ഒന്നും അവസാനിച്ചിട്ടില്ല.. റാമോസ് ലാലിഗയിലേക്ക് തന്നെ മടങ്ങിയെത്തിയേക്കും

റയൽ മാഡ്രിഡ് ഇതിഹാസം എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ സാധിക്കുന്ന ഒരു താരമാണ് സെർജിയോ റാമോസ്. നീണ്ട വർഷങ്ങൾ റയൽ മാഡ്രിഡിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞിട്ടുള്ള താരമാണ് റാമോസ്. റയൽ നേടിയ ഒരുപാട് കിരീടങ്ങളിൽ റാമോസ് വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. പക്ഷേ 2021ൽ അദ്ദേഹം റയലിനോട് വിട പറയുകയായിരുന്നു.

ഫ്രീ ഏജന്റായി കൊണ്ട് റാമോസ് പിന്നീട് വന്നെത്തിയത് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയിലേക്കാണ്. പക്ഷേ ആദ്യ സീസണിൽ അദ്ദേഹത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കാരണം പരിക്ക് മൂലം വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമായിരുന്നു റാമോസിന് കളിക്കാൻ സാധിച്ചിരുന്നത്. ഈ സീസണിലാണ് റാമോസിന് ക്ലബ്ബിൽ ശരിക്കും കളിക്കാൻ അവസരം ലഭിക്കുന്നത്.

ഈ സീസണോടുകൂടി റാമോസിന്റെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കുകയും ചെയ്യും.ഈ കരാർ പുതുക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം കൈക്കൊള്ളാൻ പിഎസ്ജിക്ക് കഴിഞ്ഞിട്ടില്ല.നിലവിൽ ലയണൽ മെസ്സിയുടെ കരാർ പുതുക്കുന്നതിനാണ് ക്ലബ്ബ് മുൻഗണന നൽകിക്കൊണ്ടിരിക്കുന്നത്.റാമോസ് ക്ലബ്ബിൽ വലിയ ഇമ്പാക്ട് ഒന്നും ഉണ്ടാക്കാത്തതിനാൽ ഒരുപക്ഷേ പിഎസ്ജി അദ്ദേഹത്തെ പറഞ്ഞു വിട്ടേക്കും.

അങ്ങനെയാണെങ്കിൽ ഫ്രീ ഏജന്റായി കൊണ്ട് വരുന്ന സമ്മറിൽ സ്പാനിഷ് ക്ലബ്ബായ സെവിയ്യയിലേക്ക് തിരികെ വരാനാണ് ഇപ്പോൾ റാമോസ് ഉദ്ദേശിക്കുന്നത്. ഫിഷാജസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. റാമോസ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചിട്ടുള്ള ക്ലബ്ബ് കൂടിയാണ് സെവിയ്യ. അവിടെത്തന്നെ തന്റെ കരിയർ അവസാനിപ്പിക്കാനാണ് റാമോസ് ഉദ്ദേശിക്കുന്നത് എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.

പക്ഷേ നിലവിൽ സെവിയ്യ ഒരു സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ തന്റെ പഴയ ക്ലബ്ബിലേക്ക് തിരിച്ചെത്തണമെങ്കിൽ റാമോസ് തന്റെ സാലറി വലിയ തോതിൽ കുറയ്ക്കേണ്ടി വന്നേക്കും.റാമോസ് ലാലിഗയിലേക്ക് തിരികെ എത്തുകയാണെങ്കിൽ താരം റയൽ മാഡ്രിഡിന് നേരിടുന്ന ഒരു കാഴ്ച്ച ആരാധകർക്ക് കാണേണ്ടി വന്നേക്കും. മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ ക്ലബ്ബായ അൽ നസ്സ്റിനും താരത്തെ ആവശ്യമുണ്ട് എന്നുള്ള വാർത്തകൾ സജീവമായിരുന്നു.