പതിനൊന്നു വർഷത്തിനു ശേഷം ഡീഗോ സിമിയോണി അത്ലറ്റികോ മാഡ്രിഡ് വിടുന്നു

അത്ലറ്റികോ മാഡ്രിഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകനാണ് അർജന്റീനിയൻ മാനേജർ ഡീഗോ സിമിയോണിയെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. കടുത്ത പ്രതിരോധശൈലിയിൽ ടീമിനെ അണിനിരത്തുന്നതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും അത്ലറ്റികോ മാഡ്രിഡിനെ യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാക്കി സിമിയോണി തന്നെയാണ്. നിരവധി കിരീടങ്ങളും അദ്ദേഹം ടീമിനൊപ്പം സ്വന്തമാക്കി.

എന്നാൽ പതിനൊന്നു വർഷമായി അത്ലറ്റികോ മാഡ്രിഡിന്റെ പരിശീലകനായി തുടരുന്ന ഡീഗോ സിമിയോണി ഈ സീസൺ കൂടിയേ ക്ലബിനൊപ്പം ഉണ്ടാകൂവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്‌പാനിഷ്‌ മാധ്യമമായ എൽ ചിരിങ്കുയിറ്റോയാണ് ഈ സീസണു ശേഷം സിമിയോണി ക്ലബ് വിടാൻ സാധ്യതയുണ്ടെന്നു വെളിപ്പെടുത്തിയത്. ഒരു വർഷം കൂടി കരാർ ബാക്കി നിൽക്കെയാണ് ഈ തീരുമാനം.

ക്ലബ് വിടാനുള്ള തന്റെ തീരുമാനം അത്ലറ്റികോ മാഡ്രിഡ് നേതൃത്വത്തെ സിമിയോണി അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇക്കാര്യത്തിൽ ക്ലബ് നേതൃത്വം എന്തു തീരുമാനമാണ് എടുക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. താരം തുടരണമെന്നു തന്നെയാകും അത്ലറ്റികോ മാഡ്രിഡ് നേതൃത്വം ആഗ്രഹിക്കുന്നുണ്ടാവുക. അത്രയധികം നേട്ടങ്ങൾ ക്ലബിന് സ്വന്തമാക്കി നൽകിയ അദ്ദേഹം ലീഗിലെ ടോപ് ത്രീ ടീമുകളിലൊന്നായി അവരെ മാറ്റുകയും ചെയ്‌തു.

അത്ലറ്റികോ മാഡ്രിഡ് പരിശീലകനായി എത്തിയതിനു ശേഷം ഫുൾ സീസൺ പരിശീലിപ്പിച്ചപ്പോഴെല്ലാം ചാമ്പ്യൻസ് ലീഗ് യോഗ്യത ടീമിന് നേടിക്കൊടുത്ത സിമിയോണി രണ്ടു ലീഗ് കിരീടങ്ങൾ ക്ലബിനായി നേടി. രണ്ടു തവണ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച ടീം ഒരിക്കൽ വിജയത്തിന്റെ തൊട്ടരികിൽ വരെയെത്തിയാണ് തോൽവി വഴങ്ങിയത്. അതിനു പുറമെ ഒരു കോപ്പ ഡെൽ റേ, രണ്ടു യൂറോപ്പ ലീഗ്, രണ്ടു യൂറോപ്യൻ സൂപ്പർകപ്പ്, ഒരു സ്പാനിഷ് സൂപ്പർകപ്പ് എന്നിവയും സിമിയോണി നേടി.

സിമിയോണി പോവുകയാണെങ്കിൽ അത്ലറ്റികോ മാഡ്രിഡ് താരമായ ജോവാ ഫെലിക്‌സ് ടീമിലേക്ക് തിരിച്ചു വരാൻ അത് വഴിയൊരുക്കും. സിമിയോണിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം ജനുവരിയിൽ ചെൽസിയിലേക്ക് ലോണിൽ ചേക്കേറാനിരിക്കയാണ് പോർച്ചുഗൽ താരം. പുതിയ പരിശീലകൻ എത്തുകയാണെങ്കിൽ താരം അടുത്ത സീസണിൽ തിരിച്ചു വരാനുള്ള സാധ്യതയുണ്ട്.