എൻസോ ഫെർണാണ്ടസിന്റെ വിടാതെ ചെൽസി, ജനുവരിയിൽ തന്നെ സ്വന്തമാക്കാൻ ശ്രമം

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ചെൽസി സ്വന്തമാക്കാൻ നീക്കങ്ങൾ നടത്തിയ ആദ്യത്തെ താരമായിരുന്നു അർജന്റീനിയൻ മിഡ്‌ഫീൽഡർ എൻസോ ഫെർണാണ്ടസ്. താരത്തിന്റെ റിലീസിംഗ് ക്ലോസ് നൽകി സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ എത്തിയെങ്കിലും കരാർ ചർച്ചകളിൽ വന്ന ധാരണപ്പിശക് മൂലം അത് നടന്നില്ല. ഇതേതുടർന്ന് അർജന്റീന താരം ബെൻഫിക്കയിൽ തന്നെ തുടരുകയാണ്.

ബെൻഫിക്കക്കൊപ്പം തകർപ്പൻ പ്രകടനമാണ് എൻസോ ഫെർണാണ്ടസ് നടത്തുന്നത്. അതേസമയം നേരത്തെ നടത്തിയ ട്രാൻസ്‌ഫർ നീക്കങ്ങൾ നടക്കാതെ പോയെങ്കിലും ചെൽസി പിന്മാറാൻ ഒരുക്കമല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനുവരി ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് തന്നെ എൻസോയെ സ്വന്തമാക്കാനുള്ള പദ്ധതിയുമായി ചെൽസി മുന്നോട്ടു നീങ്ങുകയാണ്.

പോർച്ചുഗീസ് മാധ്യമമായ റെക്കോർഡിന്റെ റിപ്പോർട്ടുകൾ പ്രകാരം ബെൻഫിക്കയുമായി വീണ്ടും ചർച്ചകൾ നടത്താനുള്ള ശ്രമത്തിലാണ് ചെൽസി. നേരത്തെ നടന്ന ചർച്ചകൾ അലസിപ്പോയത് ട്രാൻസ്‌ഫർ ഫീസ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു. ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളെ മറികടക്കാൻ ട്രാൻസ്‌ഫർ ഫീസ് മൂന്നു തവണയായി നൽകാമെന്ന ചെൽസിയുടെ ഓഫർ ബെൻഫിക്ക സ്വീകരിച്ചില്ല.

എൻസോ ഫെർണാണ്ടസിനായി നേരത്തെ നിരവധി ക്ലബുകൾ രംഗത്തുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഓഫറുകളൊന്നും ഇല്ലാത്തതിനാൽ ബെൻഫിക്ക തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നാണ് ചെൽസി കരുതുന്നത്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ എൻസോക്ക് ആവശ്യക്കാർ വർധിക്കുമെന്നതിനാൽ നേരത്തെ തന്നെ ഡീൽ ഉറപ്പിക്കുക എന്ന ലക്ഷ്യവും പ്രീമിയർ ലീഗ് ക്ലബിനുണ്ട്.

ഖത്തർ ലോകകപ്പിൽ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ കളിക്കാരനാണ് എൻസോ ഫെർണാണ്ടസ്. നേരത്തെ 100 മില്യൺ യൂറോയോളം നൽകി മുഡ്രിക്കിനെ സ്വന്തമാക്കിയതിനു പിന്നാലെയാണ് മറ്റൊരു വമ്പൻ ട്രാൻസ്‌ഫർ കൂടി ചെൽസി നടത്താനൊരുങ്ങുന്നത്. ഈ ട്രാൻസ്‌ഫർ ജാലകത്തിൽ യൂറോപ്പിലെ പല ലീഗുകളെക്കാൾ ഉയർന്ന തുകയാണ് ചെൽസി മുടക്കിയിരിക്കുന്നത്.