നോ എംബപ്പെ നോ പ്രോബ്ലം, ലയണൽ മെസ്സി തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി, പിഎസ്ജി ജയിച്ചു

അർജന്റീനയെ ലോകകപ്പ് ചാമ്പ്യനാക്കി ടൂർണമെന്റിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസ്സി ക്ലബ്ബ് ഫുട്ബോളിൽ തിരിച്ചെത്തി, ആദ്യ മത്സരത്തിൽ തന്നെ മിന്നും പ്രകടനത്തോടെ പിഎസ്ജി വിജയം സ്വന്തമാക്കി.

ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് എതിരാളികൾ റിലഗേഷൻ സോണിലുള്ള ആങ്കേഴ്സ് ആയിരുന്നു, എംബാപ്പയുടെ അഭാവത്തിൽ നെയ്മറും ലയണൽ മെസ്സിയും ആദ്യ ഇലവനിൽ സ്ഥാനം നേടിയ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പി എസ് ജി വിജയം സ്വന്തമാക്കിയത്.

മത്സരം തുടങ്ങി കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ മെസ്സിയിൽ നിന്നും മുകിലെ സ്വീകരിച്ച പന്ത് ബോക്സിലേക്ക് നൽകിയപ്പോൾ ഗോൾ നേടാൻ പാകത്തിന് കാത്തിരുന്ന എക്കിടകെ അനായാസമായി സന്ദർശകരുടെ വലയിൽ എത്തിച്ചു, പിന്നീട് എതിരാളികൾ ഉണർന്ന് കളിച്ചെങ്കിലും പി എസ് ജിയുടെ ഗോൾമുഖത്ത് അപകടം വിതക്കാൻ മാത്രം കഴിഞ്ഞില്ല. ഇതോടെ കളിയുടെ ആദ്യ പകുതി പിന്നിട്ടപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് പി എസ് ജി മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിൽ തണുപ്പൻ കളിയാണ് പി എസ് ജി താരങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായത്, കളിയുടെ 72മത്തെ മിനിറ്റിൽ മെസ്സി-നെയ്മർ സെറ്റപ്പിൽ മികച്ച മുന്നേറ്റം നടത്തി മുകിലെക്ക് മെസ്സി വലത് വിങ്ങിലേക്ക് കൈമാറിയ ശേഷം തിരിച്ചു വാങ്ങി അനായാസം ഗോൾകീപ്പറെ കബളിപ്പിച്ച് വലങ്കാൽ ഗോൾ നേടിയതോടെ ഗോൾ പട്ടിക പൂർത്തിയായി. കളിയുടെ 82 മത്തെ മിനിറ്റിൽ മെസ്സിയുടെ ഒരു തകർപ്പൻ പാസിലൂടെ നെയ്മർ ഒരു മിന്നും വോളി ഗോൾ നേടിയെങ്കിലും VAR ലൂടെ ഓഫ് സൈഡ് വിധിക്കപ്പെട്ടു.

കഴിഞ്ഞ ലീഗ് മത്സരത്തിൽ പി എസ് ജി ലെൻസിനോട് പരാജയപ്പെട്ടിരുന്നു, സസ്പെൻഷൻ കാരണം നെയ്മർ കളിക്കാതിരുന്നപ്പോൾ ലോകകപ്പ് ചാമ്പ്യനായ ശേഷം മെസ്സി ക്ലബ്ബിലേക്ക് തിരിച്ചെത്തിയിരുന്നില്ല, ഇരു സൂപ്പർതാരങ്ങളുടെയും അഭാവത്തിൽ പാരിസിനെ ഒറ്റയ്ക്ക് നയിച്ച എംബാപ്പെക്ക് പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ സാധിച്ചില്ല. ആംങ്കെഴ്സിനെതിരെ ഇന്നത്തെ മത്സരത്തിൽ എംബാപ്പെ, ഹകിമി എന്നീ താരങ്ങൾ പാരിസിനൊപ്പമുണ്ടായിരുന്നില്ല. ഫ്രഞ്ച് ലീഗിൽ നിലവിൽ 18 മത്സരങ്ങളിൽ 47പോയിന്റ്കളുമായി പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്ത്.പിഎസ്ജിയുടെ അടുത്ത മത്സരം റെന്നിസിനെതിരെ ഈ വരുന്ന ഞായറാഴ്ചയാണ്.