ബ്രസീൽ ടീമിന്റെ പരിശീലകനാവാൻ പെപ് ഗാർഡിയോളയെ സമീപിച്ച് റൊണാൾഡോ |Brazil

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന് മുന്നേ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീമുകളിൽ ഒന്നായിരുന്നു ഒന്നാം റാങ്കുകാരായ ബ്രസീൽ. അത്രയും താരസമ്പന്നമായ നിരയുമായായിരുന്നു ബ്രസീൽ വന്നിരുന്നത്.പക്ഷെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിന് അടിതെറ്റി. യൂറോപ്പ്യൻ ടീമായ ക്രൊയേഷ്യയാണ് ബ്രസീലിനെ പരാജയപ്പെടുത്തിയത്.

ഇതിന് പിന്നാലെ ബ്രസീലിന്റെ പരിശീലകനായ ടിറ്റെ ആ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. വേൾഡ് കപ്പിന് ശേഷം ബ്രസീലിന്റെ പരിശീലകനാവില്ല എന്നുള്ളത് നേരത്തെ തന്നെ ടിറ്റെ അറിയിച്ചിട്ടുള്ള ഒരു കാര്യമായിരുന്നു.നിലവിൽ ബ്രസീലിന് ഒരു പരിശീലകൻ ഇല്ല.അതിനുവേണ്ടിയുള്ള അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഒരു വാർത്ത ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് സൂപ്പർ പരിശീലകനായ പെപ് ഗ്വാർഡിയോളയെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാൻ ബ്രസീലിന് താല്പര്യമുണ്ട്. അതിനുവേണ്ടി ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ പെപ് ഗ്വാർഡിയോളയെ സമീപിച്ചിരുന്നു. യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ ഏജന്റുമാരെയായിരുന്നു റൊണാൾഡോ സമീപിച്ചിരുന്നത്.ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകൻ ആവാൻ താല്പര്യമുണ്ടോ എന്നായിരുന്നു അന്വേഷിച്ചിരുന്നത്.

പക്ഷേ ഈ അവസരം ഇപ്പോൾ പെപ് നിരസിച്ചതായും അറിയാൻ സാധിക്കുന്നുണ്ട്. നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനാണ് പെപ്.അവിടെത്തന്നെ തുടരാനാണ് അദ്ദേഹം ഇപ്പോൾ ഉദ്ദേശിക്കുന്നത്.ഇതുവരെ ദേശീയ ടീമുകളെ പരിശീലിപ്പിക്കാത്ത വ്യക്തിയാണ് പെപ്. ടീമിനെ പരിശീലിപ്പിക്കാൻ ആഗ്രഹമുണ്ട് എന്നുള്ളത് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നുവെങ്കിലും ഉടനടി അത് നടപ്പിലാക്കാൻ പെപ് ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് ബ്രസീലിലേക്കുള്ള ക്ഷണം ഇപ്പോൾ അദ്ദേഹം നിരസിച്ചിരിക്കുന്നത്.

2024 വരെയുള്ള ഒരു കരാറാണ് നിലവിൽ ഇദ്ദേഹത്തിന് സിറ്റിയുമായി ഉള്ളത്. ബ്രസീൽ പരിശീലക സ്ഥാനത്തേക്ക് ഒരുപാട് വലിയ പരിശീലകളുടെ പേരുകൾ ഇപ്പോൾ കേൾക്കുന്നുണ്ട്.സിനദിൻ സിദാൻ എത്തിയേക്കും എന്നുള്ള റൂമറുകൾ സജീവമാണ്. അതേസമയം ബ്രസീലിയൻ പരിശീലകനായ ഏബൽ ഫെരേരക്കും വലിയ സാധ്യതകൾ പലരും കൽപ്പിക്കുന്നുണ്ട്.