ട്രാൻസ്ഫർ റൗണ്ടപ്പ് : കിയേസയെ റയലിനും വേണം,കെയ്നിന്റെ കാര്യത്തിൽ യുണൈറ്റഡിന് തിരിച്ചടി!

ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസ്ഫർ വാർത്തകളും റൂമറുകളും നമുക്കൊന്ന് പരിശോധിക്കാം. ആദ്യമായി ഒളിമ്പിക് മാഴ്സേ ഒരു സൈനിങ് നടത്തിയിട്ടുണ്ട്.ഹെല്ലസ് വെറോണയുടെ ഇവാൻ ഇലിസിച്ചിനെയാണ് ഇവർ സ്വന്തമാക്കിയിട്ടുള്ളത്. 15 മില്യൻ യൂറോയാണ് താരത്തിന് വേണ്ടി മാഴ്സേ ചിലവഴിച്ചിട്ടുള്ളത്. 2028 വരെയുള്ള ഒരു കരാറിലാണ് താരം ഒപ്പ് വെക്കുക.

റോമയുടെ സൂപ്പർ താരമായ നിക്കോളോ സാനിയോളോ ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുണ്ട് എന്നുള്ള കാര്യം അവരുടെ പരിശീലകനായ മൊറിഞ്ഞോ സ്ഥിരീകരിച്ചിട്ടുണ്ട്.ഒരുപാട് ക്ലബ്ബുകൾ താരത്തിന് വേണ്ടി രംഗത്തുണ്ട്.ടോട്ടൻഹാമിന് താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്.

കാമവിങ്ക ഒരു കാരണവശാലും റയൽ മാഡ്രിഡ് വിട്ടുപോവില്ല എന്നുള്ളത് വീണ്ടും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. താരത്തെ കൈവിടാൻ റയൽ ഉദ്ദേശിക്കുന്നില്ല. ലോണിൽ പോലും താരത്തെ കൈമാറില്ല എന്ന നിലപാടിലാണ് റയൽ മാഡ്രിഡ് ഉള്ളത്.

സ്പോർട്ടിംഗ് സിപിയുടെ സൂപ്പർ താരമായ പെഡ്രോ പോറോക്ക് വേണ്ടി ടോട്ടൻഹാം തങ്ങളുടെ ശ്രമങ്ങൾ തുടരുകയാണ്. 45 മില്യൺ യുറോ റിലീസ് ക്ലോസ് തന്നെ ലഭിക്കണം എന്നാണ് പോർച്ചുഗീസ് ക്ലബ്ബിന്റെ നിലപാട്. അതേസമയം സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിനും ഈ താരത്തിൽ താൽപര്യമുണ്ട്.

യുവന്റസിന്റെ മിന്നും താരമായ ഫെഡറിക്കോ കിയേസ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടാനുള്ള സാധ്യതയുണ്ട്.അത്രയേറെ പ്രതിസന്ധിയാണ് ക്ലബ്ബിൽ ഉള്ളത്. താരത്തെ സ്വന്തമാക്കാൻ ലിവർപൂളിന് താല്പര്യമുണ്ട് എന്നുള്ള വാർത്തകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു. ഇപ്പോഴിതാ റയൽ മാഡ്രിഡും താരത്തെ ലക്ഷ്യം വെക്കുന്നുണ്ട്. പക്ഷേ മോശമല്ലാത്ത ഒരു തുക തന്നെ ചിലവഴിക്കേണ്ടി വന്നേക്കും.

2024 ലാണ് ടോട്ടൻഹാമിന്റെ സൂപ്പർ താരമായ ഹാരി കെയിനിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കുക. വരുന്ന സമ്മറിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്.പക്ഷേ അദ്ദേഹത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ സ്പർസ്‌ ആരംഭിച്ചിട്ടുണ്ട്.അത് യുണൈറ്റഡിന് ഒരർത്ഥത്തിൽ തിരിച്ചടി തന്നെയാണ്.

ചെൽസിയുടെ മിന്നും താരമായ ഹാക്കിം സിയച്ചും വരുന്ന സമ്മറിൽ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.ഹോസേ മൊറിഞ്ഞോക്ക് താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്.അതുകൊണ്ടുതന്നെ താരവുമായി റോമ ഇപ്പോൾ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.