‘മികച്ച കളിക്കാരനാവണമെങ്കിൽ നെയ്മർ ലിയോ മെസ്സിക്കൊപ്പം തുടരണമായിരുന്നു’ : ലൂയിസ് സുവാരസ് |Neymar

2014 മുതൽ 2017 വരെയുള്ള സമയത്ത് ബാഴ്സലോണയുടെ മുന്നേറ്റ നിരയിലെ പ്രധാനികളായിരുന്നു നെയ്മർ ജൂനിയറും ലിയോ മെസ്സിയും ലൂയിസ് സുവാരസ്സും. ഇവർ മൂന്നു പേരും അണിനിരന്നപ്പോൾ യൂറോപ്പിലെ ഏറ്റവും ശക്തമായ ആക്രമണ നിരായുള്ള ടീമായി ഇവർ മാറി. എന്നാൽ 2017 ൽ നെയ്മർ ബാഴ്സലോണയോട് വിടപറഞ്ഞ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക് ചേക്കേറി.

ലൂയിസ് സുവാരസും ലയണൽ മെസ്സിയും ബാഴ്സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്നിലേക്കുള്ള നെയ്മർ ജൂനിയറിന്റെ നീക്കം തടയാനുള്ള ശ്രമം നടത്തി. റെക്കോർഡ് കൈമാറ്റത്തിലൂടെയാണ് നെയ്മർ കാറ്റലോണിയയിൽ നിന്നും പാരിസിലേക്ക് പോയത്. ക്യാമ്പ് നൗവിൽ മെസ്സിയുടെ നിഴലിൽ നിന്നും പുറത്ത് കടക്കുക എന്ന ലക്ഷ്യവുമായാണ് നെയ്മർ ക്ലബ് മാറിയത്. എന്നാൽ പരിക്കും മോശം ഫോമും മൂലം 31 കാരന് ഫ്രഞ്ച് ക്ലബ്ബിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിച്ചില്ല.2023-ൽ സൗദി അറേബ്യയിലേക്ക് നെയ്മർ മാറുകയും ചെയ്തു. നെയ്മറെ ബാഴ്‌സലോണയിൽ നിലനിർത്താൻ തന്നാൽ കഴിയുന്നത് ചെയ്തുവെന്ന് സഹ താരം ലൂയി സുവാരസ് പറഞ്ഞു.

“ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളായിരുന്നു, പിച്ചിൽ ഞങ്ങളുടെ റോൾ നിറവേറ്റുകയാണെങ്കിൽ, ഞങ്ങൾ ബാഴ്‌സലോണയെ മികച്ചതാക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു”, ക്ലാങ്കിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.“നമ്മളിൽ ഒരാൾ നന്നായി കളിച്ചില്ലെങ്കിൽ, മറ്റ് രണ്ടുപേരും വ്യത്യാസമുണ്ടാക്കും. ഗംഭീരമായ ഒരു ബന്ധമായിരുന്നു അത്.പിഎസ്ജിയിലേക്ക് പോയത് തെറ്റാണെന്ന് ഞങ്ങൾ നെയ്മറോട് പറഞ്ഞു.നെയ്‌ക്ക് മികച്ചവനാകണമെങ്കിൽ ലിയോയുടെ അരികിൽ നിൽക്കണമായിരുന്നു. പക്ഷേ, അദ്ദേഹം തന്റെ തീരുമാനം എടുത്തു, അത് ടീമിൽ ഒരു ശൂന്യത സൃഷ്ടിച്ചു” സുവാരസ് പറഞ്ഞു.

2014 മുതൽ നെയ്മർ ജൂനിയർ ക്ലബ്ബ് വിടുന്ന 2017 കാലഘട്ടം വരെ ഒരുമിച്ച് കളിച്ച മൂവരും തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങൾ ബാഴ്സലോണക്കൊപ്പം ചെലവഴിച്ചു. ഒരു ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പടെ നേടിയ താരങ്ങൾ പിന്നീട് പലവർഷങ്ങളിലായി ബാഴ്സലോണ ക്ലബ്ബിനോട് വിട പറഞ്ഞുപോയി. നിലവിൽ മൂന്നു താരങ്ങളും വിവിധ ലീഗുകളിലായാണ് കളിക്കുന്നത്. അതേസമയം ലിയോ മെസ്സിയുടെ ടീമായ ഇന്റർ മിയാമിയിലേക് ലൂയിസ് സുവാരസ്‌ എത്തുമെന്നും ട്രാൻസ്ഫർ റൂമറുകളുണ്ട്.