അർജന്റീന താരങ്ങളുടെ ട്രാൻസ്ഫർ വാർത്തകൾ: അൽമാഡക്ക് വേണ്ടി സ്പാനിഷ് ക്ലബ്ബ്, അക്യുനയെ സ്വന്തമാക്കാൻ ആസ്റ്റൻ വില്ല

യൂറോപ്പ്യൻ ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റിൽ അർജന്റീന താരങ്ങളുടെ ട്രാൻസ്ഫർ കൈമാറ്റങ്ങൾ തുടരുകയാണ്. അർജന്റീന ദേശീയ ഫുട്ബോൾ ടീം നായകനായ ലിയോ മെസ്സിയുടെ ടീമായ ഇന്റർ മിയാമി കളിക്കുന്ന മേജർ സോക്കർ ലീഗിലുള്ള അറ്റ്ലാൻഡ യുണൈറ്റഡ് ക്ലബ്ബിന്റെ താരമായ അർജന്റീന യുവതാരത്തിനു വേണ്ടി രംഗത്തുവരികയാണ് സ്പാനിഷ് ക്ലബ്ബ്.

തിയാഗോ അൽമാഡ എന്ന 22 വയസ്സുകാരനായ അർജന്റീന താരത്തിനു വേണ്ടിയാണ് സ്പാനിഷ് ക്ലബ് ആയ അൽമേരിയ രംഗത്ത് വന്നിരിക്കുന്നത്. 10 മില്യൺ യൂറോയുടെ ഓഫർ അമേരിക്കൻ ക്ലബ്ബ് തള്ളിക്കളഞ്ഞുവെങ്കിലും മറ്റൊരു മികച്ച ഓഫർ കൂടി നൽകാൻ ഒരുങ്ങുകയാണ് സ്പാനിഷ് ക്ലബ് എന്നാണ് റിപ്പോർട്ടുകൾ. ക്ലബ്ബുകൾ തമ്മിലുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.

അർജന്റീന സൂപ്പർതാരമായ മാർക്കോസ് അക്യൂനക്ക് വേണ്ടി പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ല ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സ്പാനിഷ് ക്ലബ്ബായ സെവിയ്യയുമായി താരത്തിന്റെ ട്രാൻസ്ഫർ സംബന്ധിച്ചുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ് പ്രീമിയർ ലീഗ് ക്ലബ്ബ്.നിലവിൽ ചർച്ചകൾ മുന്നോട്ടു പോകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അർജന്റീനയുടെ മറ്റൊരു സൂപ്പർതാരമായ ലിയാൻഡ്രോ പരേഡസിന്റെ ട്രാൻസ്ഫർ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. പി എസ് ജിയും ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമയും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ടെന്നും സൂപ്പർ താരം ഉടനെ തന്നെ ഇറ്റാലിയൻ ക്ലബ്ബുമായി കരാറിൽ ഒപ്പ് വെക്കും എന്നാണ് അറിയാൻ കഴിയുന്നത്. രണ്ടു വർഷത്തെ കരാറിൽ ആയിരിക്കും റോമയുമായി പരെഡസ് സൈൻ ചെയ്യുക.