അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മെസ്സി; നടുക്കുന്ന വീഡിയോ പുറത്ത് |Lionel Messi

മെസ്സി ആരാധകർ കേൾക്കാൻ അത്ര ഇഷ്ടമില്ലാത്ത വാർത്തയാണ് അമേരിക്കയിൽ നിന്നും പുറത്ത് വരുന്നത്. ലയണൽ മെസ്സി വാഹന അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു എന്നാണ് ആ വാർത്തകൾ. മാർക്ക അടക്കം ഇതുമായി ബന്ധപ്പെട്ട വാർത്തയും വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്.

നിലവിൽ അമേരിക്കയിലാണ് ലയണൽ മെസ്സിയുള്ളത്. ഇവിടെ വെച്ചാണ് ഈ സംഭവം നടക്കുന്നത്.അമേരിക്കയിലെ ഫ്ലോറിഡയിലെ ഫോർട്ട് ലോഡാർഡയിലിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നതെന്നാണ് പ്രമുഖ മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നത്. ട്രാഫിക്കിൽ റെഡ് സിഗ്നൽ കത്തിയിട്ടും ലയണൽ മെസി ഉണ്ടായിരുന്ന കാർ മുന്നോട്ടെടുത്തു പോവുകയായിരുന്നു.

ഈ സമയം മറ്റു ദിശകളിൽ നിന്നും വാഹനങ്ങൾ വന്നെങ്കിലും അവക്കൊന്നും കാര്യമായി വേഗത ഇല്ലാതിരുന്നതിനാൽ മെസി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. സംഭവ സമയത്ത് മെസ്സിയല്ല വാഹനമോടിച്ചിരുന്നത്.ഡ്രൈവരുടെ അശ്രദ്ധയ്ക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

അതേ സമയം, മെസ്സിയുടെ വരവ് ഇന്റർ മിയാമി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉടനെ മെസ്സി അമേരിക്കയിൽ അരങ്ങേറ്റം നടത്തും. മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിനായുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റ് തീർന്നത്. കൂടാതെ മെസ്സിയുടെ വരവിന്റെ ഭാഗമായി ഇന്റർ മിയാമി അവരുടെ സ്റ്റേഡിയത്തിലെ സീറ്റിങ് കപ്പാസിറ്റിയും ഉയർത്തിയിട്ടുണ്ട്.