മെസ്സിയില്ലാതെ ഇറങ്ങുന്ന ഇന്റർമിയാമിക്ക് വീണ്ടും തോൽവി, പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിക്കുന്നു | Lionel Messi

അമേരിക്കൻ സോക്കർ ലീഗിൽ വീണ്ടും വലിയ തോൽവി വഴങ്ങിയ ഇന്റർ മയാമിയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു. ചിക്കാഗോയാണ് ഇന്റർ മയാമിയെ തോൽപ്പിച്ചത്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ലയണൽ മെസ്സിയുടെ ക്ലബ്ബ് തോറ്റത്.

മെസ്സിയില്ലാത്ത ക്ലബ്ബ് വെറും വട്ടപ്പൂജ്യമാണ് എന്ന് വീണ്ടും തെളിയിക്കുന്ന പ്രകടനമാണ് ഇന്നും കണ്ടത്. മെസ്സി ഇല്ലാതെ ഇറങ്ങിയ മത്സരങ്ങളിലെല്ലാം ഇന്റർമയാമിക്ക് വൻ തിരിച്ചടികളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്, അവസാന 3 മത്സരങ്ങളിലും ജയിക്കാൻ കഴിഞ്ഞിട്ടില്ല, ഒരു തോൽവിയും രണ്ടു സമനിലയുമായി അവസാന മൂന്നു മത്സരങ്ങളിൽ രണ്ട് പോയിന്റ് മാത്രമാണ് നേടാൻ സാധിച്ചിട്ടുള്ളത്. ജയിച്ചിരുന്നെങ്കിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താമായിരുന്നു. യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിലും ഇന്റർമയാമി തോറ്റിരുന്നു.

ലയണൽ മെസ്സി കളിക്കാൻ ഇറങ്ങിയശേഷം ഒരൊറ്റ മത്സരം പോലും ഇന്റർമയാമി തോറ്റിട്ടുണ്ടായിരുന്നില്ല. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കിടയിലെ പരിക്ക് താരത്തെ സാരമായി ബാധിച്ചു, ക്ലബ്ബിനുവേണ്ടി നിർണായക മത്സരങ്ങൾ ഇതോടെ കളിക്കാൻ സാധിക്കാതെയായി. അമേരിക്കൻ സോക്കറിൽ ഇനി മൂന്നു മത്സരങ്ങൾ മാത്രം ബാക്കിയിരിക്കെ പ്ലേ ഓഫ് സാധ്യത തുലാസ്സിലാണ്.

ലയണൽ മെസ്സിയെ പ്രതീക്ഷിച്ച് എത്തിയ 62,000ത്തിലധികം വരുന്ന ചിക്കാഗോ കാണികൾക്ക് മുൻപിൽ മെസ്സി കളിക്കാൻ ഇറങ്ങാത്തത് ചിക്കാഗോ മുതലെടുക്കുകയായിരുന്നു, ആരാധകരുടെ ആവേശത്തിൽ കത്തി കയറിയപ്പോൾ സ്വിറ്റ്സർലാൻഡിന്റെ മുൻ ലിവർപൂൾ, ബയേൺ മ്യുണിക് താരം ശാഖിരിയുടെയും ഹൈലെ സെലാസിയുടെയും ഇരട്ട ഗോളുകൾ മികവിൽ നാലു ഗോളുകളാണ് ഇന്റർമയാമി വലയിൽ അടിച്ചു കയറ്റിയത്.മയാമിയുടെ ആശ്വാസ ഗോൾ ജോസഫ് മാർട്ടിനെസ് പെനാൽറ്റി യിലൂടെ നേടി.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 49 ആം മിനുട്ടിൽ ഫാബിയൻ ഹെർബേഴ്‌സിന്റെ ക്രോസിൽ നിന്നും മുൻ ലിവർപൂൾ താരം ഷാക്കിരി ചിക്കഗോയെ മുന്നിലെത്തിച്ചു.53-ാം മിനിറ്റിൽ മിയാമി മറുപടി നൽകി. പെനാൽറ്റി ഏരിയയിൽ ഒരു ഹാൻഡ് ബോളിന് ചിക്കാഗോ മിഡ്ഫീൽഡർ ജോനാഥൻ ഡീന് മഞ്ഞ കാർഡ് ലഭിച്ചു. തുടർന്ന് ലഭിച്ച പെനാൽറ്റി കിക്കിൽ നിന്നും ജോസഫ് മാർട്ടിനെസ് ഫയർ ഗോൾകീപ്പർ ക്രിസ് ബ്രാഡിയെ കീഴടക്കി മത്സരം സമനിലയിലാക്കി.62-ാം മിനിറ്റിൽ ഹെർബേഴ്‌സിന്റെ ത്രൂ ബോൾ സ്വീകരിച്ച് വലങ്കാൽ സ്‌ട്രൈക്കിലൂടെ ഹെയ്‌ലി-സെലാസി ചിക്കാഗോയുടെ ലീഡ് പുനഃസ്ഥാപിച്ചു.65 ആം മിനുട്ടിൽ ഹെയ്‌ലി-സെലാസി ചിക്കാഗോയുടെ മൂന്നാം ഗോൾ നേടി.73-ാം മിനിറ്റിൽ ഷാക്കിരി ചിക്കാഗോയ്ക്ക് മൂന്ന് ഗോളിന്റെ ലീഡ് നൽകി.

ഇന്റർ മയാമിയുടെ അടുത്ത മത്സരം ഈ വരുന്ന ഞായറാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ്,അമേരിക്കൻ സോക്കറിലേക്ക് ഒന്നാം സ്ഥാനത്തുള്ള സിൻസിനാറ്റിയാണ് എതിരാളികൾ.ആ മത്സരത്തിൽ ലയണൽ മെസ്സി തിരിച്ചെത്തും എന്ന് തന്നെയാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ.