ഈ സീസണിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച താരങ്ങളുടെ ലിസ്റ്റ് പുറത്ത്, ലയണൽ മെസ്സി ഒന്നാമൻ | Lionel Messi

ഈ സീസണിൽ ക്ലബ്ബിനു വേണ്ടിയും മികച്ച പ്രകടനം നടത്താൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.ലീഗ് വണ്ണിൽ 28 മത്സരങ്ങൾ കളിച്ച ലയണൽ മെസ്സി 30 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുണ്ട്. 15 ഗോളുകളും 15 അസിസ്റ്റുകളുമാണ് ലയണൽ മെസ്സി ഫ്രഞ്ച് ലീഗിൽ മാത്രമായി സ്വന്തമാക്കിയിട്ടുള്ളത്.

എന്നിരുന്നാലും മെസ്സിക്ക് കേൾക്കേണ്ടിവരുന്ന വിമർശനങ്ങൾ ഏറെയാണ്.പ്രത്യേകിച്ച് പിഎസ്ജി ആരാധകർ തന്നെ മെസ്സിയെ വിടാതെ വേട്ടയാടിയിരുന്നു.ഓരോ മത്സരത്തിലും ലയണൽ മെസ്സി തന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു എന്നുള്ളതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.അതായത് യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ റേറ്റിങ് നേടിയ താരം മറ്റാരുമല്ല,35 കാരനായ ലയണൽ മെസ്സി തന്നെയാണ്.

ഈ സീസണിൽ ഇതുവരെയുള്ള പ്രകടനത്തിന് ലയണൽ മെസ്സിക്ക് സോഫ സ്കോർ നൽകുന്ന റേറ്റിംഗ് 8.15 ആണ്.യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ മറ്റാർക്കും തന്നെ ഇത്രയധികം റേറ്റിങ് നേടാൻ കഴിഞ്ഞിട്ടില്ല.അതേസമയം രണ്ടാം സ്ഥാനത്ത് വരുന്നത് മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര സൂപ്പർ താരമായ കെവിൻ ഡി ബ്രൂയിനയാണ്.7.85 ആണ് താരത്തിന്റെ ഈ സീസണിലെ പ്രകടനത്തിന് നൽകുന്ന റേറ്റിംഗ്.ബയേണിന്റെ ജോഷുവ കിമ്മിച്ചാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.

7.77 ആണ് ഈ ബയേൺ താരത്തിന്റെ റേറ്റിംഗ്.നാലാം സ്ഥാനത്ത് അന്റോയിൻ ഗ്രീസ്മാൻ വരുന്നു.7.71 ആണ് ഇദ്ദേഹത്തിന്റെ പ്രകടനത്തിന് റേറ്റിംഗ് നൽകിയിരിക്കുന്നത്. നെയ്മർ ജൂനിയറാണ് അഞ്ചാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. 7.69 ആണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്.കീറൻ ട്രിപ്പിയർ,റെമി കബെല്ല,ബൂമൻ,കരീം ബെൻസിമ,ബ്രൂണോ ഫെർണാണ്ടസ് എന്നിവരാണ് യഥാക്രമം ആറാം സ്ഥാനം മുതൽ പത്താം സ്ഥാനം വരെ വരുന്നത്.

ഏതായാലും 35 കാരനായ ലയണൽ മെസ്സി സ്ഥിരമായി മികച്ച പ്രകടനം നടത്തുന്നു എന്നത് തെളിയിക്കാൻ ഈ കണക്കുകൾക്ക് കഴിയുന്നുണ്ട്.പിഎസ്ജി അടുത്ത മത്സരം കളിക്കുക അജാസിയോക്കെതിരെയാണ്.ആ മത്സരത്തിൽ ലയണൽ മെസ്സി കളിക്കുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്.