ക്രിസ്റ്റ്യാനോയെ രജിസ്റ്റർ ചെയ്യാനാവാതെ വലഞ്ഞ് അൽ നസ്സ്ർ, രക്ഷക വേഷത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തുമോ ?

ഒരു വലിയ തുക സാലറിയായി വാഗ്ദാനം ചെയ്തുകൊണ്ടാണ് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ സ്വന്തമാക്കിയത്. സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു ട്രാൻസ്ഫറാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ സംഭവിച്ചത്. ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ തട്ടകത്തിലുള്ള അരങ്ങേറ്റത്തിന് വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ.

പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇതുവരെ രജിസ്റ്റർ ചെയ്യാൻ അൽ നസ്സ്റിന് സാധിച്ചിട്ടില്ല. എന്തെന്നാൽ സൗദി അറേബ്യൻ പ്രൊ ലീഗിൽ എട്ട് വിദേശ താരങ്ങളെ മാത്രമാണ് ഒരു ക്ലബ്ബിന് രജിസ്റ്റർ ചെയ്യാൻ സാധിക്കുക.അൽ നസ്സ്ർ ക്ലബ്ബിലേക്ക് എത്തുന്ന ഒമ്പതാമത്തെ വിദേശ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.ഇതാണ് അൽ നസ്സ്റിന് പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഒരു വിദേശ താരത്തെ ഒഴിവാക്കാൻ അൽ നസ്സ്ർ ക്ലബ്ബ് ഇപ്പോൾ നിർബന്ധിതരായിട്ടുണ്ട്. ഏതെങ്കിലും താരത്തെ നിൽക്കുകയോ അല്ലെങ്കിൽ സമ്മതപ്രകാരം കരാർ റദ്ദാക്കുകയോ ചെയ്യേണ്ടിവരും. എന്നാൽ മാത്രമേ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ക്ലബ്ബിന് രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. ഇവിടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രസക്തി വരുന്നത്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ബ്രസീലിനെതിരെ ഗോളടിച്ചുകൊണ്ട് ഏവരുടെയും കയ്യടി നേടിയ കാമറൂൺ സൂപ്പർതാരമാണ് വിൻസന്റ് അബൂബക്കർ.ഒരുപാട് ക്ലബ്ബുകൾക്ക് അദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനും അദ്ദേഹത്തെ ടീമിലേക്ക് എത്തിച്ചാൽ കൊള്ളാമെന്നുണ്ട്. ട്രാൻസ്ഫർ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ഫിഷാജസാണ് ഈയൊരു റൂമർ പങ്കുവെച്ചിട്ടുള്ളത്.

അതായത് വിൻസന്റ് അബൂബക്കറിനെ അൽ നസ്സ്റിൽ നിന്നും യുണൈറ്റഡ് സ്വന്തമാക്കിയാൽ റൊണാൾഡോയെ രജിസ്റ്റർ ചെയ്യാൻ ഈ സൗദി ക്ലബ്ബിന് കഴിയും. പക്ഷേ അബൂബക്കറിനെ അൽ നസ്സ്ർ വിട്ടു നൽകുമോ എന്നുള്ളത് മറ്റൊരു ചോദ്യമാണ്. കാരണം അത്രയേറെ തകർപ്പൻ ഫോമിലാണ് അബൂബക്കർ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.സൗദി ലീഗിൽ അൽ നസ്സ്ർ കുതിപ്പ് നടത്താനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് തന്നെ കാമറൂൺ സൂപ്പർതാരമായ വിൻസന്റ് അബൂബക്കർ ആണ്.