നവംബർ ഇരുപതാം തീയതി മെസ്സിക്കൊരു കടലാസിൽ എന്റെ വാഗ്ദാനം എഴുതി നൽകി : ഡി പോളിന്റെ വെളിപ്പെടുത്തൽ

അർജന്റീന ഖത്തർ വേൾഡ് കപ്പ് ചാമ്പ്യന്മാരായിട്ട് ഇപ്പോൾ ഒരു മാസം പിന്നിടാൻ നിൽക്കുകയാണ്. ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയിരുന്നത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട അർജന്റീന എവിടെയും അമ്പരപ്പിക്കുന്ന തിരിച്ചുവരവായിരുന്നു നടത്തിയിരുന്നത്.

അർജന്റീനക്ക് വേണ്ടി വളരെ മികവാർന്ന പ്രകടനം പുറത്തെടുത്ത താരങ്ങളിൽ ഒരാളാണ് മധ്യനിര താരമായ റോഡ്രിഗോ ഡി പോൾ. സൗദി അറേബ്യക്ക് എതിരെയുള്ള മത്സരത്തിൽ തിളങ്ങാൻ സാധിക്കാതെ പോയതോടെ ഡി പോളിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. പക്ഷേ പൂർവാധികം ശക്തിയോടെ ഡി പോളും തിരിച്ച് വരികയായിരുന്നു.

റോഡ്രിഗോ ഡി പോൾ ഒരു വെളിപ്പെടുത്തൽ കഴിഞ്ഞദിവസം നടത്തിയിട്ടുണ്ട്. അതായത് നവംബർ ഇരുപതാം തീയതി ലയണൽ മെസ്സിക്ക് ഒരു കടലാസിൽ താൻ തന്റെ വാഗ്ദാനം എഴുതി നൽകിയിരുന്നു എന്നാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്. അർജന്റീന വേൾഡ് കപ്പ് കിരീടം നേടും എന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.

‘ നവംബർ ഇരുപതാം തീയതി ഞാൻ ലയണൽ മെസ്സിക്കൊപ്പം സമയം ചിലവഴിക്കുകയായിരുന്നു.ആ സമയത്ത് ഞാൻ ഒരു കടലാസിൽ മെസ്സിക്ക് ഒരു കാര്യം എഴുതി നൽകി. ഇന്ന് നവംബർ ഇരുപതാം തീയതിയാണ്.ഞാൻ നിങ്ങൾക്കൊരു സത്യം നൽകുന്നു. നമ്മൾ വേൾഡ് കപ്പ് കിരീടം നേടുക തന്നെ ചെയ്യും ‘ ഇതായിരുന്നു ഡി പോൾ ലയണൽ മെസ്സിക്ക് നൽകിയ വാഗ്ദാനം.

ഒരു മാസം പിന്നിട്ടപ്പോൾ ആ വാഗ്ദാനം യാഥാർത്ഥ്യമാവുകയും ചെയ്തു.അർജന്റീന ലോക ചാമ്പ്യന്മാരായി മാറുകയായിരുന്നു.ലയണൽ മെസ്സി സമ്പൂർണ്ണനാവുകയും ചെയ്തു. വളരെയധികം ഒത്തിണക്കത്തോട് കൂടിയും ഒത്തൊരുമയോടെ കൂടിയും കളിച്ചതാണ് അർജന്റീനയുടെ വിജയരഹസ്യം എന്നുള്ളത് ഇപ്പോൾ പരസ്യമാണ്.