ബാഴ്സലോണയും ലയണൽ മെസ്സിയുടെ ഏജന്റും തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞു, തിരിച്ചുവരവ് ഉണ്ടായേക്കും

ലോകഫുട്ബോൾ ആരാധകർ കാത്തിരുന്നത് പോലെ ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായി ലോകം കീഴടക്കിയതിന് ശേഷം ലിയോ മെസ്സി വീണ്ടും എഫ്സി ബാഴ്സലോണയിലേക്ക് തിരികെയെത്തുകയാണ്. ലിയോ മെസ്സിയുടെ ഭാവി സംബന്ധിച്ചുള്ള ട്രാൻസ്ഫറിൽ ഇന്ന് വൻ ട്വിസ്റ്റുകളാണ് നടക്കുന്നത്.

ലിയോ മെസ്സിയെ കൊണ്ടുവരാനുള്ള ലാലിഗയുടെ അനുമതി ലഭിക്കുവാൻ കാത്തിരുന്ന എഫ്സി ബാഴ്‌സലോണ നേതൃത്വം ഇന്ന് ലാലിഗയുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിൽ ലാലിഗയുടെ ഭാഗത്ത്‌ നിന്നും ബാഴ്‌സലോണയുടെ ഫിനാൻഷ്യൽ ഫീസിബിലിറ്റി പ്ലാനുകൾക്ക് അനുമതി ലഭിച്ചിരുന്നു. അനുമതി ലഭിച്ചതോടെ ലിയോ മെസ്സിയെ തിരികെ കൊണ്ടുവരാൻ ബാഴ്‌സലോണക്ക് മുൻപിൽ വഴികൾ തെളിഞ്ഞു.

അതിനാൽ തന്നെ ലാലിഗയുടെ അനുമതി ലഭിച്ചതിന് ശേഷം ലിയോ മെസ്സിയുടെ പിതാവും ഏജന്റുമായ ജോർജെ മെസ്സിയുമായി ബാഴ്‌സലോണ മീറ്റിംഗ് നടത്തിയ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ബാഴ്‌സലോണ പ്രസിഡന്റായ ലപോർട്ടയുമായാണ് മീറ്റിങ് നടന്നത്. ലിയോ മെസ്സിയുടെ തിരിച്ചുവരവിനെ സംബന്ധിച്ച് നടന്ന ഈ മീറ്റിംഗ് വളരെ പോസിറ്റീവ് ആയിട്ടാണ് അവസാനിച്ചത്.

ഈ മീറ്റിംഗിന് ശേഷം ലിയോ മെസ്സിയുടെ പിതാവ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് : “ലിയോ മെസ്സി ബാഴ്സലോണയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നുണ്ട്, അവൻ ബാഴ്‌സയിലേക്ക് വരുന്നത് കാണാൻ എനിക്കും സന്തോഷമുണ്ട്. ബാഴ്സലോണയിലേക്ക് തിരികെയെത്തുന്നത് മികച്ച ഒരു ഓപ്ഷനാണ്, മെസ്സിയുടെ ഭാവി ഉടനെ തന്നെ നിങ്ങൾക്കറിയാൻ കഴിയും.” – ജോർജെ മെസ്സി പറഞ്ഞു.

ലിയോ മെസ്സിയുടെ പിതാവും ഏജന്റുമായ ജോർജെ മെസ്സിയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത് ബാഴ്സലോണയുമായി നടത്തിയ മീറ്റിങ്ങിനൊടുവിൽ ലിയോ മെസ്സി ബാഴ്സയിലേക്ക് തിരികെ വരുന്നതിന് വളരെ അരികിലാണ്. വരുന്ന മണിക്കൂറുകളിൽ ലിയോ മെസ്സിയുടെ ഭാവി ഉടനെ തന്നെ അറിയാൻ കഴിയാമെന്നാണ് അദ്ദേഹം പറഞ്ഞത്.