ഫ്രാൻസിനെ കീഴടക്കി കിരീടം നേടിയപ്പോളല്ല, ആ മത്സരം വിജയിച്ചപ്പോഴാണ് ഞങ്ങൾ ഏറ്റവും കൂടുതൽ ആഘോഷിച്ചത് : ടാഗ്ലിയാഫിക്കോ
സംഭവബഹുലമായിരുന്നു അർജന്റീനയുടെ വേൾഡ് കപ്പ് കിരീടത്തിലേക്കുള്ള ജൈത്രയാത്ര.ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടപ്പോൾ പലരും അർജന്റീനയെ എഴുതിത്തള്ളി.പക്ഷേ ഏവരെയും ഞെട്ടിച്ചുകൊണ്ട് അതിശക്തമായി തിരിച്ചു വന്ന അർജന്റീന വേൾഡ് കപ്പ് ട്രോഫി നേടിക്കൊണ്ടാണ് ഖത്തറിൽ നിന്നും മടങ്ങിയത്.
ഒട്ടേറെ പ്രതിബന്ധങ്ങൾ അതിനിടയിൽ ലയണൽ മെസ്സിയും സംഘവും തരണം ചെയ്തു. അതിൽ ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ചിരുന്നത് ഹോളണ്ടിനെതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരമായിരുന്നു. ഒരു ഘട്ടത്തിൽ അർജന്റീന വിജയം ഉറപ്പിച്ചിരുന്നുവെങ്കിലും പിന്നീട് തുടർച്ചയായ രണ്ടുഗോളുകൾ വഴങ്ങിയതോടെ അർജന്റീന പതറി. പക്ഷേ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന തങ്ങളുടെ കരുത്ത് തെളിയിക്കുകയായിരുന്നു.
ആ മത്സരത്തെക്കുറിച്ച് അർജന്റൈൻ സൂപ്പർ താരമായ നിക്കോളാസ് ടാഗ്ലിയാഫിക്കോ വിവരിച്ചിട്ടുണ്ട്. ഫ്രാൻസിനെ പരാജയപ്പെടുത്തി വേൾഡ് കപ്പ് കിരീടം നേടിയതിനേക്കാൾ കൂടുതൽ തങ്ങൾ ആഘോഷിച്ചത് ഹോളണ്ടിനെ പരാജയപ്പെടുത്തിയപ്പോഴാണ് എന്നാണ് ടാഗ്ലിയാഫിക്കോ പറഞ്ഞിട്ടുള്ളത്. അർജന്റീനയുടെ മാനസികമായ കരുത്താണ് തങ്ങളെ ലോക ചാമ്പ്യന്മാരാക്കിയതെന്നും ടാഗ്ലിയാഫിക്കോ കൂട്ടിച്ചേർത്തു.
‘ ഫ്രാൻസിന് പരാജയപ്പെടുത്തി കിരീടം നേടിയപ്പോൾ ആഘോഷിച്ചതിനേക്കാൾ കൂടുതൽ ഹോളണ്ടിന് പരാജയപ്പെടുത്തിയപ്പോൾ ഞങ്ങൾ ആഘോഷിച്ചിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.ഹോളണ്ടിനെതിരെ 2 ഗോളുകൾ വഴങ്ങിയപ്പോൾ ഞങ്ങൾക്കുണ്ടായിരുന്ന മാനസികാവസ്ഥ ഒരിക്കലും പറഞ്ഞ് അറിയിക്കാൻ സാധിക്കാത്ത ഒന്നാണ്. പക്ഷേ അർജന്റീനയുടെ മാനസികമായ കരുത്ത് ഞാൻ മറ്റൊരു ടീമിലും കണ്ടിട്ടില്ല. അത് തന്നെയാണ് ഞങ്ങളെ ലോക ചാമ്പ്യന്മാർ ആക്കിയത് ‘ ടാഗ്ലിയാഫിക്കോ പറഞ്ഞു.
بطل العالم نيكولاس تاليافيكو :"أشعر أننا احتفلنا بعد مباراة هولندا أكثر من مباراة فرنسا، أشعر اننا احتفلنا بها أكثر من فوزنا باللقب". pic.twitter.com/cnrqQwN05x
— بلاد الفضة 🏆 (@ARG4ARB) January 6, 2023
അർജന്റീന താരങ്ങൾ എല്ലാം മറന്ന് പോരാടിയതുകൊണ്ടാണ് വേൾഡ് കപ്പ് കിരീടം ലഭിച്ചത് എന്നുള്ള കാര്യത്തിൽ തർക്കങ്ങൾ ഒന്നുമുണ്ടാവില്ല. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിനു ശേഷം എല്ലാ മത്സരങ്ങളും അർജന്റീനക്ക് ജീവൻ മരണ പോരാട്ടമായിരുന്നു. ആ രൂപത്തിൽ എല്ലാ മത്സരങ്ങളെയും സമീപിച്ചത് തന്നെയാണ് അർജന്റീന കിരീടത്തിലേക്ക് നയിച്ചത്.