മെസിയും നെയ്‌മറും തിളങ്ങിയില്ല, കാരണം വ്യക്തമാക്കി പി എസ് ജി പരിശീലകൻ

ലയണൽ മെസി, നെയ്‌മർ, എംബാപ്പെ ത്രയം ഒരു ഇടവേളക്കു ശേഷം ആദ്യമായി ഒരുമിച്ച് കളിച്ച മത്സരമായിരുന്നു റെന്നസിന് എതിരെ നടന്നത്. മെസിയും നെയ്‌മറും ആദ്യ ഇലവനിലും എംബാപ്പെ പകരക്കാരനുമായാണ് മത്സരത്തിൽ കളിക്കാനിറങ്ങിയത്. എന്നാൽ ഈ മൂന്നു താരങ്ങളും കളിക്കാനിറങ്ങിയിട്ടും മത്സരത്തിൽ വിജയം നേടാൻ പിഎസ്‌ജിക്ക് കഴിഞ്ഞില്ല. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പിഎസ്‌ജി തോൽവി നേരിട്ടത്.

യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിര താരങ്ങൾ ഉണ്ടായിട്ടും മത്സരത്തിൽ ആകെ എട്ടു ഷോട്ടുകൾ ഉതിർത്ത പിഎസ്‌ജിക്ക് അതിൽ ഒരെണ്ണം മാത്രമാണ് ടാർഗെറ്റിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്നത് ടീമിന്റെ ആക്രമണങ്ങൾ എത്രത്തോളം ദുർബലമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. മത്സരത്തിന്റെ തുടക്കം മുതൽ കളിച്ച ലയണൽ മെസിയും നെയ്‌മറും രണ്ടു ഷോട്ടുകൾ വീതം മാത്രമാണ് ഉതിർത്തത്. ഒരു ഡ്രിബ്ലിങ് മാത്രമേ ഈ താരങ്ങൾക്ക് പൂർത്തിയാക്കാനും കഴിഞ്ഞുള്ളു.

മത്സരത്തിനു ശേഷം മെസിയുടെയും നെയ്‌മറുടെയും മോശം പ്രകടനത്തിന്റെ കാരണം പിഎസ്‌ജി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയർ വെളിപ്പെടുത്തുകയുണ്ടായി. അഞ്ചു പ്രതിരോധതാരങ്ങളെ വിന്യസിപ്പിച്ച് റെന്നെസ് ലോ ബ്ലോക്ക് ഡിഫൻസ് കളിപ്പിച്ചത് ഈ താരങ്ങൾക്ക് മറികടക്കാൻ കഴിഞ്ഞില്ലെന്നു പറഞ്ഞ അദ്ദേഹം കളിയുടെ ഗതി മാറ്റാൻ തനിക്കായില്ലെന്നും സമ്മതിക്കുകയുണ്ടായി. അവരുടെ കാലിൽ പന്തുണ്ടായിരുന്ന സമയത്ത് ആക്രമണങ്ങൾ നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ മത്സരത്തിലെ തോൽവിക്ക് യാതൊരു ഒഴികഴിവും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിന്റെ ഹാങ്ങോവറിൽ നിന്നും താരങ്ങൾ തിരിച്ചു വരണമെന്നും ടീമിൽ ഒത്തൊരുമയുണ്ടാക്കാനാണ് ഇനിയുള്ള ശ്രമമെന്നും പിഎസ്‌ജി പരിശീലകൻ പറഞ്ഞു. അടുത്ത മത്സരത്തിനു മുൻപ് ടീമിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഇനി ഏതാനും ദിവസങ്ങൾ ബാക്കിയുണ്ടെന്നും അതിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെന്നെസിനെതിരെ തോൽവി വഴങ്ങിയെങ്കിലും ലീഗിൽ പിഎസ്‌ജി ഒന്നാം സ്ഥാനത്തു തന്നെ നിൽക്കുന്നുണ്ട്. എന്നാൽ രണ്ടാം സ്ഥാനത്തുള്ള ലെൻസുമായി മൂന്നു പോയിന്റ് വ്യത്യാസം മാത്രമേ അവർക്കുള്ളൂ. നിലവിലെ ഫോമില്ലായ്‌മ പരിഹരിക്കേണ്ടത് പിഎസ്‌ജിയെ സംബന്ധിച്ച് അനിവാര്യമായ കാര്യമാണ്’ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള മത്സരങ്ങൾ ഇനി വരാനിരിക്കയാണ്.