ട്രാൻസ്ഫർ റൗണ്ടപ്പ്: റൊണാൾഡോക്ക് പകരക്കാരനെ എത്തിച്ചു മാഞ്ചസ്റ്റർ, റാഫിഞ്ഞ ബാഴ്സ വിടും

ലോക ഫുട്ബോളിൽ ജനുവരി ട്രാൻസ്ഫർ വിൻഡോ സജീവമായി കൊണ്ടിരിക്കുന്ന സമയമാണിത്. ഓരോ ടീമുകളും തങ്ങൾക്ക് ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കി കൊണ്ടിരിക്കുന്നുണ്ട്. മാത്രമല്ല ടീമിന്റെ പോരായ്മകൾ നികത്താനും ശക്തി വർദ്ധിപ്പിക്കാനും വേണ്ടി ഒരുപാട് താരങ്ങളെ നോട്ടമിടുന്നുമുണ്ട്. പുതിയ ട്രാൻസ്ഫർ റൂമറുകൾ നമുക്കൊന്ന് പരിശോധിക്കാം.

സൂപ്പർ താരം ഹാരി കെയ്നുമായി ബന്ധപ്പെട്ട ഒരു റൂമർ ഇപ്പോൾ ടോഡോഫിഷാജസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് റയൽ മാഡ്രിഡ് ബെൻസിമയുടെ പകരക്കാരനായി കൊണ്ട് കെയ്നിനെ ലക്ഷ്യം വെച്ചിട്ടുണ്ട്. പക്ഷേ താരത്തിനു വേണ്ടി ചുരുങ്ങിയത് 100 മില്യൺ യൂറോയെങ്കിലും റയൽ മാഡ്രിഡ് ചിലവഴിക്കേണ്ടി വന്നേക്കും.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനായി കൊണ്ട് വെഗോസ്റ്റിനെ ടീമിൽ എത്തിക്കാൻ യുണൈറ്റഡ് തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല താരത്തിന്റെ കാര്യത്തിൽ ധാരണയിൽ എത്തുകയും ചെയ്തു.3 മില്യൺ യുറോയാണ് യുണൈറ്റഡ് ചിലവഴിക്കുക. ലോൺ അടിസ്ഥാനത്തിൽ ആയിരിക്കും ഈ ഡച്ച് താരം യുണൈറ്റഡിൽ എത്തുക.

ബയേണിന്റെ സൂപ്പർ താരമായ അൽഫോൻസോ ഡേവിസിനെ റയൽ മാഡ്രിഡ് നോട്ടമിടുന്നു എന്ന വാർത്തയാണ് മറ്റൊന്ന്.വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ സ്വന്തമാക്കാൻ പരമാവധി റയൽ ശ്രമിക്കും.ഫെർലാന്റ് മെന്റിയുടെ പകരക്കാരനായി കൊണ്ടാണ് താരത്തെ റയൽ ലക്ഷ്യം വെക്കുന്നത്.

ബ്രസീലിയൻ സൂപ്പർ താരമായ റാഫീഞ്ഞയുമായി ബന്ധപ്പെട്ട വാർത്തയാണ് മറ്റൊന്ന്. ബാഴ്സയിൽ തിളങ്ങാൻ കഴിയാത്തതിനാൽ അടുത്ത സമ്മറിൽ അദ്ദേഹത്തെ വിൽക്കാൻ ബാഴ്സ ആലോചിക്കുന്നുണ്ട്. ഇറ്റാലിയൻ വമ്പൻമാരായ എസി മിലാൻ റാഫീഞ്ഞയിൽ താല്പര്യം അറിയിച്ചിട്ടുണ്ട്.ഇറ്റാലിയൻ മാധ്യമങ്ങൾ തന്നെയാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മറ്റൊരു താരം ഓബമയാങ്ങാണ്. അദ്ദേഹം നിലവിൽ ചെൽസിയുടെ താരമാണ്.പക്ഷേ അദ്ദേഹത്തെ തിരികെ എത്തിക്കാൻ ബാഴ്സക്ക് ഇപ്പോൾ താല്പര്യമുണ്ട്.മെംഫിസ് ഡീപേ ക്ലബ്ബ് വിടുകയാണെങ്കിൽ ബാഴ്സ ഈ ഗാബോൻ താരത്തെ തിരികെ എത്തിക്കാൻ ശ്രമിക്കും.