കോപ്പയും വേൾഡ് കപ്പും ഇനിയും നേടണം, വമ്പൻ ഒരുക്കങ്ങൾക്ക് ഇന്ന് മിയാമിയിൽ തുടക്കം കുറിക്കുന്നു

2026 ലെ ഫിഫ വേൾഡ് കപ്പ് തുടർച്ചയായി നേടാൻ ലക്ഷ്യമാക്കിക്കൊണ്ട് നിലവിലെ ലോകകപ്പ് ജേതാക്കളായ അർജന്റീന അമേരിക്കയിലെ മിയാമിയിൽ തങ്ങളുടെ പുതിയ ഓഫീസും പരിശീലന സൗകര്യങ്ങളും ഒരുക്കുകയാണ്. അമേരിക്കയിലെ അർജന്റീനയുടെ ഏറ്റവും വലിയ ഓഫീസ് ആണ് മിയാമിയിൽ പൂർത്തിയാക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഒരുങ്ങുന്നത്.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം അർജന്റീന ദേശീയ ടീം പരിശീലകനായ ലയണൽ സ്കലോണിയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടായ ചിക്വി ടാപിയയും ഇന്ന് മിയാമിയിലെ അർജന്റീനയുടെ പുതിയ ക്യാമ്പ് പ്രസന്റേഷനിൽ പങ്കെടുക്കും. അർജന്റീന ഫുട്ബോൾ ടീമിന്റെ നായകനായ ലിയോ മെസ്സി അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് അടുത്ത വേൾഡ് കപ്പ്, കോപ്പ അമേരിക്ക എന്നിവ ലക്ഷ്യമിട്ടുകൊണ്ട് അർജന്റീന പുതിയ നീക്കങ്ങൾ നടത്തുന്നത്.

മിയാമിയിലെ ലിയോ മെസ്സിയുടെ ഭീമൻ ചുവർ ചിത്രത്തിന് സമീപമായാണ് അർജന്റീനയുടെ പുതിയ ഓഫീസും പരിശീലന മൈതാനങ്ങളും ക്യാമ്പും എല്ലാം ഒരുങ്ങുന്നത് എന്ന് നേരത്തെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ആയ ചിക്വി ടാപിയ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അർജന്റീന നാഷണൽ ടീമിന്റെ മിയാമിയിലെ പുതിയ ക്യാമ്പ് പ്രസന്റേഷനിൽ പങ്കെടുക്കാൻ അർജന്റീന പ്രസിഡന്റും പരിശീലകനും എത്തുന്നത്.

2024 ലാണ് അമേരിക്കയിൽ വെച്ച് കോപ്പ അമേരിക്ക ടൂർണമെന്റ് അരങ്ങേറുന്നത്. 2026 ലാണ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ വച്ച് അടുത്ത ഫിഫ വേൾഡ് കപ്പും അരങ്ങേറുന്നത്. കോപ്പ അമേരിക്ക, ഫിഫ വേൾഡ് കപ്പ് എന്നിവ നിലവിൽ നേടിയിട്ടുള്ള അർജന്റീന ടീം ട്രോഫികൾ വീണ്ടും നേടാനുള്ള വമ്പൻ ഒരുക്കങ്ങളാണ് നടത്തുന്നത്. ലിയോ മെസ്സിയുടെ അവസാന ടൂർണമെന്റുകൾ ആയിരിക്കും ഇത് എന്നാണ് കരുതപ്പെടുന്നത്.