ബാഴ്സയല്ല, സൗദി; മെസ്സിയെ ലോണിൽ റാഞ്ചാനൊരുങ്ങി സൗദി വമ്പന്മാർ |Lionel Messi

ഇന്റർ മിയാമി മേജർ ലീഗ് സോക്കറിൽ പ്ലേ ഓഫ് റൗണ്ടിലേക്ക് യോഗ്യത നേടാത്തതോടെ മെസ്സി ലോൺ അടിസ്ഥാനത്തിൽ ബാഴ്സയിലേക്ക് തിരികെയെത്തുന്നു എന്ന വാർത്തകൾ സജീവമായിരുന്നു. മേജർ ലീഗ് സോക്കറിൽ പ്ലേ ഓഫ്‌ റൗണ്ടിന് യോഗ്യത നേടാൻ കഴിയാത്ത ടീമുകളിലെ താരങ്ങൾക്ക് മറ്റു ലീഗുകളിലെ ക്ലബ്ബുകളിലേക്ക് ലോൺ അടിസ്ഥാനത്തിൽ പോകാമെന്ന നിയമമുണ്ട്. ഇതാണ് മയാമി പ്ലേ ഓഫീന് യോഗ്യത നേടാത്തതോടെ മെസ്സി ബാഴ്സയിലേക്ക് ലോൺ വ്യവസ്ഥയിൽ തിരിച്ച് പോകുമെന്ന വാർത്തകൾ സജീവമാകാൻ കാരണം.

കൂടാതെ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സ മെസ്സിയെ തിരികെയെത്തിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ലാലിഗയിലെ സാമ്പത്തിക നിയന്ത്രണം വീണ്ടും ബാഴ്സയ്ക്ക് മുന്നിൽ വില്ലനാവുകയായിരുന്നു. മെസ്സിയെ തിരികെയെത്തിക്കാൻ ബാഴ്സയ്ക്ക് മുന്നിൽ വീണ്ടും അവസരം വന്നതും മെസ്സിയ്ക്ക് ഒരിക്കൽ കൂടി ബാഴ്സയിലേക്ക് മടങ്ങാൻ ആഗ്രഹമുള്ളതിനാലും മെസ്സിയുടെ രണ്ടാം ബാഴ്സ വരവ് ഏറെക്കുറെ ഉറപ്പായിരുന്നു.

എന്നാൽ മെസ്സിയെ തിരികെയെത്തിക്കാനുള്ള ബാഴ്സ ശ്രമങ്ങൾക്ക് വിലങ്ങുതടിയായി സൗദി ക്ലബ്ബുകൾ രംഗത്ത് വന്നിരിക്കുകയാണ്. മെസ്സിയെ ലോൺ അടിസ്ഥാനത്തിൽ ടീമിൽ എത്തിക്കാൻ സൗദി ക്ലബ്ബുകളും ഇപ്പോൾ രംഗത്തുണ്ട് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. നേരത്തെ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ സൗദി വമ്പൻമാരായ അൽ ഹിലാൽ മെസ്സിക്ക് മുന്നിൽ ലോകറെക്കോർഡ് തുക വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ ഓഫർ മെസ്സി നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സൗദി ക്ലബ്ബുകൾ മെസ്സിക്ക് വേണ്ടി ഇപ്പോൾ നീക്കങ്ങൾ നടത്തിയിരിക്കുന്നത്. അൽ ഹിലാലിനെ കൂടാതെ മറ്റു ചില സൗദി ക്ലബ്ബുകൾ കൂടി ഈ സാഹചര്യത്തിൽ മെസ്സിയെ ലോണിൽ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്.

മെസ്സിയെ തിരികെയെത്തിക്കാൻ ശ്രമിക്കുന്ന ബാഴ്സയ്ക്ക് കടുത്ത വെല്ലുവിളിയാകും സൗദി ക്ലബ്ബുകളുടെ മെസ്സിക്ക് വേണ്ടിയുള്ള നീക്കങ്ങൾ.അതെ, സമയം അടുത്ത 6 മാസത്തേക്ക് മാത്രമേ മെസ്സിക്ക് ലോൺ അടിസ്ഥാനത്തിൽ മറ്റു ക്ലബ്ബുകൾക്ക് വേണ്ടി കളിക്കാൻ സാധിക്കുകയുള്ളുമതി അതിന് ശേഷം അമേരിക്കയിൽ പുതിയ സീസണ് തുടക്കം കുറിക്കുമ്പോൾ മെസ്സിക്ക് വീണ്ടും മയാമിയിലേക്ക് തന്നെ മടങ്ങണം.