വമ്പൻ തുകയെറിഞ്ഞു വാങ്ങിയ താരങ്ങളെ ടീമിലുൾപ്പെടുത്താൻ കഴിഞ്ഞേക്കില്ല, ചെൽസിയിൽ പ്രതിസന്ധി തുടരുന്നു

റോമൻ അബ്രമോവിച്ചിൽ നിന്നും ചെൽസിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ ടോഡ് ബോഹ്‍ലി വമ്പൻ തുക മുടക്കി താരങ്ങളെ സ്വന്തമാക്കുന്നത് തുടരുകയാണ്. അത്ലറ്റികോ മാഡ്രിഡ് താരമായ ജോവോ ഫെലിക്‌സിനെ ലോണിൽ ടീമിലെത്തിച്ച ചെൽസി അതിനു പിന്നാലെ യുക്രൈൻ താരമായ മൈഖൈലോ മുഡ്രിക്കിനെയും ടീമിന്റെ ഭാഗമാക്കി. നിലവിൽ ടീമിന്റെ മോശം ഫോമിന് അറുതി വരുത്താനാണ് ചെൽസി പണം മുടക്കുന്നത്.

എന്നാൽ വമ്പൻ താരങ്ങളെ ടീമിലെത്തിക്കുമ്പോഴും ചെൽസിക്ക് കിരീടപ്രതീക്ഷയുണ്ടെന്നു കരുതാവുന്ന ചാമ്പ്യൻസ് ലീഗിൽ ഈ താരങ്ങളെ രജിസ്റ്റർ ചെയ്യുന്നത് പ്രതിസന്ധിയായിരിക്കും. ഒരു ടീമിൽ ഹോം ഗ്രോൺ കളിക്കാരല്ലാത്ത 17 പേർ മാത്രമേ ഉണ്ടാകാവൂ എന്ന നിയമമാണ് ചെൽസിക്ക് തിരിച്ചടി നൽകുന്നത്. ഈ നിയമപ്രകാരം നിലവിൽ സ്വന്തമാക്കിയതിന് ഒരു താരത്തെ ചാമ്പ്യൻസ് ലീഗിൽ ചെൽസിക്ക് രജിസ്റ്റർ ചെയ്യാൻ കഴിയില്ല.

നിലവിൽ അത്ലറ്റികോ മാഡ്രിഡിൽ നിന്നും ജോവോ ഫെലിക്‌സ്, ഷാക്തറിൽ നിന്നും മുഡ്രിക്ക്, മൊണോക്കോയിൽ നിന്നും ബിനോയ്‌ത്‌ ബാഡിയാഷിൽ എന്നീ താരങ്ങളെയാണ് ചെൽസി സ്വന്തമാക്കിയിരിക്കുന്നത്. ഇവരെ മൂന്നു പേരെയും രജിസ്റ്റർ ചെയ്യണമെങ്കിൽ നിലവിൽ ടീമിലുള്ള ഒരു നോൺ ഹോം ഗ്രോൺ പ്ലെയറെ ചെൽസി ഒഴിവാക്കേണ്ട സാഹചര്യമാണുള്ളത്. ഗ്രഹാം പോട്ടർക്ക് വലിയ തലവേദനയാണ് ഇത് സമ്മാനിക്കുന്നത്.

പുതിയ സൈനിംഗുകളിൽ ഒരാളെ ചാമ്പ്യൻസ് ലീഗിന് രജിസ്റ്റർ ചെയ്യാതിരിക്കാണോ, അതോ ഗ്രൂപ്പ് ഘട്ടത്തിൽ രജിസ്റ്റർ ചെയ്‌ത ഒരു താരത്തെ ഒഴിവാക്കണോയെന്നതാണ് ചെൽസി നേരിടുന്ന പ്രധാനപ്പെട്ട പ്രതിസന്ധി. പുതിയ സൈനിങ്‌ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ ഒഴിവാക്കേണ്ട താരങ്ങളിൽ കെപ്പ, മെൻഡി, തിയാഗോ സിൽവ, കൂളിബാളി, ജോർജിന്യോ, കോവാസിച്ച്, ഹാവേർട്സ്, സിയച്ച്, പുലിസിച്ച്, ഡെനിസ് സക്കറിയ, കാന്റെ, ഫോഫന എന്നിവരെല്ലാം ഉൾപ്പെടുന്നു.

ചെൽസിയുടെ ജനുവരി സൈനിങ്‌ ഇവിടെയും അവസാനിക്കില്ലെന്നത് ഈ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുന്ന കാര്യമാണ്. മൊയ്‌സസ് കെയ്‌സഡോ, ലിയാൻഡ്രോ ട്രോസാർഡ് എന്നീ ബ്രൈറ്റൻ താരങ്ങെളെയും ചെൽസി നോട്ടമിടുന്നുണ്ട്. ഈ താരങ്ങൾ കൂടിയെത്തിയാൽ ചെൽസിക്ക് ഈ സീസണിൽ ആകെ പ്രതീക്ഷയുള്ള ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ഏതാനും താരങ്ങളെ ഒഴിവാക്കേണ്ടി വരുമെന്നുറപ്പാണ്.