അനുമതി കൂടാതെയാണ് അർജന്റീനയിലേക്ക് പോയത്, അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും : എൻസോയോട് ബെൻഫിക്ക പരിശീലകൻ

കഴിഞ്ഞ മാസം സമാപിച്ച ഖത്തർ വേൾഡ് കപ്പിൽ ഏവരെയും അമ്പരപ്പിച്ച മികവായിരുന്നു അർജന്റീനയുടെ യുവതാരമായ എൻസോ ഫെർണാണ്ടസ് പുറത്തെടുത്തത്. എല്ലാ മത്സരങ്ങളിലും സ്ഥിരതയാർന്ന മികവ് പുലർത്താൻ എൻസോക്ക് സാധിച്ചു. അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് വേൾഡ് കപ്പിൽ ഏറ്റവും മികച്ച യുവ താരത്തിനുള്ള പുരസ്കാരം അദ്ദേഹം കരസ്ഥമാക്കിയതും.

എന്നാൽ പിന്നീട് അദ്ദേഹം തന്റെ ക്ലബ്ബായ ബെൻഫിക്കയിലേക്ക് മടങ്ങിയെത്തിയിരുന്നു. പക്ഷേ അവിടെ അധികം ചിലവഴിക്കാതെ ന്യൂഇയർ ആഘോഷിക്കാൻ വേണ്ടി ഉടൻതന്നെ തന്റെ ക്ലബ്ബിൽ നിന്നും എൻസോ അർജന്റീനയിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് ക്ലബ്ബിന്റെ രണ്ട് ട്രെയിനിങ് സെഷനുകൾ എൻസോ ഫെർണാണ്ടസ് നഷ്ടപ്പെടുത്തിയിരുന്നു.ഇത് മാധ്യമങ്ങൾ വിവാദമാക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ ഈ വിഷയത്തിൽ ബെൻഫിക്കയുടെ പരിശീലകനായ റോജർ ഷിമിറ്റ് കൂടുതൽ വ്യക്തതകൾ നൽകിയിട്ടുണ്ട്. അതായത് എൻസോ ഫെർണാണ്ടസ് ക്ലബ്ബിന്റെ അനുമതി ഇല്ലാതെയാണ് അർജന്റീനയിലേക്ക് പോയത് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇതിന്റെ അനന്തരഫലങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വരുമെന്നും ഷിമിറ്റ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഈ പരിശീലകൻ.

‘ അർജന്റീനയിലേക്ക് പോവാൻ എൻസോ ഫെർണാണ്ടസിന് ക്ലബ്ബ് അനുമതി നൽകിയിരുന്നില്ല. അദ്ദേഹം രണ്ട് ട്രെയിനിങ് സെഷനുകളാണ് അനുമതി ഇല്ലാതെ നഷ്ടപ്പെടുത്തിയത്.ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. അതുകൊണ്ടുതന്നെ ഇതിന്റെ അനന്തരഫലങ്ങൾ അദ്ദേഹം നേരിടേണ്ടി വരും. അത് എന്തൊക്കെയാണ് എന്നുള്ളത് പിന്നീട് വ്യക്തമാകും.ഈ താരത്തെ വിൽക്കാൻ ഞങ്ങൾ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. ക്ലബ്ബിലെ ആരും തന്നെ ഉദ്ദേശിക്കുന്നില്ല ‘ ബെൻഫിക്ക പരിശീലകൻ പറഞ്ഞു.

വേൾഡ് കപ്പിലെ അവാർഡ് ലഭിച്ചതോടുകൂടി എൻസോയുടെ മൂല്യം വളരെയധികം വർദ്ധിച്ചിരുന്നു. ചെൽസി താരത്തിന് വേണ്ടി രംഗത്ത് വരികയും എൻസോ പേഴ്സണൽ എഗ്രിമെന്റിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ റിലീസ് ക്ലോസ് നൽകാൻ ചെൽസി വിസമ്മതിച്ചതോടെ ഇപ്പോൾ ഈ ട്രാൻസ്ഫറിൽ പുരോഗതി ഒന്നും ഇല്ല.