അന്റോനല്ലയും മക്കളും പറയുന്നു : ബാഴ്‌സലോണ മതി!! മെസ്സി ട്രാൻസ്ഫറിൽ പുതിയ അപ്ഡേറ്റുകൾ

രണ്ട് വർഷത്തെ പാരിസ് സെന്റ് ജർമയിൻ കരിയർ കഴിഞ്ഞ അർജന്റീന നായകൻ ലിയോ മെസ്സിയുടെ ഭാവി സംബന്ധിച്ച് അവസാന മണിക്കൂറുകളിൽ വമ്പൻ ട്വിസ്റ്റുകളാണ് സംഭവിക്കുന്നത്. ലാലിഗ നിയമങ്ങളും മറ്റും കാരണം ബാഴ്സലോണയിലേക്ക് താരം എത്താൻ സാധ്യതകളില്ലെന്നായിരുന്നു ആരാധകർ വിചാരിച്ചത്.

കോടിക്കണക്കിനു പണവുമായി സൗദി ലീഗിൽ നിന്നും അൽ ഹിലാൽ രംഗത്ത് വന്നതോടെ കൂടി ബാഴ്‌സ കിട്ടിയില്ലെങ്കിൽ സൗദി എന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ട് പോയത്. എന്നാൽ അവസാന നിമിഷങ്ങളിൽ ലാലിഗയുമായി എഫ്സി ബാഴ്സലോണ നടത്തിയ ചർച്ചകൾക്കൊടുവിൽ ബാഴ്‌സലോണയുടെ പ്ലാനുകൾക്ക് ലാലിഗ അനുമതി നൽകിയതോടെ മെസ്സി ട്രാൻസ്ഫർ ഓൺ ആയി.

ഇതിന് പിന്നാലെ ലിയോ മെസ്സിയുടെ ഏജന്റും പിതാവുമായ ജോർജെ മെസ്സി ബാഴ്‌സ പ്രസിഡന്റായ ലപോർട്ടയുമായി നടത്തിയ ചർച്ചകൾ പോസിറ്റീവ് നിലയിലാണ് അവസാനിച്ചത്. എന്തായാലും ലിയോ മെസ്സിയുടെ ബാഴ്സലോണ ട്രാൻസ്ഫറിൽ വലിയൊരു പങ്ക് വഹിക്കുന്നത് ഭാര്യയായ അന്റോനല്ലയും മക്കളുമാണ്.

റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സലോണയിലേക്കുള്ള ട്രാൻസ്ഫറിൽ അന്റോനല്ല ലിയോ മെസ്സിയെ പുഷ് ചെയുന്നുണ്ട്. മെസ്സിയുടെ മക്കൾക്ക് പാരിസിലെ തങ്ങളുടെ സമയത്ത് മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്, ജനിച്ചു വളർന്ന ബാഴ്‌സലോണയിലേക്ക് തന്നെ മക്കളെ തിരികെകൊണ്ടുവരാനാണ് മെസ്സിയുടെ ഭാര്യയും ആവശ്യപ്പെടുന്നത് എന്നാണ് സ്പാനിഷ് മാധ്യമപ്രവർത്തകൻ ജെറാർഡ് മോറീനോയൂടെ റിപ്പോർട്ട്‌.

ലിയോ മെസ്സിയുടെ ഭാവി സംബന്ധിച്ച് നിർണ്ണായകമായ മണിക്കൂറുകളാണ് മുന്നിലുള്ളത്. ബാഴ്‌സലോണ ഒരു ഒഫീഷ്യൽ ഓഫർ നൽകിയാൽ ലിയോ മെസ്സി എഫ്സി ബാഴ്‌സലോണയിലേക്ക് തിരികെയെത്തും. മെസ്സി തിരികെ ബാഴ്‌സലോണയിൽ വരുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്ന് ഏജന്റ് വെളിപ്പെടുത്തിയിരുന്നു.