രണ്ട് അർജന്റീന താരങ്ങൾ കൂടി ഇന്റർ മിയാമിയിലേക്ക്, പെരെഡെസിനെ സ്വന്തമാക്കാൻ ലാസിയോ രംഗത്ത്

അർജന്റീനക്ക് വേണ്ടി വർഷങ്ങൾക്ക് ശേഷം വേൾഡ് കപ്പ്‌ കിരീടം നേടിയ ലിയോ മെസ്സി തന്റെ കരിയറിലെ ഏറ്റവും മികച്ച കിരീടനേട്ടത്തിന് ശേഷം എല്ലാം നേടി കഴിഞ്ഞ രാജാവിനെ പോലെ മേജർ സോക്കർ ലീഗിലേക്കാണ് പോയത്. ഇന്റർ മിയാമി ക്ലബ്ബുമായി ഒഫീഷ്യൽ ആയി സൈനിങ് പൂർത്തിയാക്കുവാൻ ഒരുങ്ങുകയാണ് ലിയോ മെസ്സി.

ലിയോ മെസ്സിയുടെ വരവിനു പിന്നാലെ കൂടുതൽ താരങ്ങളെ ടീമിലെത്തിക്കുവാനാണ് ഇന്റർ മിയാമി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അർജന്റീനിയൻ ലീഗിൽ കളിക്കുന്ന 20 വയസ്സ് മാത്രം പ്രായമുള്ള ഫാകുണ്ടോ ഫാരിയസിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഇന്റർ മിയാമി. ക്ലബ്ബുകൾ തമ്മിൽ ഫുൾ അഗ്രിമെന്റിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ, അതിനാൽ താരം ഇനി മുതൽ ഇന്റർ മിയാമിക്ക് വേണ്ടി മെസ്സിക്ക് ഒപ്പം കളിച്ചേക്കും.

അതേസമയം തന്നെ ഫിഫ വേൾഡ് കപ്പിൽ അർജന്റീന ടീമിൽ ലിയോ മെസ്സിയുടെ സഹതാരമായിരുന്ന ഗോൾകീപ്പർ ഫ്രാങ്കോ അർമാനിയും ഇന്റർ മിയാമി താരമായി മാറിയെക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്, ഡിസംബർ മുതൽ ഫ്രാങ്കോ അർമാനി എം എൽ എസിൽ കളിച്ചേക്കുമെന്നാണ് സൂചനകൾ.

അർജന്റീന ടീമിൽ പ്രധാന താരങ്ങളിൽ ഒരാളായ ലിയാൻഡ്രോ പരേഡസിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ്ബായ ലാസിയോ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ലാസിയോ പരിശീലകനായ മൗറിസിയോ സാരിക്കും താരത്തിനെ ടീമിലെത്തിക്കാൻ താല്പര്യമുണ്ട്.