
റൊണാൾഡോക്കു പിന്നാലെ അൽ നസ്റിലേക്ക് താരങ്ങൾ ഒഴുകുന്നു, റയൽ മാഡ്രിഡ് സൂപ്പർതാരവും സൗദിയിലേക്ക്
ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതിനു ശേഷം മറ്റു നിരവധി താരങ്ങളെയും ക്ലബിനെയും ബന്ധപ്പെടുത്തിയുള്ള അഭ്യൂഹങ്ങൾ വന്നിരുന്നു. സെർജിയോ റാമോസ്, ലൂക്ക മോഡ്രിച്ച്, റൊണാൾഡോയുടെ പോർച്ചുഗൽ സഹതാരം പെപ്പെ എന്നിവരാണ് അൽ നസ്ർ സ്വന്തമാക്കാൻ ശ്രമിക്കുന്ന കളിക്കാരായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. ഇവരെല്ലാം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം റയൽ മാഡ്രിഡിൽ കളിച്ച താരങ്ങൾ കൂടിയാണ്.
ഇപ്പോൾ മറ്റൊരു റയൽ മാഡ്രിഡ് താരത്തെയും സൗദി ക്ലബിനെയും ചേർത്തുള്ള അഭ്യൂഹങ്ങൾ പുറത്തു വന്നിട്ടുണ്ട്. സ്പാനിഷ് മാധ്യമം മുണ്ടോ ഡീപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ് മുന്നേറ്റനിര താരമായ ഈഡൻ ഹസാർഡിനെയാണ് അൽ നസ്ർ നോട്ടമിട്ടിരിക്കുന്നത്. ഈ സീസൺ കഴിഞ്ഞതിനു ശേഷമാകും താരത്തിനായി അൽ നസ്ർ ശ്രമം നടത്തുക. റയൽ മാഡ്രിഡിനും ഹസാർഡിനെ വിൽക്കാൻ താൽപര്യമുള്ളതിനാൽ താരം സമ്മതം മൂളിയാൽ ട്രാൻസ്ഫർ നടക്കാനുള്ള സാധ്യതയുണ്ട്.

ചെൽസിയുടെ മിന്നും താരമായി നിൽക്കുന്ന സമയത്താണ് വമ്പൻ തുക നൽകി ഹസാർഡിനെ റയൽ മാഡ്രിഡ് സ്വന്തമാക്കുന്നത്. എന്നാൽ സ്പെയിനിൽ എത്തിയതിനു ശേഷം തന്റെ പ്രതിഭയുടെ നിഴൽ മാത്രമാണ് താരം. ഓരോ സീസണിലും താരം തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ആരാധകർ തുടർന്നെങ്കിലും ഇതുവരെയും അത് സംഭവിച്ചിട്ടില്ല. ഇപ്പോൾ ടീമിന്റെ ആദ്യ ഇലവനിൽ പോലും ഹസാർഡിന് ഇടമില്ല. വമ്പൻ പ്രതിഫലം വാങ്ങുന്ന താരത്തെ അടുത്ത സമ്മറിൽ ഒഴിവാക്കുക എന്നതു റയൽ മാഡ്രിഡിന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യമാണ്.
— Actu Foot (@ActuFoot_) January 6, 2023
Al Nassr veut maintenant signer Eden Hazard.
(@footmercato) pic.twitter.com/5sXBrh0uVN
കഴിഞ്ഞ ദിവസം നടന്ന കോപ്പ ഡെൽ റേ മത്സരത്തിൽ ഈഡൻ ഹസാർഡ് ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നു. മോശം പ്രകടനമാണ് താരം നടത്തിയത്. റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടിയുടെ പദ്ധതികളിലും ഇടമില്ലെന്നുറപ്പുള്ളതിനാൽ ഹസാർഡ് ക്ലബ് വിടാനുള്ള സാധ്യത കൂടുതലാണ്. അങ്ങിനെയാണെങ്കിൽ സൗദി ക്ലബ് ഹസാർഡിനായി രംഗത്തു വരുമെന്നുറപ്പാണ്. യൂറോപ്പിലെ മികച്ച താരങ്ങളെ ടീമിലെത്തിക്കുകയെന്നത് അവരുടെ പ്രധാനപ്പെട്ട ലക്ഷ്യമാണ്.