സിറ്റിയെ പിടിച്ചുകെട്ടി പാലസ് : ചെൽസിക്ക് ജയം : ബാഴ്സലോണക്ക് സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ക്രിസ്റ്റൽ പാലസ്. സ്റ്റോപ്പേജ് ടൈമിൽ മൈക്കൽ ഒലീസ് പെനാൽറ്റിയിൽ നിന്നും നേടിയ ഗോളാണ് ക്രിസ്റ്റൽ പാലസിന് സമനില നേടിക്കൊടുത്തത്. ഇട്ടു ടീമുകളും മത്സരത്തിൽ രണ്ടു ഗോളുകൾ വീതമാണ് നേടിയത്.കാലിന് പരിക്കേറ്റതിനെത്തുടർന്ന് ലീഗിലെ മുൻനിര സ്‌കോറർ എർലിംഗ് ഹാലൻഡ് ഇല്ലാതെയാണ് സിറ്റി കളിയ്ക്കാൻ ഇറങ്ങിയത്.

ആസ്റ്റൺ വില്ല, ആഴ്‌സനൽ, ലിവർപൂൾ എന്നിവയ്ക്ക് പിന്നിൽ 34 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് സിറ്റിയുടെ സ്ഥാനം.17 പോയിന്റുമായി 15-ാം സ്ഥാനത്താണ് പാലസ്. രണ്ടു ഗോളിന് പിന്നിട്ട നിന്ന് ശേഷമാണ് ക്രിസ്റ്റൽ പാലസ് സമനില നേടിയത്.24-ാം മിനിറ്റിൽ ജാക്ക് ​ഗ്രീലിഷ് ഫോഡന്റെ പാസിൽ നിന്നും നേടിയ ഗോളിൽ സിറ്റി മുന്നിലെത്തി.54-ാം മിനിറ്റിൽ റിക്കോ ലൂയിസിന്റെ ഗോളിൽ സിറ്റി ലീഡ് ഉയർത്തി.പക്ഷേ 76-ാം മിനിറ്റിൽ ജീൻ-ഫിലിപ്പി ക്രിസ്റ്റൽ പാലസിന്റെ ആദ്യ ​ഗോൾ നേടി. 95-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മൈക്കിൾ ഒലിസെ വലയിലെത്തിച്ചതോടെ ക്രിസ്റ്റൽ പാലസ് സമനില പിടിച്ചു.

മറ്റൊരു മത്സരത്തിൽ ചെൽസി ഷെഫീൽഡ് യുണൈറ്റഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയം നേടി.കോൾ പാമറും നിക്കോളാസ് ജാക്സണും ആണ് ചെൽസിക്കായി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലാണ് ഗോളുകൾ പിറന്നത്.രണ്ട് പരാജയങ്ങൾക്ക് ശേഷമാണ് ചെൽസി പ്രീമിയർ ലീ​ഗിൽ വിജയം നേടുന്നത്.സീസണിലെ മൂന്നാം ഹോം ലീഗ് വിജയം ചെൽസിയെ ലണ്ടനിലെ അയൽക്കാരായ ഫുൾഹാമിനും ബ്രെന്റ്‌ഫോർഡിനും മുകളിൽ പത്താം സ്ഥാനത്തേക്ക് ഉയർത്തി.

ലാലിഗയിൽ ബാഴ്‌സലോണയെ സമനിലയിൽ പിടിച്ചു കെട്ടി വലൻസിയ. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകൾ വീതമാണ് നേടിയത്.അവസാന മൂന്നു മത്സരങ്ങളിൽ ബാഴ്സക്ക് ജയിക്കാൻ സാധിച്ചിട്ടില്ല.നാല് ദിവസത്തിനിടെ രണ്ട് തോൽവികളുടെ പശ്ചാത്തലത്തിൽ വലൻസിയയിലേക്ക് പോയ ബാഴ്‌സലോണ പന്തിൽ ആധിപത്യം പുലർത്തിയിട്ടും പ്രകടനത്തിൽ അത്ര മികവ് പുലർത്തിയില്ല.ഞായറാഴ്ച ലാലിഗ ലീഡേഴ്‌സായ ജിറോണയോടും 4-2 ന് ഹോം തോൽവിയും തുടർന്ന് ബുധനാഴ്ച ആന്റിവേർപ്പിനോട് 3-2 ചാമ്പ്യൻസ് ലീഗ് തോൽവിയും ബാഴ്സ ഏറ്റുവാങ്ങിയിരുന്നു.

വലൻസിയ ഗോൾകീപ്പർ ജിയോർജി മമർദാഷ്‌വിലിയുടെ സേവുകൾ ബാഴ്‌സയെ ഗോളടിക്കുന്നതിൽ നിന്നും തടഞ്ഞത്.സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കിക്കെതിരെ രണ്ടു മിന്നുന്ന സേവുകൾ മമർദാഷ്‌വിലി നടത്തി.ജോർജിയൻ ഗോൾകീപ്പർ പകരക്കാരനായ ഫെറാൻ ടോറസിനെതിരെ അവിശ്വസനീയമായ മറ്റൊരു സേവ് നടത്തി.ജോവോ ഫെലിക്‌സ് 55-ാം മിനിറ്റിൽ റാഫിൻഹയുടെ ക്രോസിൽ നിന്ന് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ബാഴ്‌സയെ മുന്നിലെത്തിച്ചു. ലഭിച്ച അവസരം പരമാവധി മുതലാക്കിയ വലൻസിയ 71 ആം ആം മിനുട്ടിൽ ഹ്യൂഗോ ഗില്ലമോൺ വലൻസിയുടെ സമനില ഗോൾ നേടി.

വിജയ ഗോളിനായി ബാഴ്‌സ കഠിനമായ ശ്രമം നടത്തിയെങ്കിലും മമർദാഷ്‌വിലി രണ്ട് സേവുകൾ കൂടി നടത്തി വലൻസിയക്ക് സമനില നേടിക്കൊടുത്തു.ലാലിഗ സ്റ്റാൻഡിംഗിൽ 35 പോയിന്റുമായി മൂന്നാമതാണ് ബാഴ്‌സ, രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് നാല് പോയിന്റ് പിന്നിലും ലീഡേഴ്‌സ് ജിറോണയുടെ ആറ് പോയിന്റും പിന്നിലാണ്. 20 പോയിന്റുമായി പത്താം സ്ഥാനത്താണ് വലൻസിയ.