ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചു വരുമെന്ന് ക്ലബ് വൈസ് പ്രസിഡന്റ് |Lionel Messi

ലയണൽ മെസ്സിയുടെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. പിഎസ്ജിയുമായി കരാർ പുതുക്കാത്ത മെസ്സി ക്യാമ്പ് നൗവിലേക്ക് മടങ്ങിയെത്താൻ സാധ്യത കൂടുതലെന്ന്‌ പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു.പാരീസ് സെന്റ് ജെർമെയ്‌നിലെ മെസ്സിയുടെ കരാർ ഈ ജൂണിൽ അവസാനിക്കാനിരിക്കെ മെസ്സി പുതിയ കരാറിൽ ഒപ്പുവെച്ചിട്ടില്ല.

ബാഴ്‌സലോണ വൈസ് പ്രസിഡന്റ് റാഫ യുസ്റ്റെ ലോകകപ്പ് ജേതാവിനെ ക്യാമ്പ് നൗവിൽ തിരികെ കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ക്ലബ് അർജന്റീനയുമായി ചർച്ച നടത്തുകയാണെന്ന് സ്ഥിരീകരിച്ചു. “ഞങ്ങൾ അദ്ദേഹത്തെ എത്രമാത്രം വിലമതിക്കുന്നുവെന്ന് മെസ്സിക്ക് അറിയാം.മെസ്സി തിരിച്ചുവരാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് അദ്ദേഹവുമായി ബന്ധമുണ്ട്,” യുസ്റ്റെ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“അദ്ദേഹത്തിന്റെ ചരിത്രം ഇവിടെ തുടരുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ കണ്ടെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ജീവിതത്തിലെ മനോഹരമായ കഥകൾ സന്തോഷത്തോടെ അവസാനിക്കണം, ”അദ്ദേഹം കൂട്ടിച്ചേർത്തു.ബാഴ്‌സയ്ക്കുള്ളിൽ ശുഭാപ്തിവിശ്വാസം വളരുന്നുണ്ടെങ്കിലും പി‌എസ്‌ജിയിലേക്ക് പോകുന്നതിന് മുമ്പ് കറ്റാലൻ ക്ലബ്ബിൽ നിന്ന് വൻ ശമ്പളം നേടിയിരുന്ന മെസ്സിക്ക് വേണ്ടി അവർക്ക് എങ്ങനെ ഒരു കരാർ താങ്ങാനാകുമെന്ന് ഇപ്പോഴും വ്യക്തമല്ല.

ബാഴ്‌സലോണ മെസ്സിയെ ഉൾപ്പെടുത്തി അടുത്ത സീസണിനായി പദ്ധതികൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് മുണ്ടോ ഡിപോർട്ടീവോ റിപ്പോർട്ട് ചെയ്തു. മധ്യനിരയിൽ അർജന്റീനക്കാരനെ പ്ലേ മേക്കറായി ഉപയോഗിക്കാൻ മുഖ്യ പരിശീലകൻ സാവി ഹെർണാണ്ടസ് ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട് പുറത്ത് വന്നിരുന്നു.