മെസ്സിയുടെ ജീവവായു തന്നെ ഫുട്ബോളാണ് :പ്രശംസകൾ കൊണ്ട് മൂടി എതിർ ടീം പരിശീലകൻ.

പിഎസ്ജി ഫ്രഞ്ച് ലീഗിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ കളിക്കുക സ്ട്രാസ്ബർഗിനെതിരെയാണ്.ശനിയാഴ്ച്ച രാത്രിയാണ് ഈ മത്സരം നടക്കുക.പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഇതൊരു എവേ മത്സരമാണ്.ഈ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ പിഎസ്ജിക്ക് ലീഗ് കിരീടം ഉറപ്പിക്കാൻ സാധിക്കും.അതുകൊണ്ടുതന്നെ ജയം മാത്രമായിരിക്കും പിഎസ്ജിയുടെ ലക്ഷ്യം.

കഴിഞ്ഞ മത്സരത്തിൽ ക്ലബ്ബിനുവേണ്ടി ലയണൽ മെസ്സി കളിച്ചിരുന്നു.എംബപ്പേയുടെ ഒരു ഗോളിന് വഴി ഒരുക്കിയത് ലയണൽ മെസ്സിയായിരുന്നു.ഈ മത്സരത്തിലും പരിശീലകൻ മെസ്സിയെ ഉപയോഗപ്പെടുത്തിയേക്കും.ഫ്രഞ്ച് ലീഗിൽ തകർപ്പൻ പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്.15 ഗോളുകളും 16 അസിസ്റ്റുകളും നേടിയിട്ടുള്ള ലിയോ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ നേടിയിട്ടുള്ള രണ്ടാമത്തെ താരമാണ്.

ഈ മത്സരത്തിന് മുന്നേയുള്ള പ്രസ് കോൺഫറൻസിൽ മെസ്സിയെ പ്രശംസകൾ കൊണ്ട് പൊതിഞ്ഞിരിക്കുകയാണ് സ്ട്രാസ്ബർഗ് പരിശീലകനായ ഫെഡറിക്ക് അന്റോനെറ്റി.ലയണൽ മെസ്സിയുടെ ജീവവായു തന്നെ ഫുട്ബോളാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.മെസ്സി അധികസമയവും കളിക്കളത്തിലൂടെ നടക്കുകയാണെങ്കിലും മെസ്സിയെക്കാൾ മത്സരത്തെ മനസ്സിലാക്കുന്ന ഒരാൾ പോലും ഉണ്ടാവാറില്ലെന്നും ഈ എതിർ ടീം പരിശീലകൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

‘മെസ്സി എന്ന് പറഞ്ഞാൽ ഫുട്ബോളാണ്.അദ്ദേഹത്തിന്റെ ജീവവായു ഫുട്ബോളാണ്,അദ്ദേഹം ഫുട്ബോളാണ് ശ്വസിക്കുന്നത്.അധികസമയവും മെസ്സി കളിക്കളത്തിലൂടെ നടക്കുകയാണ് ചെയ്യുക എന്നുള്ളത് ശരിയാണ്.പക്ഷേ അദ്ദേഹമാണ് ഏറ്റവും കൂടുതൽ ആ മത്സരത്തിൽ കളിയെ മനസ്സിലാക്കുക. മത്സരത്തിൽ വെറുതെ കിടന്ന് ഓടുന്നവരെക്കാൾ കൂടുതൽ കോൺട്രിബ്യൂട്ട് ചെയ്യുക ലയണൽ മെസ്സി ആയിരിക്കും ‘ഇതാണ് എതിർ ടീം പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സി പിഎസ്ജി ജേഴ്സിയിലുള്ള അവസാന മത്സരങ്ങളിലേക്കാണ് ഇപ്പോൾ പ്രവേശിച്ചിട്ടുള്ളത്.അടുത്ത സീസണിൽ മെസ്സി പാരീസിൽ ഉണ്ടാവില്ല എന്ന കാര്യം നേരത്തെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.പിഎസ്ജിക്ക് മെസ്സിയുടെ കോൺട്രാക്ട് പുതുക്കാൻ താല്പര്യമുണ്ട്.അവർ ഓഫറും നൽകിയിട്ടുണ്ട്.പക്ഷേ അത് ഇതുവരെ ലയണൽ മെസ്സി പരിഗണിച്ചിട്ടില്ല.