രോഹിത് ശർമയെ പറ്റി ആകാശ് മധ്വാൽ പറഞ്ഞത് കേട്ടോ; ഇത് താൻ ടാ ക്യാപ്റ്റൻ

ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ വിസ്മയമാണ് ആകാശ് മദ്വാൽ എന്ന 29 കാരൻ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനുവേണ്ടി തകർപ്പൻ പ്രകടനമാണ് താരം നടത്തുന്നത്. ലക്നൗവിനെതിരെയായ എലിമിനേഷൻ മത്സരത്തിൽ താരം വീഴ്ത്തിയ അഞ്ചുവിക്കറ്റിന്റെ ബലത്തിലാണ് മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്.

ആകാശ് മധ്വാൽ എന്ന പുതിയ താരോദയത്തിന് പിന്നാലെ ചർച്ചയാകുന്നത് മുംബൈ നായകൻ രോഹിത് ശർമയുടെ മികവാണ്. രോഹിത് ശർമയുടെ കണ്ടെത്തലായാണ് മധ്വാളിനെ കണക്കാക്കുന്നത്. ഇപ്പോഴിതാ നായകൻ രോഹിത് ശർമയെ പറ്റി ആകാശ് തന്റെ പരിശീലകനോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

രോഹിത്തിനെ പറ്റി ആകാശ് പറഞ്ഞ വാക്കുകൾ ആകാശിന്റെ ആഭ്യന്തര ക്രിക്കറ്റിലെ പരിശീലകനായ മനീഷ് ജായാണ് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ്സിനോട് വെളിപ്പെടുത്തിയത്. സൺറൈസസിനെതിരായുള്ള മത്സരത്തിനു ശേഷം ഞാൻ ആകാശമായി സംസാരിച്ചിരുന്നു. അപ്പോൾ അവൻ പറഞ്ഞത് നായകൻ രോഹിത് ശർമയെ കുറിച്ചാണ്. കഴിഞ്ഞ രണ്ടുമാസമായി രോഹിത് ഭയ്യ എന്റെ പ്രകടനം മികച്ചതാക്കാൻ എന്നെ സഹായിച്ചു. എന്റെ പ്രകടനത്തിന്റെ 50 ശതമാനത്തിനും അർഹൻ രോഹിത് ഭയ്യാ തന്നെയാണ്. അദ്ദേഹം കാരണമാണ് താൻ ഐപിഎല്ലിൽ കളിക്കുന്നത് എന്നാണ് രോഹിത് ശർമയെപ്പറ്റി ആകാശ് തന്നോട് പറഞ്ഞതെന്ന് മനീഷ് ജാ വ്യക്തമാക്കുന്നു.

2019ൽ ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നെറ്റ് ബോളറായെത്തിയ ആകാശിന്റെ തലവര തെളിയുന്നത് മുംബൈ ഇന്ത്യൻസിലാണ്. 2022ൽ മുംബൈ ഇന്ത്യൻസിന്റെ നെറ്റ് ബോളറായി എത്തിയ താരത്തെ കഴിഞ്ഞവർഷം സൂര്യകുമാർ യാദവിന് പരിക്കേറ്റപ്പോഴാണ് മുംബൈ സീനിയർ സ്ക്വാഡിൽ ഉൾപ്പെടുത്തിയത്.