പാരിസിൽ ഈ അവാർഡ് ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച് മെസ്സിയുടെ വാക്കുകൾ | Lionel Messi

കായികരംഗത്തെ ഓസ്‌കാറായി അറിയപ്പെടുന്ന ലോറിസ് അവാർഡ് ഫുട്ബോളിലേക്ക് വരുന്നത് വളരെ ദുർലഭമാണ്. അതിൽ തന്നെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഫുട്ബോൾ താരങ്ങൾ 2020 വരെ സ്വന്തമാക്കിയിട്ടില്ലായിരുന്നു. എന്നാൽ അവിടെയാണ് ലയണൽ മെസി വ്യത്യസ്ഥനാവുന്നത്. 2020ൽ ലോറിസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ സ്വന്തമാക്കിയ ലയണൽ മെസി 2023ലും ആ നേട്ടം ആവർത്തിച്ചു.

കഴിഞ്ഞ ദിവസം പാരീസിൽ വെച്ച് നടന്ന ചടങ്ങിലാണ് ലോറിസിലെ സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്‌കാരം മെസി സ്വന്തമാക്കിയത്. ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം സ്വന്തമാക്കിയതാണ് ഈ നേട്ടം സ്വന്തമാക്കാൻ മെസിയെ സഹായിച്ചത്. മുപ്പത്തിയാറു വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് അർജന്റീന ഐതിഹാസികമായ രീതിയിൽ കിരീടം സ്വന്തമാക്കിയപ്പോൾ മുന്നിൽ നിന്ന് നയിച്ചത് മെസിയായിരുന്നു.

ലോകകപ്പിൽ ഏഴു ഗോളുകളും മൂന്നു അസിസ്റ്റുമാണ് ലയണൽ മെസി സ്വന്തമാക്കിയത്. ഗ്രൂപ്പ് മുതൽ ഫൈനൽ വരെയുള്ള ഓരോ ഘട്ടങ്ങളിലും ഗോൾ നേടി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ താരമായി മെസി മാറി. ഒടുവിൽ ഫൈനലിൽ രണ്ടു ഗോൾ നേടി അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച താരമാണ് ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

ഈ നേട്ടത്തിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞ ലയണൽ മെസി 2021 മുതൽ തന്നെ സ്വീകരിച്ച പാരീസിൽ വെച്ചാണ് ചടങ്ങ് നടന്നത് എന്നതിനാൽ ഈ നേട്ടം കൂടുതൽ ആഹ്ളാദകരമാണെന്നും വെളിപ്പെടുത്തി. അർജന്റീന താരങ്ങളോട് മാത്രമല്ല, പിഎസ്‌ജിയിലെ സഹതാരങ്ങളോടും നന്ദി പറഞ്ഞ മെസി ഇതൊന്നും ഒറ്റക്ക് നേടാൻ കഴിയുമായിരുന്നില്ലെന്നും എല്ലാവരുമായും ഇത് പങ്കു വെക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു.

ലയണൽ മെസി മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ അർജന്റീന മികച്ച ടീമെന്ന നിലയിലുള്ള അവാർഡും നേടിയിരുന്നു. ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ കിരീടനേട്ടത്തിനു ശേഷം ഫിഫ ദി ബെസ്റ്റ് അവാർഡ്‌സ് അർജന്റീന താരങ്ങൾ തൂത്തു വാരിയിരുന്നു. അതിനു പിന്നാലെയാണ് മറ്റൊരു ബഹുമതി കൂടി ടീമിനെ തേടിയെത്തിയത്.