സ്പെയിൻ മാനേജറാകാൻ അവസരം ലഭിച്ചാൽ പരിഗണിക്കുമെന്ന് ലയണൽ സ്‌കലോണി

2018 ലോകകപ്പിന് ശേഷം അർജന്റീന ടീമിന്റെ താൽക്കാലിക പരിശീലകനായി ചുമതല ഏറ്റെടുത്ത്, പിന്നീട് സ്ഥിരം പരിശീലകനായി, 2022 എത്തിയപ്പോൾ മൂന്നു കിരീടങ്ങൾ സമ്മാനിച്ച വ്യക്തിയാണ് ലയണൽ സ്‌കലോണി. ലയണൽ മെസിയെന്ന അസാമാന്യ കഴിവുകളുള്ള താരത്തിന്റെ സാന്നിധ്യത്തിനൊപ്പം തന്നെ ലയണൽ സ്‌കലോണിയെന്ന ബുദ്ധികൂർമതയുള്ള പരിശീലകന്റെ തന്ത്രങ്ങളും അർജന്റീനയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.

വർഷങ്ങളായുള്ള അർജന്റീനയുടെ കിരീടമോഹം അവസാനിച്ചെങ്കിലും ലയണൽ സ്‌കലോണി ഇതുവരെയും ടീമുമായി പുതിയ കരാർ ഒപ്പിട്ടിട്ടില്ല. ലോകകപ്പിനു മുൻപു തന്നെ അർജന്റീനയുമായി കരാർ പുതുക്കുന്നതിന് അദ്ദേഹം സമ്മതം മൂളിയിരുന്നു. എന്നാൽ ഇതുവരെയും അതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അർജന്റീനക്കൊപ്പം തന്നെ തുടരുമെന്നുറപ്പുള്ള സ്‌കലോണി കഴിഞ്ഞ ദിവസം തന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

അർജന്റീന ടീമിനൊപ്പം തന്നെ തുടരുമെന്നാണ് ലയണൽ സ്‌കലോണി ഉറപ്പിച്ചു പറയുന്നത്. ദേശീയ ടീമിനൊപ്പം തന്നെ തുടരുന്നത് തന്റെ കുടുംബത്തിനും മകനുമൊപ്പം സമയം ചിലവഴിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മക്കൾ വളർന്നു വരുന്നത് കാണാൻ കഴിയുമെന്നും പറഞ്ഞ അദ്ദേഹം ഏതെങ്കിലും ഒരു ഘട്ടത്തിൽ ക്ലബ് ഫുട്ബോളിലേക്ക് തന്റെ കരിയർ മാറ്റുമെന്നും വ്യക്തമാക്കി.

സ്പെയിനിലെ മൂന്നു ക്ലബുകളിൽ കളിക്കുകയും സെവിയ്യയിൽ സഹപരിശീലകനായിരിക്കുകയും ചെയ്‌തിട്ടുള്ള സ്‌കലോണി സ്‌പെയിൻ ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചും സംസാരിച്ചു. ഭാവിയിൽ സ്പെയിനിൽ നിന്നും ഓഫർ വന്നാൽ അത് പരിഗണിക്കുമെന്നു തന്നെയാണ് അദ്ദേഹം പറയുന്നത്. സ്പെയിൻ തന്റെ രണ്ടാമത്തെ വീടാണെന്നും സ്‌കലോണി അതിനൊപ്പം കൂട്ടിച്ചേർത്തു.

അർജന്റീന ടീമിനൊപ്പം 2026 ലോകകപ്പ് വരെ സ്‌കലോണി തുടരുമെന്ന കാര്യം ഉറപ്പാണ്. അതിനു മുൻപ് ഒരു പരിശീലകമാറ്റം ദേശീയടീമിൽ ഉണ്ടാകാൻ യാതൊരു സാധ്യതയുമില്ല. 2018 ലോകകപ്പിനു പിന്നാലെ സ്ഥാനമേറ്റെടുത്തതിനു ശേഷം അർജന്റീനക്ക് സ്‌കലോണി സ്വന്തമാക്കി നൽകിയ നേട്ടങ്ങൾ വീണ്ടും ആവർത്തിക്കാൻ അദ്ദേഹത്തിന് വീണ്ടും ആവർത്തിക്കാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.