ട്രാൻസ്ഫർ റൗണ്ടപ്പ്: ഗർനാച്ചോയെ സ്പാനിഷ് വമ്പന്മാർക്ക് വേണം,ഡീപേക്ക് പകരം സൂപ്പർതാരത്തെ ആവശ്യപ്പെട്ട് ബാഴ്സ!

ഫുട്ബോൾ ലോകത്തെ ഏറ്റവും പുതിയ ട്രാൻസ്ഫർ റൂമറുകൾ നമുക്കൊന്ന് പരിശോധിക്കാം. ആദ്യമായി പരിശീലകനായ സിനദിൻ സിദാന്റെ കാര്യമാണ്. അദ്ദേഹം ക്ലബ്ബ് ഫുട്ബോളിലേക്ക് മടങ്ങിവരാൻ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. യുവന്റസ് അവരുടെ പരിശീലകനായ അല്ലെഗ്രിക്ക് പകരമായി കൊണ്ട് ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് സിദാനെയാണ്.

എഫ്സി ബാഴ്സലോണയുടെ ഡച്ച് സൂപ്പർ താരമായ മെംഫിസ് ഡീപെ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ നിറഞ്ഞുനിൽക്കുന്ന ഒരു താരമാണ്. അദ്ദേഹം ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. ഒരു സ്വേപ് ഡീലിനാണ് ബാഴ്സ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്റർമിലാന്റെ സൂപ്പർ താരമായ മാഴ്സെലോ ബ്രോസോവിച്ചിനെയാണ് ഇപ്പോൾ ബാഴ്സ ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ ഇന്റർ മിലാൻ ഏത് രൂപത്തിലുള്ള തീരുമാനമെടുക്കും എന്നുള്ളത് നോക്കി കാണേണ്ട കാര്യമാണ്.

ബയേണിന്റെ ഫ്രഞ്ച് പ്രതിരോധനിരതാരമായ ബെഞ്ചമിൻ പവാർഡിനെ ടീമിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്സ. ബാഴ്സ തന്നെയാണ് താരത്തിന്റെ കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നത്. വരുന്ന സമ്മറിൽ വലിയൊരു തുക തന്നെ താരത്തിന് വേണ്ടി ബാഴ്സ ചിലവഴിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റൈൻ യുവ താരമായ അലെജാൻഡ്രോ ഗർനാച്ചോയുടെ കരാർ 2024 ലാണ് അവസാനിക്കുക. ഈ കരാർ പുതുക്കിയിട്ടില്ല. അതുകൊണ്ടുതന്നെ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് താരത്തിന്റെ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഈ അർജന്റീന താരത്തെ സ്വന്തമാക്കാൻ റയലിന് താല്പര്യമുണ്ട്.

ചെൽസി സൂപ്പർ താരമായ കായ് ഹാവേർട്സിനെ സ്വന്തമാക്കാൻ ബയേണിന് താല്പര്യമുണ്ട്. നിലവിൽ ഒരുപാട് മുന്നേറ്റ നിര താരങ്ങൾ ചെൽസിയിൽ എത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ ജർമൻ താരത്തെ ഒരുപക്ഷേ ചെൽസി ഒഴിവാക്കാനുള്ള സാധ്യതകൾ തെളിഞ്ഞു കാണുന്നുണ്ട്.

സൂപ്പർ താരം തോമസ് മുള്ളറുടെ സാഹചര്യങ്ങൾ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരീക്ഷിക്കുന്നുണ്ട്. താരത്തെ സ്വന്തമാക്കാൻ യുണൈറ്റഡിന് താല്പര്യമുണ്ട് എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.മീഡിയ ഫൂട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സൂപ്പർ താരം ഡുസാൻ വ്ലഹോവിച്ചിനെ സ്വന്തമാക്കാനും ബയേണിന് താല്പര്യമുണ്ട്.പക്ഷേ താരത്തിന് വേണ്ടി വലിയ തുക തന്നെ ക്ലബ്ബ് മുടക്കേണ്ടി വന്നേക്കും.110 മില്യൺ യുറോയോളം യുവന്റസ് ആവശ്യപ്പെടും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.