2013-ലെ ബാലൺഡി’ഓർ പുരസ്കാരം ക്രിസ്റ്റ്യാനോ വിറ്റു, പണം ഉപയോഗിച്ചത് നല്ല കാര്യത്തിനുവേണ്ടി.

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടിയിട്ടുള്ള രണ്ടാമത്തെ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 5 തവണയാണ് റൊണാൾഡോ ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.ഒന്നാം സ്ഥാനത്ത് ഉള്ളത് ലയണൽ മെസ്സിയാണ്.ഏഴ് ബാലൺഡി’ഓറുകൾ സ്വന്തമാക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.

2008,2013,2014,2016,2017 വർഷങ്ങളിലെ ബാലൺഡി’ഓറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് 2013ൽ ക്രിസ്റ്റ്യാനോ നേടിയ ബാലൺഡി’ഓർ പുരസ്കാരം അദ്ദേഹം വിൽപ്പന നടത്തിയിട്ടുണ്ട്. ഒറിജിനൽ അല്ല വില്പന നടത്തിയിട്ടുള്ളത്,റിപ്ലിക്കയാണ് റൊണാൾഡോ വില്പന നടത്തിയിട്ടുള്ളത്.

ഒഫീഷ്യൽ റിപ്ലിക്കയാണ് റൊണാൾഡോ വിറ്റിട്ടുള്ളത്. ഒറിജിനൽ താരത്തിന്റെ മെദീരയിലെ മ്യൂസിയത്തിൽ ഇപ്പോഴും ഉണ്ട്. 2017ൽ ഒരു ലേലത്തിലാണ് ഈ ബാലൺഡി’ഓർ പുരസ്കാരം വിൽപ്പന നടത്തിയത്. ലണ്ടനിലെ ചാരിറ്റി ഓക്ഷനിലാണ് ഇത് വെച്ചിരുന്നത്. അറുപതിനായിരം യൂറോക്ക് ഇഡാൻ ഓഫർ എന്ന ബിസിനസ് മാൻ ആണ് ഈ ബാലൺഡി’ഓർ പുരസ്കാരം വാങ്ങിയിട്ടുള്ളത്.

എന്നാൽ ഈ തുക ക്രിസ്റ്റ്യാനോ റൊണാൾഡോ അല്ല സ്വീകരിച്ചിട്ടുള്ളത്. മറിച്ച് Make A Wish എന്ന ചാരിറ്റി സംഘടനയ്ക്ക് ഈ തുക നൽകുകയാണ് ചെയ്തിട്ടുള്ളത്.കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു ചാരിറ്റി സംഘടനയാണ് ഇത്.മിറർ എന്ന ഇംഗ്ലീഷ് മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ലയണൽ മെസ്സി,ഫ്രാങ്ക്‌ റിബറി എന്നിവരെ മറികടന്നു കൊണ്ടായിരുന്നു 2013-ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ പുരസ്കാരം സ്വന്തമാക്കിയിരുന്നത്.27.9 ശതമാനം വോട്ടുകൾ ആയിരുന്നു റൊണാൾഡോ നേടിയിരുന്നത്. 66 ഗോളുകൾ ആ വർഷം നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. 42 ഗോളുകൾ ആയിരുന്നു ലയണൽ മെസ്സി ആ വർഷം നേടിയിരുന്നത്.