ആരാധകർക്ക് ലയണൽ മെസ്സിയുടെ ഉറപ്പ് “ആവേശവും ആഗ്രഹവും ചോർന്നിട്ടില്ല ഞാൻ ഇന്റർമിയാമിയെ സഹായിക്കും” | Lionel Messi

ലോകഫുട്ബോളിലെ സ്വപ്നതുല്യമായ നേട്ടങ്ങൾ സ്വന്തമാക്കി കരിയറിലെ അടുത്ത അധ്യായം തുടങ്ങുവാൻ അമേരിക്കയിലേക്ക് ചേക്കേറിയ ലിയോ മെസ്സി മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിയുമായി ഒഫീഷ്യലി സൈനിങ്ങ് ചെയ്തിട്ടുണ്ട്. കൂടാതെ സൂപ്പർ താരത്തിന്റെ പ്രസന്റേഷൻ കൂടി ഇന്റർ മിയാമി സ്റ്റേഡിയത്തിൽ അരങ്ങേറി.

ഡേവിഡ് ബെക്കാമിന്റെ കൂടെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമി ക്ലബ്ബിന് വേണ്ടി സൈൻ ചെയ്തതിന് ശേഷം ടീമിന്റെ ആരാധകർക്ക് മുന്നിൽ സംസാരിച്ച ലിയോ മെസ്സി ടീമിനെ ഇനിയുള്ള മത്സരങ്ങളിൽ മുന്നേറാൻ സഹായിക്കുമെന്നും അതിനാണ് താൻ ഇവിടെ വന്നിട്ടുള്ളതെന്നും പറഞ്ഞു.

“ഇവിടെ വന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്! പരിശീലനവും മത്സരവും ആരംഭിക്കാൻ എനിക്ക് കാത്തിരിക്കാനാവുന്നില്ല. ഞാൻ എപ്പോഴും ചെയ്തതുപോലെ മത്സരിക്കാനും വിജയിക്കാനും ടീമിനെ സഹായിക്കാനും ഞാൻ ഇവിടെയുണ്ട്. എപ്പോഴത്തെയും പോലെ അതേ ആഗ്രഹത്തോടെയും ആവേശത്തോടെയുമാണ് ഞാൻ ഇവിടെ വരുന്നത്. ഞങ്ങൾ ഒരു ടീമായി വിജയങ്ങളും മറ്റും ഒരുപാട് ആസ്വദിക്കും.” – ലിയോ മെസ്സി പറഞ്ഞു.

സൂപ്പർ താരം ലിയോ മെസ്സിക്കൊപ്പം ബാഴ്സലോണയിലെ സഹതാരമായിരുന്ന സെർജിയോ ബുസ്കറ്റ്സ് കൂടി ഇന്റർ മിയാമിയിൽ സൈൻ ചെയ്തിട്ടുണ്ട്. നിലവിൽ പോയന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ഇന്റർ മിയാമിയെ മുന്നോട്ട് കൊണ്ടുപോകാൻ ലിയോ മെസ്സിക്ക് മുന്നിൽ വലിയ കടമ്പകൾ തന്നെയാണ് ഉള്ളത്.