എവിടെയാണെങ്കിലും മെസ്സിയുണ്ടെങ്കിൽ അദ്ദേഹം തന്നെയാണ് നിർണായക താരം, കാര്യങ്ങൾ വളരെ എളുപ്പമായിരിക്കും : സിമയോണി

35ആം വയസ്സിലും ലിയോ മെസ്സി ഏവരേയും അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. തന്റെ പ്രകടനമികവ് ഒരല്പം പോലും കുറഞ്ഞിട്ടില്ല എന്നുള്ളത് ലയണൽ മെസ്സി ഇപ്പോഴും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് വേൾഡ് കപ്പ് കിരീടവും വേൾഡ് കപ്പ് ഗോൾഡൻ ബോളും മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. എട്ടാമത്തെ ബാലൺഡി’ഓറും മെസ്സി ഈ വർഷം സ്വന്തമാക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ലയണൽ മെസ്സിയെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പരിശീലകനാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ അർജന്റൈൻ പരിശീലകനായ ഡിയഗോ സിമയോണി. മുമ്പ് പലപ്പോഴും അദ്ദേഹം ലയണൽ മെസ്സിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. മെസ്സിയില്ലാത്ത ബാഴ്സ ഭീഷണി കുറഞ്ഞതാണ് എന്നുള്ള ഒരു പ്രസ്താവനയും അദ്ദേഹം നടത്തുകയും ചെയ്തിരുന്നു.

മാത്രമല്ല ലയണൽ മെസ്സിയെ കുറിച്ച് മറ്റു പല കാര്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ലിയോ മെസ്സി എവിടെയാണെങ്കിലും അദ്ദേഹം നിർണായക താരമായിരിക്കും എന്നാണ് സിമയോണി പറഞ്ഞിട്ടുള്ളത്. മെസ്സിയുണ്ടെങ്കിൽ കാര്യങ്ങളെല്ലാം വളരെ എളുപ്പമാവുമെന്നും സിമയോണി കൂട്ടിച്ചേർത്തു.

‘ ലയണൽ മെസ്സി എവിടെയാണെങ്കിലും അദ്ദേഹം തന്നെയായിരിക്കും അവിടുത്തെ നിർണായക താരം. അദ്ദേഹം അർജന്റീനയുടെ ദേശീയ ടീമിലാണെങ്കിലും പിഎസ്ജിയിലാണെങ്കിലും ബാഴ്സയിലാണെങ്കിലുമൊക്കെ മെസ്സി തന്നെയായിരിക്കും അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട താരം. മെസ്സിയുടെ സവിശേഷതകൾ ഉള്ള ഒരു താരം ഉണ്ടെങ്കിൽ നിങ്ങൾ വിജയിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഞാൻ മറഡോണക്കൊപ്പം കളിച്ച സമയത്ത് ഞങ്ങൾ പരാജയപ്പെടാനുള്ള സാധ്യത കുറവായിരുന്നു. കാരണം ഏറ്റവും മികച്ച താരം അന്ന് ഞങ്ങളോടൊപ്പം ആയിരുന്നു. അതായത് മികച്ച താരം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ നിങ്ങൾക്ക് കാര്യങ്ങൾ എളുപ്പമായിരിക്കും ” ഇതാണ് സിമയോണി പറഞ്ഞത്.

ഇന്ന് സ്പാനിഷ് ലീഗിൽ നടക്കുന്ന മത്സരത്തിൽ ബാഴ്സയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി 1:30ന് അത്ലറ്റിക്കോയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.ഇന്ന് ബാഴ്സലോണക്ക് ജയിക്കാൻ കഴിഞ്ഞാൽ റയൽ മാഡ്രിഡുമായി വ്യക്തമായ ലീഡോട്കൂടി മൂന്ന് പോയിന്റ് വ്യത്യാസത്തോടെ ഒന്നാം സ്ഥാനത്തുതന്നെ തുടരാൻ കഴിയും, നിലവിൽ 15 മത്സരങ്ങളിൽ 38 പോയിന്റ്മായി ബാഴ്സലോണ ഒന്നാമതും ഒരു മത്സരം അധികം കളിച്ച് 16 മത്സരങ്ങളിൽ നിന്നും അത്രയും പോയിന്റുകളുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണ്.15 മത്സരങ്ങളിൽ 27 പോയിന്റ്കളുമായി നാലാം സ്ഥാനത്താണ് അത്‌ലറ്റികോ മാഡ്രിഡ്.