ട്രാൻസ്ഫർ റൗണ്ടപ്പ്: പിഎസ്ജിയിലേക്ക് പുതിയ സ്ട്രൈക്കർ,അർജന്റീന താരം ഗോൺസലാസിനെ വിൽക്കില്ല.

ഫുട്ബോൾ ലോകത്ത് നിന്നും ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ള ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകളും റൂമറുകളും നമുക്കൊന്ന് പരിശോധിക്കാം. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി തങ്ങളുടെ മുന്നേറ്റ നിരയുടെ ശക്തി വീണ്ടും വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വേൾഡ് കപ്പിൽ മികച്ച പ്രകടനം നേടി കയ്യടി നേടിയ ഫ്രഞ്ച് സൂപ്പർ താരം മാർക്കസ് തുറാമിനെ പിഎസ്ജി ലക്ഷ്യം വെക്കുന്നുണ്ട്.ബൊറൂസിയ മോൻഷെൻഗ്ലാഡ്ബാഷിന്റെ താരമായ ഇദ്ദേഹം ഈ ബുണ്ടസ്ലിഗയിൽ 10 ഗോളുകൾ നേടിയിട്ടുണ്ട്.

പ്രതിരോധനിരയിലെ പ്രശ്നങ്ങൾ തീർക്കാൻ പിഎസ്ജി അടുത്തതായി ലക്ഷ്യം വെക്കുന്നത് ഇന്റർമിലാന്റെ മിലാൻ സ്ക്രിനിയറിനെയാണ്.കഴിഞ്ഞ സമ്മറിൽ തന്നെ അദ്ദേഹത്തെ ലക്ഷ്യം വെച്ചിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. താരത്തെ വരുന്ന സമ്മറിൽ ഫ്രീയായി കൊണ്ട് എത്തിക്കാനാണ് പിഎസ്ജി ഉദ്ദേശിച്ചിരിക്കുന്നത്.

ചെൽസി തങ്ങളുടെ ഇംഗ്ലീഷ് സൂപ്പർതാരമായ റഹീം സ്റ്റേർലിങ്ങിനെ കൈവിടാൻ ഉദ്ദേശിക്കുന്നുണ്ട്.അടുത്ത സമ്മറിൽ അദ്ദേഹത്തിന് വേണ്ടി വരുന്ന ഓഫറുകൾ കേൾക്കാനാണ് ചെൽസി തീരുമാനിച്ചിരിക്കുന്നത്.മഡ്രിക്കിനെ സൈൻ ചെയ്തതോടുകൂടിയാണ് ഈ താരത്തെ കൈവിടാൻ ചെൽസിയെ പ്രേരിപ്പിക്കുന്നത്.

മഡ്രിക്കിനെ നഷ്ടമായതോടുകൂടി ആഴ്സണൽ തങ്ങളുടെ ലക്ഷ്യം വ്ലഹോവിച്ച് ആക്കിയിട്ടുണ്ട്. ഈ സെർബിയൻ സൂപ്പർതാരത്തിന് വേണ്ടി ഒരു ബിഡ് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഗണേഴ്സ് ഉള്ളത്.നിലവിൽ യുവന്റസിൽ കളിക്കുന്ന താരം പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല.

Pic Credit Getty Image

തങ്ങളുടെ സൂപ്പർതാരങ്ങളായ സോഫിയാൻ അമ്പ്രബാത്തിനേയും നിക്കോ ഗോൺസാലസിനെയും വിൽക്കാൻ ഉദ്ദേശിക്കുന്നില്ല എന്നുള്ളത് ഫിയോറെന്റിന CEO അറിയിച്ചിട്ടുണ്ട്. ഈ രണ്ട് താരങ്ങളിലും താല്പര്യമുള്ള പ്രകടിപ്പിച്ചുകൊണ്ട് വലിയ പ്രീമിയർ ലീഗ് ക്ലബ്ബുകൾ രംഗത്ത് വന്നിരുന്നു. അർജന്റീന താരമായ ഗോൺസാലസും മോറോക്കൻ താരമായ അമ്പ്രബാത്തും സമീപകാലത്ത് തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.

ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞയിൽ ആഴ്സണലിന് താല്പര്യമുണ്ട് എന്നുള്ളത് നേരത്തെ പുറത്തുവന്ന ഒരു കാര്യമാണ്. പക്ഷേ അദ്ദേഹം ബാഴ്സ വിടാൻ ഉദ്ദേശിക്കുന്നില്ല എന്നുള്ളത് തന്നെയാണ് വ്യക്തമാവുന്നത്. സൂപ്പർ കപ്പ് നേടിയതിന് പിന്നാലെയാണ് റാഫീഞ്ഞ ഇക്കാര്യം വ്യക്തമാക്കിയത്.

ബൊറൂസിയയുടെ സൂപ്പർ താരമായ ജൂഡ് ബെല്ലിങ്‌ഹാമിന് വേണ്ടി ഓഫറുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല എന്നുള്ളത് ക്ലബ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്. അതേസമയം മൗക്കോക്ക് തങ്ങൾ ഒരു ഓഫർ നൽകി എന്നും ഇനി അദ്ദേഹമാണ് തീരുമാനിക്കേണ്ടത് എന്നുമാണ് ക്ലബ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്. മറ്റുള്ള ക്ലബ്ബുകളിൽ നിന്നും മൗക്കോക്ക് ഓഫറുകൾ ഉണ്ട്. പക്ഷേ കരാർ പുതുക്കാനാണ് ബൊറൂസിയ ഇപ്പോൾ പരമാവധി ശ്രമിക്കുന്നത്.