ട്രാൻസ്ഫർ റൗണ്ടപ്പ് : നാപോളി താരത്തിന് ഓഫറുമായി റയൽ, കിയേസ പ്രീമിയർ ലീഗിലേക്കോ?

ലോക ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസ്ഫർ വാർത്തകളും റൂമറുകളും നമുക്കൊന്ന് പരിശോധിക്കാം. ആദ്യമായി ടോട്ടൻഹാം പരിശീലകൻ അന്റോണിയോ കോന്റെയുടെ കാര്യമാണ്. അദ്ദേഹത്തിന്റെ കരാർ ഈ സീസണിന്റെ അവസാനത്തിൽ പൂർണ്ണമാകും.കരാർ പുതുക്കാൻ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല.കോന്റെ ഈ സീസണിന് ശേഷം ക്ലബ്ബ് വിടും. പകരം തോമസ് ടുഷൽ എത്തുമെന്നുള്ള റൂമറുകൾ ഉണ്ട്.

സ്പോർട്ടിങ് സിപിയുടെ പ്രതിരോധനിരതാരമായ പെഡ്രോ പോറോയെ ടീമിലേക്ക് എത്തിക്കാൻ റയൽ മാഡ്രിഡ് ഉദ്ദേശിക്കുന്നുണ്ട്. 45 മില്യൺ യൂറോയാണ് അദ്ദേഹത്തിന്റെ റിലീസ് ക്ലോസ്. മാഞ്ചസ്റ്റർ സിറ്റിയും ടോട്ടൻഹാമും താരത്തെ ലക്ഷ്യം വെക്കുന്നുണ്ട്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആയിരിക്കും താരത്തിന് വേണ്ടി പോരാട്ടം നടക്കുക.

നാപോളിയുടെ സൂപ്പർ സ്ട്രൈക്കറായ വിക്ടർ ഒസിമനെ ടീമിലേക്ക് എത്തിക്കാൻ റയൽ മാഡ്രിഡ് ഉദ്ദേശിക്കുന്നുണ്ട്.60 മില്യൺ യൂറോയുടെ ഒരു ഓഫർ റയൽ ഇറ്റാലിയൻ ക്ലബ്ബിന് നൽകി കഴിഞ്ഞു എന്നാണ് നാസിയോണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരീം ബെൻസിമയുടെ സ്ഥാനത്തേക്കാണ് ഈ സ്ട്രൈക്കറെ റയൽ മാഡ്രിഡ് താരത്തെ കണ്ടുവെച്ചിരിക്കുന്നത്.പക്ഷേ ചുരുങ്ങിയത് 80 മില്യൺ യൂറോ എങ്കിലും ലഭിക്കണം എന്നാണ് ക്ലബ്ബിന്റെ തീരുമാനം.

റയൽ മാഡ്രിഡ് സൂപ്പർ താരമായ ടോണി ക്രൂസിനെ ടീമിലേക്ക് എത്തിക്കാൻ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് താല്പര്യമുണ്ട്.ക്രൂസിന്റെ കരാർ ഈ സീസണിന്റെ അന്ത്യത്തിൽ പൂർണമാവും. കരാർ പുതുക്കാൻ തയ്യാറാണെങ്കിലും ക്രൂസ് ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ല. താരം വിരമിക്കാൻ വരെ ആലോചിക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകൾ സജീവമായിരുന്നു. അദ്ദേഹം റയൽ വിടുകയാണെങ്കിൽ യൂറോപ്പിലെ ഒരുപാട് ക്ലബ്ബുകൾ സ്വന്തമാക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ട്.

യുവന്റസിന്റെ മിന്നും താരമായ കിയേസക്ക് വേണ്ടി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂൾ മുന്നോട്ട് വന്നിട്ടുണ്ട്.യുവന്റസ് തങ്ങളുടെ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാൻ ചില താരങ്ങളെ വിൽക്കുമെന്നാണ് അറിയാൻ കഴിയുന്നത്. 60 മില്യൺ യുറോയായിരിക്കും താരത്തിന് വിലയായി കൊണ്ട് ലിവർപൂൾ നൽകേണ്ടി വരിക.

മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ മിന്നും താരമായ ഗുണ്ടോഗന്റെ കരാർ ഈ സീസണോടു കൂടി അവസാനിക്കും. അദ്ദേഹം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടാനാണ് സാധ്യത.യുവന്റസിന് അദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. പക്ഷേ എഫ്സി ബാഴ്സലോണയും താരത്തെ സ്വന്തമാക്കാൻ വേണ്ടി മുന്നോട്ടു വന്നിട്ടുണ്ട്.

റയൽ മാഡ്രിഡ് പ്രതിരോധനിരതാരമായ നാച്ചോയുടെ കോൺട്രാക്ട് ഈ സമ്മറിൽ അവസാനിക്കും. ഒരുപാട് കാലമായി റയലിൽ തുടരുന്ന താരമാണ് അദ്ദേഹം. പക്ഷേ സ്ഥിരം സ്റ്റാർട്ടർ ആവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ അദ്ദേഹം ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്.യുവന്റസ് ഇപ്പോൾ അദ്ദേഹത്തെ സ്വന്തമാക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ട്.