് വ്യക്തമാക്കുന്നു. ഖത്തറിൽ വെച്ച് നടന്ന ലോകകപ്പും അതിനൊരു ഉദാഹരണമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് ചേക്കേറിയതും ഇതിനൊപ്പം ചേർത്ത് വായിക്കാം. ഇതിനു പുറമെ 2030 ലോകകപ്പ് നടത്താനുള്ള ശ്രമങ്ങളും സൗദി അറേബ്യ നടത്തുന്നുണ്ട്.