നെയ്‌മർ പിഎസ്‌ജി വിട്ട് പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് ചേക്കേറണമെന്ന് ബ്രസീലിയൻ ഇതിഹാസം

ബാഴ്‌സലോണയിൽ മിന്നിത്തിളങ്ങിയ പ്രകടനം നടത്തിയ ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ മെസിയെ മറികടന്ന് ഫുട്ബോൾ സിംഹാസനത്തിൽ ഇടം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതല്ല സംഭവിച്ചത്. ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയതോടെ താരത്തിന്റെ കരിയർ പുറകോട്ടു വലിഞ്ഞു. പ്രതിഭയുടെ ധാരാളിത്തമുണ്ടെങ്കിലും അത് വേണ്ട രീതിയിൽ ഉപയോഗിക്കാതെയാണ് നെയ്‌മർ പിന്നീട് മുന്നോട്ടു പോയത്.

പിഎസ്‌ജിയിൽ എത്തിയതോടെ നിരവധി വിവാദങ്ങളിലും താരം അകപ്പെട്ടു. മൈതാനത്തിനകത്തും പുറത്തും പലപ്പോഴും താരം കുഴപ്പങ്ങൾ സൃഷ്‌ടിച്ചു. നിരന്തരമായ പരിക്കുകളും നെയ്‌മറെ വേട്ടയാടിയതിനാൽ ഒരുപാട് മത്സരങ്ങളും നഷ്‌ടമായി. എന്തായാലും പിഎസ്‌ജിയിലേക്കുന്ന നെയ്‌മറുടെ ട്രാൻസ്‌ഫർ താരത്തിന്റെ കരിയറിൽ വളരെയൊന്നും ഗുണം ചെയ്‌ത ഒന്നല്ലെന്നു തന്നെയാണ് ഏവരും വിലയിരുത്തുന്നത്.

ഇനിയെങ്കിലും നെയ്‌മർ പിഎസ്‌ജി വിടുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നാണ് ബ്രസീലിന്റെ ഇതിഹാസതാരമായ റിവാൾഡോ പറയുന്നത്. പിഎസ്‌ജിയുമായി 2025 വരെയുള്ള കരാർ നെയ്‌മർക്കുണ്ടെങ്കിലും താരത്തെ വിൽക്കുന്നതിനെ കുറിച്ച് ഫ്രഞ്ച് ക്ലബ് ചിന്തിക്കുന്നുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. താരത്തിനായി മുടക്കിയ തുക തിരിച്ചു കിട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി അതു ചെയ്യുമെന്നാണ് റിവാൾഡോ കരുതുന്നത്. ഇത് നെയ്‌മർ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു.

നെയ്‌മറെ പിഎസ്‌ജി വിൽക്കാൻ തീരുമാനിച്ചാൽ അത് പ്രീമിയർ ലീഗിലേക്ക് താരത്തിനുള്ള വാതിൽ തുറന്നു നൽകുമെന്നും റിവാൾഡോ പറഞ്ഞു. താരത്തിന് ചേരുന്ന ക്ലബ് മാഞ്ചസ്റ്റർ സിറ്റിയാണെന്നും അവിടെ കളിച്ചാൽ നെയ്‌മറുടെ കരിയർ വിജയം നേടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പെപ് ഗ്വാർഡിയോളയുടെ കീഴിൽ ആക്രമണ ഫുട്ബോൾ കളിക്കാൻ നെയ്മർക്ക് കഴിയുമെന്നും രിവാൾഡോ കൂട്ടിച്ചേർത്തു.

പിഎസ്‌ജിയിൽ എത്തിയതിനു ശേഷം 167 മത്സരങ്ങളിൽ നിന്നും 115 ഗോളുകളും 73 അസിസ്റ്റുകളും നാല് ഫ്രഞ്ച് ലീഗ് ഉൾപ്പെടെയുള്ള കിരീടങ്ങളും നേടിയിട്ടുണ്ടെങ്കിലും താരത്തിൽ നിന്നും ഇത് മാത്രമല്ല ആരാധകർ പ്രതീക്ഷിച്ചിരുന്നത്. ലയണൽ മെസി വന്നതോടെ കുറച്ചു കൂടി പ്രൊഫെഷണൽ സമീപനം നെയ്‌മർ പുലർത്തുന്നത് ആരാധകർക്ക് ആശ്വാസമാണ്. മെസിയുടെ സാന്നിധ്യമുള്ളതിനാൽ തന്നെ നെയ്‌മർ പിഎസ്‌ജി വിടാൻ തയ്യാറാകുമോയെന്നും കണ്ടറിയണം.