15 പോയിന്റ് ലീഡുമായി ബാഴ്സലോണ കിരീടത്തിലേക്ക് :ഡോർട്ട്മുണ്ടിനെ വീഴ്ത്തി ബയേൺ ഒന്നാം സ്ഥാനത്ത് : ചെൽസിയുടെ കഷ്ടകാലം തുടരുന്നു : ഇന്ററിന് തോൽവി : യുവന്റസിന് ജയം

ലാ ലീഗയിൽ മിന്നുന്ന ജയവുമായി കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ എൽച്ചെയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ജയത്തോടെ ലാലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സ റയൽ മാഡ്രിഡിനേക്കാൾ താൽക്കാലികമായി 15 പോയിന്റ് മുന്നിലെത്തി.

ബാഴ്സക്കായി റോബർട്ട് ലെവൻഡോവ്‌സ്‌കി ഇരട്ട ഗോളുകൾ നേടിയപ്പോൾ ഫാത്തി ,ഫെറൻ ടോറസ് എന്നിവർ ഓരോ ഗോളും നേടി.20-ാം മിനിറ്റിൽ റൊണാൾഡ് അരൗജോ ഗോളിന് മുന്നിലേക്ക് പന്ത് ഹെഡ് ചെയ്ത് കൊടുത്ത് ക്ലോസ് റേഞ്ച് ഫിനിഷിലൂടെ ലെവൻഡോവ്‌സ്‌കി ഗോളാക്കി മാറ്റി.55-ാം മിനിറ്റിൽ ഫെറാൻ ടോറസ് തന്റെ സ്വന്തം ഹാഫിൽ നൽകിയ പാസ് എടുത്ത് അൻസു ഫാത്തി ലീഡ് ഇരട്ടിയാക്കി.65-ാം മിനിറ്റിൽ ഗവിയുടെ പാസിൽ നിന്നും ലെവെൻഡോസ്‌കി മൂന്നാം ഗോൾ കൂട്ടിച്ചേർത്തു.70-ാം മിനിറ്റിൽ ടോറസ് നാലാം ഗോൾ നേടി പട്ടിക പൂർത്തിയാക്കി.

ഇറ്റാലിയൻ സിരി എ യിൽ ഫിയോറന്റീനക്കെതിരെ ഇന്റർ മിലാന് തോൽവി. 53 ആം മിനുട്ടിൽ ജിയാകോമോ ബോണവെൻചുറ നേടിയ ഗോളിൽ ആയിരുന്നു ഫിയോറന്റീനയുടെ ജയം. തോൽവിയോടെ 28 മത്സരങ്ങളിൽ നിന്നും 50 പോയിന്റുള്ള ഇന്റർ മിലാൻ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് വീണു. മറ്റൊരു മത്സരത്തിൽ ഹെല്ലസ് വെറോണയ്‌ക്കെതിരെ ഒരു ഗോളിന്റെ വിജയവുമായി യുവന്റസ്. രണ്ടാം പകുതിയിൽ മോയ്‌സ്‌ കീൻ നേടിയ ഗോളിൽ ആയിരുന്നു യുവന്റസിന്റെ ജയം. ജയം യുവന്റസിനെ 44 പോയിന്റുമായി ഏഴാം സ്ഥാനത്തെത്തിച്ചു.

ജർമൻ ബുണ്ടസ് ലീഗയിൽ ഇന്നലെ നടന്ന നടന്ന ഡെർ ക്ലാസ്സിക്കറിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ മറികടന്ന് ബയേൺ മ്യൂണിക്ക്. രണ്ടിനെതിരെ നാല് ഗോളിന്റെ ജയമാണ് ബയേൺ നേടിയത്.ആദ്യ 23 മിനിറ്റിൽ മൂന്ന് ഗോളുകൾ നേടിയ ബയേൺ വിജയം ഉറപ്പാക്കിയാണ് മത്സരത്തിൽ ഇറങ്ങിയത്. വിജയത്തോടെ ബയേണിന് ബുണ്ടസ്‌ലിഗയിൽ ഒന്നാം സ്ഥാനം വീണ്ടെടുക്കാനും പുതിയ കോച്ച് തോമസ് ടുച്ചലിന് വിജയ തുടക്കം നൽകാനും സാധിച്ചു.ഏപ്രിൽ 11 ന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്ന ബവേറിയൻസ്, 55 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.53 പോയിന്റുമായി ഡോർട്മുണ്ട് രണ്ടാം സ്ഥാനത്താണ്.ഗ്രിഗർ കോബൽ (13′ OG) തോമസ് മുള്ളർ (18′, 23′) കിംഗ്‌സ്‌ലി കോമാൻ (50′) എന്നിവർ ബയേണിന്റെ ഗോളുകൾ നേടിയപ്പോൾ എമ്രെ കാൻ (72′ പെൻ) ഡോണേൽ മാലെൻ (90′) എന്നിവർ ഡോർട്മുണ്ടിന്റെ ഗോളുകൾ നേടി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലക്കെതിരെ ചെൽസിക്ക് തോൽവി. സ്‌ട്രൈക്കർ ഒല്ലി വാട്‌കിൻസിന്റെയും ക്യാപ്റ്റൻ ജോൺ മക്‌ഗിന്നിന്റെയും ഗോളുകളാണ് വില്ലക്ക് വിജയം നേടിക്കൊടുത്തത്.18-ാം മിനിറ്റിൽ ചെൽസി ഡിഫെൻസിലെ പിഴവ് മുതലെടുത്താണ് വാറ്റ്കിൻസ് വില്ലയെ മുന്നിലെത്തിച്ചത്. 56 ആം മിനുട്ടിൽ പെനാൽറ്റി ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ടിലൂടെ മക്‌ഗിൻ വില്ലയുടെ വിജയമുറപ്പിച്ചു. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ ഉജ്ജ്വല സേവുകൾ ചെൽസിയെ മത്സരത്തിലേക്ക് മടങ്ങി വരുന്നതിൽ നിന്നും തടയുകയും ചെയ്തു. 28 മത്സരങ്ങളിൽ നിന്നും 38 പോയിന്റുമായി ചെൽസി 11 ആം സ്ഥാനത്തും 28 മത്സരങ്ങളിൽ നിന്നും 41 പോയിന്റുമായി വില്ല 9 ആം സ്ഥാനത്തുമാണ്.