വേൾഡ് കപ്പിൽ ഫ്രാൻസിനെയായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്,ലയണൽ മെസ്സിക്ക് മെസ്സേജ് അയച്ചില്ല: കാർലോസ് ടെവസിന്റെ വെളിപ്പെടുത്തൽ

ഒരു വലിയ ഇടവേളക്ക് ശേഷം വേൾഡ് കപ്പ് കിരീടം തങ്ങളുടെ ജന്മ നാട്ടിലേക്ക് എത്തിക്കാൻ അർജന്റീന താരങ്ങൾക്ക് സാധിച്ചിരുന്നു.ഫൈനൽ മത്സരത്തിൽ ഫ്രാൻസ് ആയിരുന്നു അർജന്റീനക്ക് മുന്നിൽ മുട്ടുമടക്കിയത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ പലരും അർജന്റീനയെ എഴുതിത്തള്ളിയിരുന്നുവെങ്കിലും പിന്നീട് അർജന്റീനയുടെ തിരിച്ചുവരവ് കണ്ട് പലരും അന്താളിക്കുകയായിരുന്നു.

അർജന്റീനയുടെ ഈ വേൾഡ് കപ്പ് നേട്ടം എല്ലാ അർജന്റീനക്കാർക്കും അവരുടെ ഇതിഹാസങ്ങൾക്കും മുൻ താരങ്ങൾക്കും സന്തോഷമാണ് നൽകിയിട്ടുള്ളത്. അർജന്റീനക്ക് വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള ഒരു സൂപ്പർതാരമാണ് കാർലോസ് ടെവസ്‌. അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി 76 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. മാത്രമല്ല നിലവിൽ അർജന്റീന ക്ലബ്ബ് ആയ റൊസാരിയോ സെൻട്രലിന്റെ പരിശീലകൻ കൂടിയാണ് അദ്ദേഹം.

ഖത്തർ വേൾഡ് കപ്പിനെ കുറിച്ച് അദ്ദേഹം ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. വേൾഡ് കപ്പിന് വലിയ രൂപത്തിൽ താൻ ഫോളോ ചെയ്തിരുന്നില്ലെന്നും എന്തെന്നാൽ ഫ്രാൻസിനെ ആയിരുന്നു താൻ ഇഷ്ടപ്പെട്ടിരുന്നത് എന്നുമായിരുന്നു ടെവസ് പറഞ്ഞിരുന്നത്. മാത്രമല്ല വേൾഡ് കപ്പ് കിരീടം നേടിയതിനുശേഷം ലയണൽ മെസ്സിക്ക് മെസ്സേജ് അയക്കാത്തതിന്റെ കാരണവും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

‘ ഞാൻ വലിയ രൂപത്തിൽ ഒന്നും തന്നെ ഖത്തർ വേൾഡ് കപ്പിനെ ഫോളോ ചെയ്തിരുന്നില്ല. പക്ഷേ ഫ്രാൻസിനെ ഞാൻ നന്നായി ഫോളോ ചെയ്തിരുന്നു.കാരണം ഞാൻ ഇഷ്ടപ്പെട്ടിരുന്ന ടീമാണ് അത്. വേൾഡ് കപ്പ് കിരീടം നേടിയതിനു ശേഷം മെസ്സിക്ക് ഞാൻ മെസ്സേജ് അയച്ചിരുന്നില്ല. കാരണം മെസ്സേജുകൾ കൊണ്ടും കോളുകൾ കൊണ്ടും അദ്ദേഹത്തിന്റെ ഫോൺ തിരക്കുപിടിച്ച ഒരു അവസ്ഥയിൽ ആയിരിക്കും എന്നുള്ളത് എനിക്കറിയാമായിരുന്നു.പക്ഷേ ലയണൽ മെസ്സിയുടെ ഗോളുകൾ എന്റെ കുട്ടികൾ വളരെയധികം ആഘോഷിച്ചത് എനിക്ക് സന്തോഷം നൽകിയ ഒരു കാര്യമായിരുന്നു ‘ കാർലോസ് ടെവസ് പറഞ്ഞു.

2004 മുതൽ 2015 വരെയാണ് ഇദ്ദേഹം അർജന്റീനയുടെ ദേശീയ ടീം ജഴ്സി അണിഞ്ഞിട്ടുള്ളത്.മാത്രമല്ല മാഞ്ചസ്റ്റർ സിറ്റിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഇദ്ദേഹം. അർജന്റീന ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിന്റെ ഇതിഹാസം കൂടിയാണ് കാർലോസ് ടെവസ്.