പാർക്ക് ഡെസ് പ്രിൻസസിൽ വേൾഡ് കപ്പ് പ്രദർശിപ്പിക്കാൻ മെസ്സി ആവശ്യപ്പെട്ടു എന്നുള്ള കിംവദന്തികളിൽ പ്രതികരണവുമായി ഗാൾട്ടിയർ

2018ലെ റഷ്യൻ വേൾഡ് കപ്പ് ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയിരുന്നത്. ലയണൽ മെസ്സി തന്നെയാണ് അർജന്റീനയുടെ ഈ കിരീട ധാരണത്തിന് ചുക്കാൻ പിടിച്ചത്. ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം മെസ്സിയായിരുന്നു കരസ്ഥമാക്കിയിരുന്നത്. ലയണൽ മെസ്സി എന്ന ക്യാപ്റ്റന്റെ കീഴിലാണ് അർജന്റീന ഒരുപാട് കാലത്തിനു ശേഷം വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയിരിക്കുന്നത്.

പിന്നീട് മെസ്സി തന്റെ ക്ലബ്ബായ പിഎസ്ജിയിലേക്ക് തിരിച്ചെത്തുകയും ട്രെയിനിങ് സെന്ററിൽ ലയണൽ മെസ്സിക്ക് സഹതാരങ്ങൾ വരവേൽപ്പ് നൽകുകയും ചെയ്തിരുന്നു.ഗാർഡ് ഓഫ് ഹോണർ നൽകി കൊണ്ടാണ് ലയണൽ മെസ്സിയെ സഹതാരങ്ങൾ ആദരിച്ചത്. ഇനി മെസ്സി പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് നടക്കുന്ന അടുത്ത ലീഗ് വൺ മത്സരത്തിൽ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആങ്കേഴ്സിനെതിരെയാണ് അടുത്ത ലീഗ് വൺ മത്സരം. ആ മത്സരത്തിന് മുന്നേ പാർക്ക് ഡെസ് പ്രിൻസസിൽ വേൾഡ് കപ്പ് ട്രോഫി ആരാധകർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ലയണൽ മെസ്സി ക്ലബ്ബിനോട് ആവശ്യപ്പെട്ടു എന്നുള്ള കിംവദന്തികൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഇത് സത്യമല്ലെന്നും മെസ്സി അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല എന്നും പിഎസ്ജി പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ പറഞ്ഞിട്ടുണ്ട്. ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിനു മുന്നേയുള്ള പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പിഎസ്ജി പരിശീലകൻ.

‘ മെസ്സി ഞങ്ങളോടൊപ്പം പരിശീലനം നടത്തിയിട്ടുണ്ട്.പക്ഷേ ഇന്നത്തെ മത്സരത്തിൽ അദ്ദേഹം കളിക്കില്ല.അടുത്ത മത്സരത്തിനു വേണ്ടി അദ്ദേഹം തയ്യാറാണെന്ന് എന്നുള്ളത് ഞങ്ങൾ ഉറപ്പാക്കും.പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് കിരീടം പ്രദർശിപ്പിക്കണമെന്നോ ആഘോഷങ്ങൾ സംഘടിപ്പിക്കണമെന്നോ ലിയോ മെസ്സി ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല.പക്ഷേ ആരാധകർ അദ്ദേഹത്തിന് സ്വീകരണം നൽകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അങ്ങനെ നൽകാതിരിക്കാൻ ഇവിടെ യാതൊരുവിധ കാരണങ്ങളുമില്ല ‘ പിഎസ്ജി കോച്ച് പറഞ്ഞു.

ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ലയണൽ മെസ്സിയും സഹതാരങ്ങളും കിരീടം നേടിയിരുന്നത്. മാത്രമല്ല പിഎസ്ജിയുടെ സൂപ്പർതാരമായ കിലിയൻ എംബപ്പേക്കെതിരെ ലയണൽ മെസ്സിയുടെ അർജന്റീന സഹതാരമായ എമിലിയാനോ മാർട്ടിനസ് നടത്തിയ പ്രവർത്തികൾ ഒക്കെ വലിയ ചർച്ചയായിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ മെസ്സിയുടെ കിരീട നേട്ടം ആഘോഷിക്കുന്നതിൽ ചില പിഎസ്ജി ആരാധകർക്ക് എതിർപ്പുണ്ട് എന്നുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നു.