അവശേഷിക്കുന്നത് മൂന്നു കളികൾ , രാജസ്ഥാൻ റോയൽസിന് പ്ലെ ഓഫിൽ കടക്കാനാവുമോ ?

രാജസ്ഥാൻ റോയൽസ് തോൽവി വഴങ്ങുന്നത് തുടരുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ നാല് വിക്കറ്റിനാണ് അവർ തോൽവി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തിയപ്പോൾ സൺറൈസേഴ്സ് അതേ നാണയത്തിൽ തിരിച്ചടിച്ചു. ആറ് വിക്കറ്റ് നഷ്ടത്തിൽ അവർ 217 റൺസെടുത്താണ് വിജയം നേടിയത്.

സീസണില്‍ ഇനി മൂന്ന് കളികള്‍ മാത്രമാണ് രാജസ്ഥാന് അവേശേഷിക്കുന്നത്. ഈ മൂന്ന് മത്സരരങ്ങളും ജയിച്ചാല്‍ മാത്രമെ രാജസ്ഥാന നാലാം സ്ഥാനക്കാരായെങ്കിലും പ്ലേ ഓഫിലെത്താമെന്ന പ്രതീക്ഷ നിലനിര്‍ത്താനാവു. ഇനിയൊരു തോല്‍വി രാജസ്ഥാന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിപ്പിക്കും. നിലവില്‍ 11 കളികളില്‍ 10 പോയന്‍റാണ് രാജസ്ഥാനുള്ളത്. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് രാജസ്ഥാൻ ഉള്ളത്.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ആര്‍സിബി, പഞ്ചാബ് കിങ്‌സ് എന്നിവരാണ് രാജസ്ഥാന്റെ എതിരാളികള്‍. ഇതില്‍ കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ നേരിടുമ്പോള്‍ ആര്‍സിബിയെ സ്വന്തം മണ്ണിലാണ് രാജസ്ഥാന് നേരിടേണ്ടത്. പഞ്ചാബിനെതിരായ മത്സരം ധര്‍മശാലയിലാണ്.

നിലവില്‍ നാലാം സ്ഥാനത്തുണ്ടെങ്കിലും അഞ്ചാമതും ആറാമതും ഏഴാമതുമുള്ള ബാഗ്ലൂര്‍, മുംബൈ, പഞ്ചാബ് ടീമുകള്‍ക്കും രാജസ്ഥാനൊപ്പം 10 പോയന്‍റുണ്ട്. ഇവരെല്ലാം ഒരു മത്സരം കുറച്ചെ കളിച്ചിട്ടുള്ളു എന്ന ആനുകൂല്യവുമുണ്ട്. മാത്രമല്ല, നാലു കളികള്‍ ബാക്കിയുള്ള കൊല്‍ക്കത്തക്കും ഹൈദരാബാദിനും ഡല്‍ഹിക്കും എട്ടു പോയന്‍റ് വീതമുള്ളതിനാല്‍ ഇനിയുള്ള എല്ലാ കളികളും ജയിച്ചാല്‍ ഇവര്‍ക്കും 16 പോയന്‍റ് സ്വന്തമാക്കി പ്ലേ ഓഫിലെത്താനുള്ള സാധ്യത വര്‍ധിപ്പിക്കാം.ഇപ്പോഴും നെറ്റ് റണ്‍റേറ്റ് 0.388 ആണെന്നതാണ് രാജസ്ഥാനെ സംബന്ധിച്ച് മുന്‍തൂക്കം നല്‍കുന്ന കാര്യം.

ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിക്കാനാവാതെ പോയാല്‍ അവസാന സീസണിലെ റണ്ണറപ്പുകളായ രാജസ്ഥാന് ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തുപോവേണ്ടി വരുമെന്ന് തന്നെ പറയാം.ഐപിഎല്‍ ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്ന രാജസ്ഥാന്‍ അവസാനം കളിച്ച അവസാനം കളിച്ച നാലില്‍ മൂന്ന് കളിയും തോറ്റു.