റോഡ്രിഗോ ഡി പോൾ അത്ലറ്റികോ മാഡ്രിഡ് വിടും, പകരക്കാരൻ ക്രൊയേഷ്യൻ താരം

യുഡിനസിന്റെ നായകനായി തകർപ്പൻ പ്രകടനം നടത്തുമ്പോഴാണ് റോഡ്രിഗോ ഡി പോളിനെ അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കുന്നത്. അർജന്റീനിയൻ പരിശീലകനായ ഡീഗോ സിമിയോണിക്ക് കീഴിലെത്തിയ അർജന്റീനിയൻ താരം കൂടുതൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ക്ലബിനൊപ്പം ഇതുവരെയും തിളങ്ങാൻ കഴിയാതെ പോയ താരമിപ്പോൾ കൂടുതലും പകരക്കാരുടെ ബെഞ്ചിലാണ്.

അതേസമയം അർജന്റീന ടീമിനായി തകർപ്പൻ പ്രകടനമാണ് താരം നടത്തുന്നത്. ലയണൽ സ്‌കലോണിയുടെ പദ്ധതികളിൽ പ്രധാനിയായ താരം ഒന്നര വർഷത്തിനിടയിൽ മൂന്നു കിരീടനേട്ടങ്ങളിലും പങ്കാളിയായി. ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് കിരീടം നേടിക്കൊടുക്കാനും റോഡ്രിഗോ ഡി പോൾ പ്രധാന പങ്കു വഹിച്ചിരുന്നു. ഈ സീസൺ അവസാനിക്കുന്നതു വരെ താരം ലോകകപ്പിൽ കളിച്ചിരുന്നതു പോലെ തന്നെ തുടരുമെന്നാണ് അത്ലറ്റികോ മാഡ്രിഡ് പ്രതീക്ഷിക്കുന്നത്.

സീസണിന്റെ അവസാനത്തെ പകുതി അത്ലറ്റികോ മാഡ്രിഡിനെ സംബന്ധിച്ച് നിർണായകമാണ്. ടോപ് ഫോർ സ്പോട്ട് നേടാൻ വേണ്ടി പൊരുതുന്ന ടീം അടുത്ത സീസണിലേക്കുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. എന്തായാലും റോഡ്രിഗോ ഡി പോളിന്റെ ഭാവി ക്ലബിൽ സുസ്ഥിരമല്ലെന്നാണ് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത സമ്മറിൽ താരത്തിന് പകരക്കാരനെ അത്ലറ്റികോ മാഡ്രിഡ് കണ്ടെത്തിക്കഴിഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് ക്ലബായ റെന്നസിന്റെ മധ്യനിര താരമായ ലോവ്‌റോ മായറെയാണ് അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഖത്തർ ലോകകപ്പിൽ ഒരു മത്സരത്തിലൊഴികെ ബാക്കിയെല്ലാ കളിയിലും ഇറങ്ങിയ താരം ഫ്രാൻസിന് പുറത്തു പോകാനുള്ള തയ്യാറെടുപ്പിലാണ്. ലൂക്ക മോഡ്രിച്ചിനെ പോലെ സ്പെയിനിൽ വേരുറപ്പിക്കാനാണ് താരം ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റോഡ്രിഗോ ഡി പോൾ ഫോം വീണ്ടെടുത്തില്ലെങ്കിൽ മായർ വരുന്നതോടെ ടീമിലെ സ്ഥാനം നഷ്‌ടമാകുമെന്നുറപ്പാണ്. അതേസമയം ക്ലബ് വിടുകയാണെങ്കിൽ അർജന്റീന താരത്തിന് ഓഫറുകളുണ്ട്. ഡി പോൾ മുൻപ് കളിച്ചിരുന്ന ഇറ്റലിയിൽ നിന്നുള്ള ക്ലബുകളാണ് താരത്തിനായി ശ്രമം നടത്തുന്നത്. ഡി പോളിനും ഇറ്റലിയിൽ തിരിച്ചു പോകാൻ താൽപര്യമുണ്ട്.