ആഗ്രഹങ്ങൾ സഫലമാകുന്നു; ബാഴ്സയിലേക്ക് ഐതിഹാസിക തിരിച്ച് വരവിനൊരുങ്ങി മെസ്സി |Lionel Messi

ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്തകൾ സമീപകാലത്തായി ശക്തി പ്രാപിച്ചിരുന്നു. മേജർ ലീഗ് സോക്കറിൽ പ്ലേ ഓഫ് റൗണ്ടിൽ എത്താത്ത ടീമുകളിലെ താരങ്ങൾക്ക് മറ്റു ലീഗുകളിലെ ക്ലബ്ബുകൾക്കായി ലോൺ വ്യവസ്ഥയിൽ കളിക്കാമെന്ന എംഎൽഎസ് റൂൾ തന്നെയാണ് മെസ്സിയുടെ ബാഴ്സ വാർത്തകൾക്ക് ശക്തി പ്രാപിക്കാൻ കാരണം.

ഇന്ന് നടന്ന മേജർ ലീഗ് സോക്കർ മത്സരത്തിൽ ഇന്റർ മയാമി എഫ്സി സിൻസിന്നാറ്റിയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതോടെ മയാമിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ പൂർണമായും അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്ന വാർത്ത വീണ്ടും ശക്തി പ്രാപിച്ചത്. 2024 ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മെസ്സി ബാഴ്സയിൽ എത്തുമെന്നാണ് പ്രബല റിപ്പോർട്ടുകൾ.

നേരത്തെ മേജർ ലീഗ് സോക്കറിൽ കളിച്ചിരുന്ന ഡേവിഡ് ബെക്കാം, തിയറി ഹെൻറി എന്നിവർ തങ്ങളുടെ ടീം പ്ലേ ഓഫ് റൗണ്ടിൽ എത്താത്തതോടെ യൂറോപ്യൻ ക്ലബ്ബുകളിൽ ലോൺ വ്യവസ്ഥയിൽ കളിച്ചിരുന്നു.2011 സീസണിൽ ന്യൂ യോർക്ക് റെഡ് ബുൾസ് പ്ലേ ഓഫിൽ എത്താത്ത സാഹചര്യത്തിൽ അന്ന് ന്യൂ യോർക്ക് റെഡ് ബുൾസിന് വേണ്ടി കളിച്ച തിയറി ഹെൻറി തന്റെ പ്രിയ ക്ലബ്ബായ ആഴ്സനലിലേക്ക് ലോൺ അടിസ്ഥാനത്തിൽ പോയിരുന്നു.2009 ലും 2010 ലും എൽഎ ഗാലക്സിയിൽ കളിച്ചിരുന്നു ഡേവിഡ് ബെക്കാമും ലോൺ വ്യവസ്ഥയിൽ എസി മിലാനിൽ പന്ത് തട്ടിയിരുന്നു. ഈ സാഹചര്യങ്ങൾ മുന്നിൽ നിർത്തി മെസ്സി ബാഴ്സയിലേക്ക് ലോൺ വ്യവസ്ഥയിൽ പോകാനുള്ള സാധ്യത കൂടുതലാണ്.

നേരത്തെ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ മെസ്സിയെ തിരികെയെത്തിക്കാൻ ബാഴ്സ ശ്രമിച്ചിരുന്നു. എന്നാൽ സാമ്പത്തിക നിയന്ത്രണങ്ങൾ മൂലം ബാഴ്സയ്ക്ക് മെസ്സിയെ തിരികെയെത്തിക്കാൻ സാധിച്ചിരുന്നില്ല. മെസ്സിയെ തിരികെയെത്തിക്കാൻ ബാഴ്സയ്ക്ക് ആഗ്രഹം ഉള്ളതിനാൽ മെസ്സിയെ അവർ വീണ്ടും ലോണിൽ ടീമിലെത്തിക്കാൻ ശ്രമിക്കും. ഇതോടെ ബാഴ്സയിലേക്ക് മടങ്ങണമെന്ന മെസ്സിയുടെ ആഗ്രഹവും സഫലമാകും. കൂടാതെ ഒരു വിടവാങ്ങൾ മത്സരവും മെസ്സിക്ക് ബാഴ്സയിൽ ലഭിക്കും.