റയൽ മാഡ്രിഡ് ടീമിന്റെ പരിശീലനത്തിനൊപ്പം ചേർന്ന് റൊണാൾഡോ, ഫൈനലിനും താരമുണ്ടാകും

സൗദി അറേബ്യയിൽ പരിശീലനം നടത്തുന്ന റയൽ മാഡ്രിഡ് ടീമിന്റെ ട്രെയിനിങ് ഗ്രൗണ്ട് സദർശിച്ച് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്‌പാനിഷ്‌ സൂപ്പർകപ്പ് മത്സരങ്ങൾക്ക് വേണ്ടിയാണ് റയൽ മാഡ്രിഡ് ടീം സൗദിയിൽ എത്തിയത്. വലൻസിയക്കെതിരായ സെമി ഫൈനൽ വിജയം നേടിയ അവർ റയൽ ബെറ്റിസിനെ കീഴടക്കി ഫൈനലിൽ ഇടം നേടിയ ബാഴ്‌സലോണയെ നേരിടുന്നതിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്.

സൗദിയിലേക്ക് ചേക്കേറിയ റൊണാൾഡോയുടെ ക്ലബായ അൽ നസ്റിന്റെ ട്രെയിനിങ് ഗ്രൗണ്ടിലാണ് റയൽ മാഡ്രിഡ് താരങ്ങൾ പരിശീലനം നടത്തുന്നത്. ഇതിനിടയിലാണ് റയൽ മാഡ്രിഡ് താരങ്ങൾക്ക് സർപ്രൈസ് നൽകി റൊണാൾഡോ എത്തിയത്. റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി, കോച്ചിങ് സ്റ്റാഫ് റോബർട്ടോ കാർലോസ് എന്നിവരോടും റയൽ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ്, റോഡ്രിഗോ തുടങ്ങിയവരോടും സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

റൊണാൾഡോ സ്‌പാനിഷ്‌ സൂപ്പർകപ്പ് ഫൈനലിന് എത്താനുള്ള സാധ്യതയുമുണ്ട്. ഫൈനൽ കാണാൻ താരത്തെ റയൽ മാഡ്രിഡ് ക്ഷണിച്ചിട്ടുണ്ട്. അൽ നസ്ർ ക്ലബിൽ നിന്നും അനുമതി ലഭിച്ചാൽ താരം ഫൈനലിന് ഉണ്ടാകുമെന്നാണ് കരുതുന്നത്. റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റേഡിയത്തിൽ ഉണ്ടാകുന്നത് ടീമിലെ താരങ്ങൾക്ക് പ്രചോദനമാകും.

അൽ നസ്റിലേക്ക് ചേക്കേറിയ റൊണാൾഡോ ഇതുവരെയും അരങ്ങേറ്റം നടത്തിയിട്ടില്ല. ഇംഗ്ലീഷ് എഫ്എയുടെ രണ്ടു മത്സരങ്ങളിലെ വിലക്കാണ് ഇതിനു കാരണം. സൗദിയിൽ റൊണാൾഡോയുടെ ആദ്യത്തെ മത്സരം പിഎസ്‌ജിയും സൗദി ഓൾ സ്റ്റാർ ഇലവനും തമ്മിലായിരിക്കും. അതിനു ശേഷം 22നാണു സൗദി പ്രൊ ലീഗിൽ റൊണാൾഡോ അരങ്ങേറ്റം കുറിക്കുക. അതുകൊണ്ടു തന്നെ ഫൈനൽ കാണാൻ താരമുണ്ടായിരിക്കാൻ സാധ്യതയുണ്ട്.

കഴിഞ്ഞ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും നേടിയ റയൽ മാഡ്രിഡിനെ സംബന്ധിച്ച് ഈ സീസണിൽ ആദ്യത്തെ കിരീടം സ്വന്തമാക്കാനുള്ള അവസരമാണ് സ്‌പാനിഷ്‌ സൂപ്പർകപ്പ്. നിലവിൽ ലീഗിൽ ബാഴ്‌സലോണയ്ക്ക് പിന്നിൽ നിൽക്കുന്ന അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകാൻ ഈ കിരീടത്തിനു കഴിയും. അതേസമയം ബാഴ്‌സലോണ ഇറങ്ങുന്നത് സാവിക്ക് കീഴിൽ ആദ്യത്തെ കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ്.