എംബാപ്പേയുടെ സഹതാരവും പറയുന്നു ലിയോ മെസ്സിയാണ് അർഹൻ |Lionel Messi

ഓരോ വർഷവും ഒരു ഫുട്ബോൾ കളിക്കാരന് നേടാവുന്ന ഏറ്റവും അഭിമാനകരമായ വ്യക്തിഗത ഫുട്ബോൾ അവാർഡുകളിലൊന്നാണ് ബാലൻ ഡി ഓർ. 67-ാമത് ബാലൻ ഡി ഓർ പുരസ്‌കാര ചടങ്ങ് ഇന്ന് ഫ്രാൻസിലെ പാരീസിലെ തിയേറ്റർ ഡു ചാറ്റ്‌ലെറ്റിൽ വെച്ച് 11.30 യോടെയാണ് അരങ്ങുണരുന്നത് . കഴിഞ്ഞവർഷം ബാലൻ ഡി ഓർ പുരസ്കാരം നേടിയത് റയൽ മാഡ്രിഡിന്റെ മുൻനിര താരം ആയിരുന്ന കരിം ബെൻസമ ആയിരുന്നു.

2023ലെ ബാലൻ ഡി ഓർ അർജന്റീന ഇതിഹാസമായ ലയണൽ മെസ്സിയാണ് നേടാൻ പോകുന്നത് എന്ന സൂചനകൾ ഈയിടെയായി നവമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ സാധ്യതകൾ കൊണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ ഹാലാന്റും മെസ്സിയുടെ കണക്കുകളോട് അടുത്തായി തന്നെ ഉണ്ട്. ഹാലാന്റ് സിറ്റിക്ക് വേണ്ടി നേടിക്കൊടുത്ത ട്രോഫികളും വ്യക്തിഗത പുരസ്കാരങ്ങളും അതിനുദാഹരണങ്ങൾ മാത്രമാണ്.

ലിയോ മെസ്സി തന്നെയാണ് ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരം നേടുന്നതെന്ന് പല ജേണലിസ്റ്റുകളും, ഇതിഹാസങ്ങളും ഇതിനോടകം തന്നെ അഭിപ്രായം അറിയിച്ചിട്ടുള്ളതാണ്.ഈ വർഷത്തെ ബാലൻ ഡി ഓർ വിജയി ആരാകുമെന്ന് ഫ്രാൻസിന്റെ മിന്നും താരമായ ഒലിവർ ജിറൂഡിനോട് അഭിമുഖത്തിൽ ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇപ്പോൾ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.

അദ്ദേഹം അപ്പോൾ മറുപടി പറഞ്ഞത് ഇങ്ങനെയാണ്: “ആരാണ് ഇപ്രാവശ്യത്തെ വേൾഡ് കപ്പ് നേടിയത്,അത് സാക്ഷാൽ അർജന്റീനയാണ്. അർജന്റീനയുടെ ലോകകപ്പ് കിരീടം ചൂടുന്നതിൽ നായകനായ ലിയോ മെസ്സി വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹമാണ് അർജന്റീനക്ക് വേൾഡ് കപ്പ് നേടിക്കൊടുത്തത്. അതിനാൽ തന്നെ ലിയോ മെസ്സി തന്നെയാണ് ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരം നേടാൻ പോകുന്നത്-എന്നതാണ് ഞാൻ വിചാരിക്കുന്നത് ” എന്നാണ് അർജന്റീനയുടെ ഫൈനലിലെ എതിരാളികളായിരുന്ന ഫ്രാൻസിന്റ താരമായ ഒലിവർ ജിറൂഡ് മാധ്യമങ്ങളോട് പറഞ്ഞത്.

ഫുട്ബോളിൽ നിലവിൽ മികച്ച പ്രകടനം നടത്തുന്ന യുവ താരങ്ങളായ എർലിംഗ് ഹാലന്റ്, കിലിയൻ എംബാപ്പെ എന്നീ താരങ്ങളെല്ലാം ബാലൻ ഡി ഓർ ലിസ്റ്റിലുണ്ട് . അഞ്ച് തവണ ജേതാവായ പോർച്ചുഗലിന്റെ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഈ വർഷത്തെ നോമിനേഷൻ ലഭിച്ചിട്ടില്ല.എന്നാൽ സമീപകാല ജേതാക്കളായ ലൂക്കാ മോഡ്രിച്ചും കരിം ബെൻസെമയും ലിസ്റ്റിൽ മെസ്സിയുടെ അടുത്തായി തന്നെയുണ്ട്.ഇന്ന് നടത്തപ്പെടുന്ന ബാലൻ ഡി ഓർ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ മെസ്സി വിജയിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ ഫുട്ബോൾ ജീവിതത്തിലെ 8ആമത്തെ ബാലൻ ഡി ഓർ ആയിരിക്കും ഇത്.