അർജന്റീനിയൻ താരത്തിന് വേണ്ടി വമ്പൻ ടീമുകളുടെ പിടിവലി

ഇത്തവണ ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ വിപ്ലവമുണ്ടാക്കാൻ സാധിച്ചത് അർജന്റീനിയൻ താരങ്ങൾക്കാണ്. ഖത്തർ ലോകകപ്പിലെ വിജയം അർജന്റീന താരങ്ങളുടെ ഡിമാൻഡ് വർധിപ്പിച്ചിട്ടുണ്ട്. ഇത്തവണ ട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവും വലിയ ചർച്ചാ വിഷയം ലയണൽ മെസ്സി തന്നെയായിരുന്നു. ആരാധകരെ അൽപം നിരാശയിലാക്കിയെങ്കിലും മെസ്സിയുടെ ഇന്റർ മിയാമിയിലേക്കുള്ള കൂടുമാറ്റം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

മെസ്സിയെ കൂടാതെ മറ്റൊരു അർജന്റീനിയൻ മാത്രം ഏയ്ഞ്ചൽ ഡി മരിയയും ട്രാൻസ്ഫർ മാർക്കറ്റിൽ ചർച്ചാ വിഷയമായി. സൗദി ക്ലബ്ബുകൾ താരത്തിനായി പണമെറിഞ്ഞെങ്കിലും താരം ബെൻഫിക്കയിലേക്ക് കളം മാറ്റുകയായിരുന്നു. മറ്റൊരു അർജന്റീനിയൻ താരമായ പൗലോ ഡിബാലയ്ക്ക് വേണ്ടിയും സൂപ്പർ ക്ലബ്ബുകളുടെ പിടിവലി നടക്കുന്നുണ്ട്. സൗദി ക്ലബ് അൽ ഹിലാൽ ഡി ബാലയ്ക്ക് വേണ്ടി രംഗത്ത് വന്നെങ്കിലും അൽ ഹിലാലിന്റെ ഓഫർ ഡി ബാല നിരസിക്കുകയായിരുന്നു. താരത്തിന് പിന്നാലെ നീക്കങ്ങൾ ശക്തമാക്കി പ്രീമിയർ ലീഗ് ക്ലബ് ചെൽസിയും രംഗത്തുണ്ട്.

ഇപ്പോഴിതാ ട്രാൻസ്ഫർ മാർക്കറ്റിൽ വീണ്ടും ചർച്ചയാവുന്നത് മറ്റൊരു അർജന്റീനിയൻ താരമായ ജിയോവാനി ലോ സെൽസോയാണ്. താരത്തിന് പിന്നാലെ യൂറോപ്പിലെ വമ്പന്മാരെല്ലാമുണ്ടെന്നതാണ് പ്രത്യേകത. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആയ ടോട്ടൻഹാമിന്റെ താരമാണ് ലെ സെൽസോ. ഴിഞ്ഞ സീസണിൽ വിയ്യാറയലിൽ താരം ലോൺ അടിസ്ഥാനത്തിൽ കളിക്കുകയും ചെയ്തിരുന്നു. താരത്തെ ഏത് വിധേയേനെയും സ്വന്തമാക്കാൻ യൂറോപ്യൻ വമ്പനന്മാർ ശ്രമങ്ങൾ നടത്തുന്നുണ്ട്.

സ്പാനിഷ് വമ്പന്മാരായ ബാഴ്സ തന്നെയാണ് ഇതിൽ പ്രധാനി. ഒരുപാട് കാലമായി ബാഴ്സ നോട്ടമിടുന്ന താരമാണ് ലോ സെൽസോ.സാവിയുടെ ഇഷ്ടതാരമാണ് ഈ അർജന്റീനക്കാരൻ. താരത്തിനായി ബാഴ്‌സ നേരത്തെ നീക്കങ്ങൾ നടത്തിയിരുന്ന്നുവെങ്കിലും ബാഴ്‌സയുടെ ഫിനാൻഷ്യൽ പ്രശ്‍നങ്ങൾ ബാഴ്‌സയ്ക്ക് തടസ്സമായി. എന്നാൽ ഇത്തവണയും ബാഴ്‌സ താരത്തിനായി ശ്രമം നടത്തുന്നുണ്ട്. ബാഴ്സയെ കൂടാതെ നാപോളി,ആസ്റ്റൻ വില്ല,റയൽ ബെറ്റിസ് എന്നിവർക്കൊക്കെ ഈ അർജന്റീന താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ട്.

27 കാരനായ താരം സാക്ഷാൽ ലയണൽ മെസ്സിയുടെ നാട്ടുകാരനാണ്. അർജന്റീനിയൻ ക്ലബ് റൊസാരിയോ സെൻട്രലിന് വേണ്ടി കളിച്ച് തുടങ്ങിയ താരം പിന്നീട് പിഎസ്ജിയിലെത്തുകയായിരുന്നു. റിയൽ ബെറ്റിസ്‌, ടോട്ടൻഹാം, വിയ്യ റയൽ തുടങ്ങിയ ക്ലബ്ബുകൾക്കായും താരം കളിച്ചിട്ടുണ്ട്.